First, take the log out of your own eye, and then you will see clearly to take the speck out of your brother’s eye. (Matthew 7:5)
മറ്റുള്ളവരുടെ പ്രവർത്തികളിലെ ശരി തെറ്റുകൾ സദാ അവലോകനം ചെയ്യുന്നവരാണ് നമ്മൾ. വിമർശിക്കപ്പെടുവാൻ തീരെ താല്പര്യമില്ലാത്ത നമ്മൾ പക്ഷേ മറ്റുള്ളവരെ വിമർശിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. മിക്കവാറും അവസരങ്ങളിൽ മറ്റുള്ളവർ ചെയ്യുന്ന ശരികളേക്കാൾ അധികമായി അവരുടെ പ്രവർത്തികളിലെ പോരായ്മകളിലേക്കായിരിക്കും ഇത്തരം വിലയിരുത്തലുകൾ നമ്മെ കൊണ്ടെത്തിക്കുന്നത്. എന്നാൽ ഇപ്രകാരമുള്ള വിമർശനങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തലുകളായി നമ്മൾ പരിഗണിക്കാറില്ല. മറിച്ച്, മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതുവഴി അവർക്കെന്തോ വലിയ ഒരു സഹായമാണ് നമ്മൾ ചെയ്യുന്നതെന്ന ചിന്താഗതിയാണ് പലപ്പോഴും നമ്മെ നയിക്കുന്നത്
പലപ്പോഴും നമ്മൾ മറ്റുള്ളവരുടെ പ്രവൃത്തികൾ തെറ്റാണെന്നു വിധിക്കുന്നത് നമ്മുടെ പ്രവൃത്തി ശരിയാണെന്നു സ്ഥാപിക്കാനാണ്. നമ്മളുടെയും മറ്റുള്ളവരുടെയും പ്രവർത്തികളെ വഴിയും സത്യവും ജീവനുമായ, എല്ലാറ്റിലും പരിപൂർണ്ണനായ യേശുവിന്റെ വചനത്തിന്റെ വെളിച്ചത്തിൽ അവലോകനം ചെയ്യുമ്പോൾ മാത്രമേ, മറ്റുള്ളവരിലെ എന്നപോലെ നമ്മിലെയും കുറ്റങ്ങളും കുറവുകളും നമുക്ക് വെളിപ്പെട്ടു കിട്ടുകയുള്ളൂ. നമ്മിലെ പാപങ്ങളെയും പോരായ്മകളെയും കുറിച്ചുള്ള തിരിച്ചറിവ് നമുക്ക് ലഭിക്കുമ്പോഴാണ് നമ്മുടെ കാഴ്ച തെളിയുന്നത്.
നമ്മുടെ രഹസ്യപാപങ്ങൾ മറ്റുള്ളവരുടെ കാണപ്പെടുന്ന പാപങ്ങളെക്കാൾ എത്രയോ വലുതാണ് എന്നു തിരിച്ചറിയുമ്പോൾ, എല്ലാവരും പാപികളാണ്, എങ്കിലും ഞാൻ പാപികളിൽ ഒന്നാമനാണ്’ ( റോമാ 3:23, 1 തിമോത്തി 1;15) എന്ന് എളിമപ്പെട്ടു പറയാൻ നമുക്കാവും. അപ്പോൾ മറ്റുള്ളവരിലെ ചെറിയ തെറ്റുകൾ ചൂണ്ടിക്കാണിച്ച് അവരെ കുറ്റപ്പെടുത്തുന്നതിനു പകരം, പാപികളെ തേടി ഭൂമിയിലേക്കു വന്ന ജീവിക്കുന്ന ദൈവത്തിനു സജീവ സാക്ഷികളാകാൻ നമുക്ക് സാധിക്കും.
നമ്മുടെ ജീവിതത്തെ ദൈവഹിതത്തിനു അനുസൃതമായി നവീകരിക്കുന്നതിലൂടെ മറ്റുള്ളവർക്ക് അവരുടെ തെറ്റുകളെക്കുറിച്ചു ബോധ്യം നൽകാനും, ദൈവത്തിന്റെ കരുണയിൽ അഭയം പ്രാപിച്ച് അവരുടെ വഴികൾ നേരെയാക്കാനുള്ള മാതൃകയായി മാറുവാനും നമുക്ക് കഴിയും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ