തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കോവിഡ് വാക്സിന് എടുത്തവരെയുമാണ് ഇനി പ്രവേശിപ്പിക്കുകയുള്ളൂ.
പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. പരമാവധി 50 മുതല്‍ 100 പേര് വരെയേ പങ്കെടുക്കാവൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലീസിന് നല്കി.
അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കോവിഡ് പരിശോധനകള്‍ നടത്താനും തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പരിശോധന നടത്തുക എറണാകുളം ജില്ലയിലാണ്. 39,000 ഓളം പരിശോധനകളാണ് ജില്ലയില്‍ നടത്തുക.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയാകും പ്രധാനമായും പരിശോധിക്കുക. ഇതിനായി രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണം തേടാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ആശുപത്രികളില്‍ അടിയന്തര സൗകര്യങ്ങള്‍ സജ്ജമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.