
കോളേജ് അധ്യാപകനും പ്രഭാഷകനും കവിയും നിരൂപകനുമായിരുന്ന പ്രൊഫ. മാത്യു ഉലകംതറ നിത്യതയിലേക്ക് യാത്രയായി. എന്റെ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളില്‍ മാര്‍ഗദര്‍ശിയും

ഗുരുസ്ഥാനീയനുമായിരുന്നു പ്രിയപ്പെട്ട ഉലകംതറ സാര്‍. തേവരക്കോളേജിലെ മലയാളം പ്രൊഫസറായിരുന്ന അദ്ദേഹത്തെ, തേവരസ്കൂളില്‍ അധ്യാപകനായി എത്തുന്നതിനുമുമ്പേ പരിചയപ്പെട്ടിരുന്നു.
പിഒസിയുടെ മുറ്റത്തുവച്ച് 1990-ല്‍ ആദ്യമായി തമ്മില്‍ സംസാരിച്ച നിമിഷം ഇന്നും ഓര്‍മ്മയിലുണ്ട്.
ഇക്കഴിഞ്ഞ നവംബര്‍ 30-ന് മിനിക്കുട്ടിയൊന്നിച്ച് സാറിനെ കോട്ടയത്തെ വീട്ടിലെത്തി കാണുമ്പോള്‍ മങ്ങിയ ഓര്‍മ്മകള്‍ക്കിടയിലും അക്കാര്യമൊക്കെ സാര്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചു.
സാഹിത്യ-സാംസ്കാരിക-സഭാ മേഖലകളില്‍ സദാചാര-ധാര്‍മ്മിക പക്ഷപാതം തുറന്നു പ്രകടിപ്പിച്ചിരുന്ന സാറിനോട് ഒരു മനസ്സടുപ്പം അന്നേ തോന്നിയിരുന്നു. വലിയ പരിഗണനയും സ്നേഹവാത്സല്യങ്ങളും എന്നോട് പുലര്‍ത്തിപ്പോന്നതിന്റെ ഒരു തെളിവാണ് വിവാഹവേളയില്‍ നേരിട്ടുവന്ന് അനുഗ്രഹിച്ചത്.

വൈക്കം മുഹമ്മദ് ബഷീര്‍, പാലാ നാരായണന്‍നായര്‍, ശൂരനാട്ട് കുഞ്ഞന്‍പിള്ള, പോഞ്ഞിക്കര റാഫി തുടങ്ങിയ പ്രശസ്തരുടെ കൃതികള്‍ക്കൊക്കെ അവതാരികയെഴുതിയ സാറുതന്നെയാണ് എന്റെ രണ്ടാമത്തെ പുസ്തകത്തിന് അവതാരിക നല്കിയതും.
വ്യക്തിപരമായും കുടുംബപരമായും വലിയ അടുപ്പം കാണിച്ച സാറിന്റെ വീട്ടില്‍ എത്രയോ വര്‍ഷങ്ങളായി ഞാന്‍ പോകുന്നു. കവിതകള്‍ ഈണത്തില്‍ ചൊല്ലിയും സാഹിത്യരംഗത്തെ കൗതുകകരങ്ങളായ സംഭവങ്ങള്‍ വിവരിച്ചും അധ്യാപന-ആത്മീയ ദര്‍ശനങ്ങള്‍ പങ്കുവച്ചുമൊക്കെ മണിക്കൂറുകള്‍ കടന്നുപോകുന്നത് അറിയില്ല. അപ്പോഴൊക്കെ ടീച്ചറിന്റെ ഉദാരമായ സല്‍ക്കാരങ്ങള്‍ ലഭിച്ചിരുന്നതു മോര്‍ക്കുന്നു.
മിഷന് ബാലമാസികയുടെ ആഭിമുഖ്യത്തില്‍ നടത്തിപ്പോന്ന സാഹിത്യശില്പശാലകളില്‍ എന്റെ ക്ഷണം സ്വീകരിച്ച് സാര്‍ വന്ന് ക്ലാസുകള്‍ നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളത് മറക്കാനാവില്ല.
ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും സംസ്കൃതസര്‍വകലാശാല ഓണററി പ്രൊഫസറായും സമസ്ത കേരളസാഹിത്യപരിഷത്തിന്റെ കാര്യദര്‍ശിയായും പ്രവര്‍ത്തിച്ച അദ്ദേഹം നലംതികഞ്ഞ ഭാഷാധ്യാപകനായിരുന്നു.
ക്രിസ്തുഗാഥ എന്ന മഹാകാവ്യം ഉള്‍പ്പടെ ഗദ്യ-പദ്യകൃതികളില്‍ മികവു തെളിയിച്ച ഉലകംതറസാര് എന്നും ഒരു യഥാര്‍ഥ സഭാതാരം ആയിരുന്നു.
നിലപാടുതറയില്‍ സ്വന്തം ഉലകം സ്ഥാപിച്ച മഹാശയനായിരുന്ന വന്ദ്യ ഗുരുവര്യന് ഹൃദയപൂര്‍വം ആദരപ്രണാമം അര്‍പ്പിക്കുന്നു!

ഷാജി മാലിപ്പാറ
