ഉണ്ണിയേശുവിന്റെ തിരുപ്പിറവി പ്രഘോഷിച്ചുകൊണ്ടു രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ച് നീങ്ങുന്ന കരോൾ സംഘങ്ങൾ കേരളത്തിലും ക്രൈസ്തവ സാന്നിധ്യം കൂടുതലുള്ള മറ്റു ദേശങ്ങളിലും ക്രിസ്മസ് കാലത്തെ പതിവു കാഴ്ചയാണ്. സകലജനങ്ങൾക്കും വേണ്ടി ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ പിറന്നുവെന്ന സദ്‌വാർത്ത ഇടയന്മാരോട് പങ്കുവെച്ച മാലാഖാ വൃന്ദങ്ങളെയാണ് കരോൾ സംഘങ്ങൾ ഓർമ്മിപ്പിക്കുന്നത്.

”ദൈവമഹത്വവും വിശ്വശാന്തിയും” പ്രഘോഷിക്കുന്ന കരോൾ ബാൻഡ് സംഘങ്ങളെ ക്രിസ്മസ് സീസണിൽ ഇംഗ്ലണ്ടിലെ പല നഗരങ്ങളിലും കാണാം. നൂറ്റാണ്ടുകളായി പാടിപ്പതിഞ്ഞ മനോഹരമായ ഇംഗ്ലീഷ് കരോൾ ഗാനങ്ങൾ കേൾക്കാൻ വഴിയാത്രക്കാർ ചുറ്റും കൂടും. സാൽവേഷൻ ആർമിയുടെ (Salvation Army) കരോൾ ബാൻഡ് വളരെ പ്രസിദ്ധമാണ്. കൂടാതെ ഭവനരഹിതർക്കു വേണ്ടി പ്രവർത്തിക്കുന്ന “ക്രൈസിസ് യു.കെ” (Crisis UK) പ്രോസ്റ്റേറ്റ് കാൻസർ ഗവേഷണ പ്രവർത്തനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന Prostate Cancer UK എന്നീ സംഘടനകളും പണം കണ്ടെത്തുന്നതിനുള്ള ഒരു മാർഗ്ഗമായി കരോൾ സർവീസുകളെ ഉപയോഗിക്കുന്നു. കേൾവിക്കാർ സ്നേഹത്തോടെ നൽകുന്ന ചില്ലിക്കാശുകൾ ശേഖരിച്ച് വലിയ ചാരിറ്റി പ്രവർത്തനങ്ങളാണ് ഈ സംഘടനകൾ നടത്തുന്നത്.
വിളവെടുപ്പുകാലത്ത് രാത്രികളിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന പതിവ് യൂറോപ്പിലെ വിവിധ പ്രാചീന സമൂഹങ്ങളിൽ പൗരാണിക കാലഘട്ടം മുതലേ നിലനിന്നിരുന്നു. ക്രൈസ്തവ സഭയുടെ ആവിർഭാവത്തോടെ അവരുടെ ഗാനങ്ങൾക്ക് ഭക്തിയുടെ നിറം കൈവന്നു. ദേവാലയങ്ങളിൽ മുഴങ്ങുന്ന കീർത്തനങ്ങൾക്കു പുറമെ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ തിരുപ്പിറവിയെക്കുറിച്ചും രക്ഷയുടെ സന്ദേശത്തെക്കുറിച്ചുമുള്ള ഗാനങ്ങൾ ആദ്യമായി ലാറ്റിൻ ഭാഷയിലുണ്ടായി. ഈ ഗാനങ്ങൾ ക്രിസ്മസ് രാത്രിയിൽ പാടിയാനന്ദിക്കുന്നതിനെ ”കരോൾ” (Carol) എന്നു വിളിച്ചു. കരോൾ എന്ന വാക്കിൽ പാട്ടും നൃത്തവും ഉൾക്കൊള്ളുന്നു.
വിശുദ്ധ ഫ്രാൻസിസ് അസ്സീസി മുതൽ
തുടങ്ങുന്ന പുൽക്കൂടു ചരിത്രം
ക്രിസ്മസ് ആഘോഷങ്ങളുടെ ചരിത്രത്തിൽ മഹത്തായ ഒരദ്ധ്യായം സൃഷ്ടിച്ചെടുത്ത വിശുദ്ധനാണ് ഫ്രാൻസിസ് അസ്സീസി. 1223 ഡിസംബർ 24-ന് ഇറ്റലിയിലെ ഗ്രെച്ചിയോ (Greccio) എന്ന കൊച്ചുഗ്രാമത്തിൽ വിശുദ്ധൻ ഒരു അത്ഭുതമൊരുക്കി. ബേതലഹേമിലെ ദിവ്യരാത്രിയുടെ നേർച്ചിത്രം ജീവനുള്ള മനുഷ്യരെയും മൃഗങ്ങളെയും ഉപയോഗിച്ച് അദ്ദേഹം പുനഃരാവിഷ്കരിച്ചു. തണുത്തുറഞ്ഞ ആ രാത്രിയിൽ, പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ ലാളിത്യം ജനങ്ങൾക്ക് നേരിൽ കാണുവാനുള്ള അവസരമുണ്ടായി. ഈ പുൽക്കൂട്ടിൽ ഗ്രാമീണർതന്നെ ജോസഫും മേരിയും ഇടയന്മാരും ജ്ഞാനികളുമായി പുനഃരവതരിച്ചു. ദൈവദൂതന്മാരുടെ സ്ഥാനത്തു നിന്ന് കുറേപ്പേർ ദിവ്യജനനം ഘോഷിച്ചുകൊണ്ടു ഗാനങ്ങളാലപിച്ചു. സജീവമായ പുൽക്കൂടും ലളിതമായ ആ ഗാനങ്ങളും ഗ്രാമീണ ജനതയുടെ മനസ്സിനെ കീഴടക്കി.
വിശുദ്ധ ഫ്രാൻസിസ് അസ്സീസി രൂപകല്പന ചെയ്ത “പുൽക്കൂട് സുവിശേഷം” പിന്നെയുള്ള വർഷങ്ങളിൽ ഇറ്റലിയിലെ മറ്റ് ഗ്രാമങ്ങളിലും അരങ്ങേറി. കാലം മാറിയപ്പോൾ ജീവനുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും സ്ഥാനത്ത് മനോഹരമായ ശില്പങ്ങൾ നിരന്നു. പുൽക്കൂടുകളും നക്ഷത്രവിളക്കുകളും കരോൾ ഗാനങ്ങളുമായി പന്ത്രണ്ടാം നൂറ്റാണ്ട് മുതലാണ് ക്രൈസ്തവലോകം തിരുപ്പിറവി ആഘോഷിച്ച് തുടങ്ങിയത്.

“ശാന്തരാത്രി തിരുരാത്രി”:
അവിചാരിതമായി രൂപപ്പെട്ട കരോൾ ഗാനം
ലോകം കേട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും മനോഹരമായ കരോൾ ഗാനങ്ങളിൽ ഒന്നാണ് ‘Silent Night, Holy Night’ എന്ന ഗാനം. ‘ശാന്തരാത്രി തിരുരാത്രി’ എന്ന് മൊഴിമാറ്റം നടത്തി മലയാളത്തിൽ ഒരു ഗാനമുണ്ട്. എന്നാലത് ഈ ഗാനത്തിന്റെ പൂർണ്ണമായ പരിഭാഷയല്ല. ‘തുറമുഖം’ എന്ന സിനിമയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഒരു ഗാനമാണത്.
സാക്ഷാൽ ‘Silent Night, Holy Night’ എന്ന ഗാനത്തിന്റെ പിറവി ക്രിസ്മസിന് തലേന്നായിരുന്നു. 1818-ൽ ഓസ്ട്രിയയിലെ ഓബൺഡോർഫ് (Oberndorf) എന്ന ഗ്രാമത്തിലുള്ള സെന്റ് നിക്കോളാസ് കത്തോലിക്കാ ദൈവാലയത്തിൽ അവിചാരിതമായിട്ടാണ് ഈ ഗാനം പിറന്നത്. ദൈവാലയത്തിനരികിലൂടെ ഒഴുകുന്ന നദിയിലെ വെള്ളം പൊങ്ങി, പള്ളിയിലെ ഓർഗൺ (Church Organ) കേടുവന്നു. ക്രിസ്മസ് രാത്രിയുടെ ഒരുക്കങ്ങൾ നടക്കുമ്പോഴാണ് ചർച്ച് ഓർഗൺ കേടുവന്നതായി ഗായകസംഘം മനസ്സിലാക്കിയത്. പൗരാണികമായി പാടിക്കൊണ്ടിരുന്ന കരോൾ ഗാനങ്ങൾ അന്നുരാത്രിയിൽ ഓർഗാൺ ഇല്ലാതെ പാടാൻ കഴിയാത്ത സാഹചര്യം എല്ലാവരെയും നിരാശരാക്കി. വികാരിയച്ചൻ ഫാദർ ജോസഫ് മോർ (Fr Joseph Mohr) ഈ പ്രതിസന്ധി പരിഹരിക്കാൻ ആറ് വരികളുള്ള ഒരു കവിതയെഴുതി, സംഗീതാദ്ധ്യാപകനുമായിരുന്ന ഫ്രാൻസ് ഗ്രൂബർക്ക് (Franz Gruber) നൽകി. അദ്ദേഹം ഗിറ്റാറിൽ ഈ വരികൾക്ക് ഈണം നൽകി. അന്നത്തെ ക്രിസ്മസ് രാത്രിയിൽ ഗിറ്റാറിന്റെ അകമ്പടിയോടെ ആ മനോഹരഗാനം ആദ്യമായി ആലപിക്കപ്പെട്ടു. യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും ലോകത്ത് സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം നൽകി ഈ ഗാനം ലോകമെമ്പാടും പ്രചരിച്ചു.
മഞ്ഞണി രാവിന്റെ
കുളിർമ്മയുണർത്തുന്ന
ഇംഗ്ലീഷ് കരോൾ ഗാനങ്ങൾ
ഇംഗ്ലീഷ് കരോൾ ഗാനങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആശയസമ്പുഷ്ടവും ഭക്തിസാന്ദ്രവും സംഗീതമാധുര്യം പ്രസരിക്കുന്നതുമായ ഇംഗ്ലീഷ് കരോൾ ഗാനങ്ങൾ എല്ലാ ഭക്തിഗാനങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നവയാണ്. കത്തോലിക്കരും ആംഗ്ലിക്കൻസും മെതഡിസ്റ്റുകളും പ്യൂരിറ്റൻസും രചിച്ചവയാണ് ഈ കരോൾ ഗാനങ്ങൾ. ഇവ സഭാ വ്യത്യാസമില്ലാതെ എല്ലാവരും പാടുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇംഗ്ലണ്ടിലും കോളനി രാജ്യങ്ങളിലും ഈ ഗാനങ്ങൾ പ്രചാരത്തിലുണ്ട്. ഇതിൽ ‘God Rest Ye Merry, Gentlemen’ എന്ന ഗാനമാണ് ഏറ്റവും പൗരാണികമായ കരോൾ ഗാനമെന്ന് പറയപ്പെടുന്നു. രചയിതാവിനെയോ സംഗീതജ്ഞനെയോ ആർക്കും അറിയില്ല. പതിനാറാം നൂറ്റാണ്ടിലെ ‘Coventry Carol’ ഗാനം എഴുതിയത് 1591-ലാണെന്ന ചരിത്ര തെളിവുകളുണ്ട്.
ലോകം കീഴടക്കിയ കരോൾ ഗാനം:
“നിങ്ങൾക്കൊരു നല്ല ക്രിസ്തുമസും
പുതുവർഷവും ആശംസിക്കുന്നു”
ഇന്ന് ലോകത്തേറെ പ്രചാരത്തിലുള്ളത് പതിനാറാം നൂറ്റാണ്ടിലെ ഒരു കരോൾ ഗാനമാണ്. ക്രിസ്മസ് കാലത്ത് ആശംസ കൈമാറാൻ ഉപയോഗിക്കുന്ന ‘We Wish You a Merry Christmas and a Happy New Year’ എന്ന സന്ദേശത്തെ ഗാനമാക്കിയതാണ് ഈ കരോൾ ഗാനം.
ഇംഗ്ലണ്ടിലെ വെസ്റ്റ് കൺട്രി (കോൺവാൾ, ഡെവൺ, ഡോർസെറ്റ്, സോമർസെറ്റ്, ബ്രിസ്റ്റോൾ ഉൾപ്പെടുന്ന പ്രദേശം) ഭാഗങ്ങളിൽ പാവപ്പെട്ടവർ വീടുകൾ തോറും കയറിയിറങ്ങി കരോൾ ഗാനങ്ങൾ പാടുന്ന പതിവുണ്ടായിരുന്നു. ഈ സമയത്ത് വീട്ടുകാർ പലഹാരങ്ങളും പാനീയങ്ങളും നൽകി ഇവരെ പ്രോത്സാഹിപ്പിക്കുമായിരുന്നു. അന്നൊക്കെ വീട്ടുകാർക്ക് ക്രിസ്മസ് ആശംസ നേർന്നു പാടിത്തുടങ്ങിയതാണ് ഈ ഗാനമെന്ന് പറയപ്പെടുന്നു.
“പരൂസ്യ”യെ സ്മരിച്ച് എഴുതി;
‘‘എപ്പിഫനി”യിൽ ആലപിക്കുന്നു
ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്ന ദിനം എന്നതാണല്ലോ ക്രിസ്മസിന്റെ അന്തഃസത്ത. ദൈവം മനുഷ്യനായി വെളിപ്പെട്ട പ്രഥമ ആഗമനത്തെ “എപ്പിഫനി” (Epiphany) എന്ന് പറയുന്നു. എപ്പിഫനിയുടെ പശ്ചാത്തലത്തിൽ, ലോകത്തിന് കൈവന്ന വലിയ സന്തോഷമാണ് ‘Joy To The World’ എന്ന ഇംഗ്ലീഷ് കരോൾ ഗാനത്തിന്റെ ഉള്ളടക്കം. ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനും ഭാഷാപണ്ഡിതനുമായിരുന്ന ഐസക് വാട്സ് (Isaac Watts) 1719-ലാണ് ഈ ഗാനം എഴുതിയത്. യഥാർത്ഥത്തിൽ ഇതൊരു കരോൾ ഗാനമായിരുന്നില്ല; 98-ാം സങ്കീർത്തനത്തെ ആസ്പദമാക്കി യേശുക്രിസ്തുവിന്റെ രണ്ടാം ആഗമനം “പരൂസ്യ”യെ ഉദ്ദേശിച്ചാണ് ഈ ഗാനമെഴുതിയത്. എന്നാൽ ഈ ഗാനത്തിലെ സംഗീതത്തിൻ്റെ പ്രത്യേകത കൊണ്ടു കരോൾ ഗാനമായി പാടി ആസ്വദിക്കാനാണ് ക്രൈസ്തവലോകം ഇഷ്ടപ്പെട്ടത്.
“ഉണ്ണിയേശുവിനെ കാണാൻ
എല്ലാവരും ഓടിവരുവിൻ”
’O Come, All Ye Faithful’ എന്ന ഗാനത്തിന്റെ ഉറവിടം ഇറ്റലിയാണ്. എന്നാൽ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ലോകമെങ്ങും പ്രചരിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ കത്തോലിക്കാ വിശ്വാസിയായിരുന്ന ജോൺ ഫ്രാൻസിസ് വെയ്ഡ് (John Francis Wade) ആണ് ഇംഗ്ലീഷിലേക്ക് ഈ ഗാനത്തെ മൊഴിമാറ്റം ചെയ്ത് സംഗീതസാന്ദ്രമായ കരോൾ ഗാനം തയ്യാറാക്കിയത്. ബെതലഹേമിൽ ഉണ്ണിയേശുവിനെ കാണുവാൻ വേഗം ഓടിയെത്തുവാൻ വിശ്വാസികളെ ക്ഷണിക്കുന്ന ആശയമാണ് ഈ ഗാനത്തിലുള്ളത്. കത്തോലിക്കാ പശ്ചാത്തലത്തിലാണ് ഈ ഗാനം പിറന്നതെങ്കിലും ഇന്ന് എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഈ ഗാനം കരോളിന് ആലപിക്കുന്നു.
കുട്ടികളെ എണ്ണം പഠിപ്പിക്കാനും
കരോൾ ഗാനം
“ക്രിസ്മസിന്റെ പന്ത്രണ്ട് ദിനങ്ങൾ” (The Twelve Days of Christmas) എന്ന ഗാനം അല്പം തമാശ നിറഞ്ഞതും നഴ്സറി മുതൽ കുട്ടികൾ പാടുന്നതുമാണ്. കുട്ടികളെ എണ്ണം പഠിപ്പിക്കാനും നഴ്സറി ടീച്ചർമാർ ഈ കരോൾ ഗാനം ഉപയോഗിക്കുന്നു. ക്രിസ്മസ് ദിനം മുതൽ ദനഹാ തിരുനാൾ വരെയുള്ള പന്ത്രണ്ട് ദിനങ്ങളിൽ ഓരോ ദിവസവും ലഭിക്കുന്ന സമ്മാനങ്ങളുമാണ് ഈ ഗാനത്തിൻ്റെ ഇതിവൃത്തം. ‘A Partridge in a Pear Tree’ എന്നത് യേശുക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്. എല്ലാ ദിവസവും ഈ സമ്മാനവും ഇതുപോലെ ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട മറ്റു സമ്മാനങ്ങളും ലഭിക്കുമെന്ന് ഈ ഗാനം കുട്ടികളെ ഓർമ്മിപ്പിക്കുന്നു.
“യഹൂദ്യായിലെ ഒരു ഗ്രാമത്തിൽ”
“പൈതലാം യേശുവേ…”
മലയാളികൾ കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഓരോ ക്രിസ്മസ് രാവിലും കേൾക്കുന്ന ഗാനമാണ് ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’ എന്ന മനോഹരമായ ഗാനം. ഇതൊരു കരോൾ ഗാനമല്ലെങ്കിലും തിരുപ്പിറവിയുടെ പശ്ചാത്തലം മുഴുവൻ ആവാഹിച്ചെടുത്ത ഒരു ഗാനമാണിത്. ‘പൈതലാം യേശുവേ’ എന്ന ഗാനവും കരോൾ ഗാനത്തിൽ ഉൾപ്പെടുന്നില്ലെങ്കിലും പുൽക്കൂടും തിരുപ്പിറവിയും മാലാഖമാരുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഈ ഗാനം ബെതലഹേമിലെ പുൽക്കൂടിനെ നമ്മുടെ ഹൃദയങ്ങളിൽ പുനഃരാവിഷ്കരിക്കാൻ പര്യാപ്തമാണ്. വർഷംതോറും മലയാളത്തിൽ നിരവധി കരോൾ ഗാനങ്ങൾ പുറത്തിറങ്ങാറുണ്ടെങ്കിലും കാലത്തെ അതിജീവിക്കാൻ കഴിഞ്ഞവ വിരളമാണ്.
ബെതലഹേം പുൽക്കൂട്ടിൽ പിറന്ന ദിവ്യപൈതൽ നൽകുന്ന സമാധാനം ഓരോ കരോൾ ഗാനത്തിലും അലിഞ്ഞുചേർന്നിട്ടുണ്ട്. ഇറ്റലിയിൽ സെന്റ് ഫ്രാൻസിസ് തുടക്കമിട്ട പുൽക്കൂടും തിരുപ്പിറവിയുടെ ആഹ്ളാദം വിളിച്ചോതുന്ന കരോൾ ഗാനങ്ങളും ചേരുമ്പോൾ ദൈവപുത്രൻ്റെ പിളളത്തൊട്ടിൽ നമുക്കൊരു വർത്തമാനകാല യാഥാർത്ഥ്യമായി മാറുന്നു.

മാത്യു ചെമ്പുകണ്ടത്തിൽ
