ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. ദൈവത്തിൽ വിശ്വസിക്കുകയും ഒരിക്കലും ലജ്ജിച്ചുപോകാതിരിക്കുകയും ചെയ്ത നിരവധി വ്യക്തികളെക്കുറിച്ച് തിരുവചനം പറയുന്നു. പഴയനിയമ പ്രവാചകൻമാരായ അബ്രാഹം, ദാവീദ്, ജോസഫ്, നെഹമിയാ, ദാനീയേൽ എന്നിവർ പൂർണ്ണമായും ദൈവത്തിൽ വിശ്വാസിച്ചു. ജീവിതത്തിന്റെ തകർന്ന അവസ്ഥയിലും ദൈവം അവരെ കരുതി. ദൈവാനുഗ്രഹത്താൽ ദൈവം അവരെ നിറച്ചു.
പ്രശ്നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും, ജോലി മേഖലകളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ കൂടെയുണ്ട്; സർവശക്തനായ ദൈവം. ആ ദൈവത്തിലേക്ക് പൂർണ ആശ്രയമനോഭാവത്തോടെ തിരിയുക. ദൈവമേ, ഈ പ്രതിസന്ധിയിൽ ഞങ്ങളെ സഹായിക്കുവാൻ മറ്റാരുമില്ല എന്ന് കണ്ണീരോടെ ഏറ്റുപറയുക.
നമ്മുടെ ജീവിതത്തിൽ ദൈവം ഇടപെടുവാൻ തടസമായ നമ്മുടെ ജീവിതത്തിലെ നിരവധിയായ വീഴ്ചകളെ ഓർത്ത് അനുതപിക്കുകയും കരുണയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, ദൈവം നമ്മെ ഏറ്റെടുത്ത് വഴിനടത്തുന്ന അനുഭവം തീർച്ചയായും ഉണ്ടാകും. ജീവിതത്തിൽ തകരുന്ന ജീവിതസാഹചര്യങ്ങളിൽ കൂടി നാം കടന്നു പോകുന്നുണ്ടാകും. നാളെ എന്ന ദിവസത്തെ എങ്ങനെ അഭിമുഖീകരിക്കും എന്നു ചിന്തിക്കുന്നവർ ഉണ്ടാകാം. എന്നാൽ നമ്മുടെ ഏത് സാഹചര്യത്തിലും നമ്മുടെ ജീവനെ താങ്ങി നിർത്തുവാൻ കർത്താവ് നമ്മളോട് കൂടി ഉണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കർത്താവ് നമ്മുടെ സഹായകനാകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ