നിലപാടുകളില്ലാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരളം.
പൊതുസമൂഹത്തിന് പൊതുവായി അനുവദിക്കുന്ന സ്വാതന്ത്ര്യം തുല്യമായി സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അനുഭവിക്കാൻ കഴിയുന്നതാണ് നീതി. എന്നാൽ, നീതിയുടെ അളവുകോൽ ചില വിഭാഗങ്ങൾക്ക് നീളം കൂടുതലും മറ്റു സാമൂഹിക വിഭാഗങ്ങൾക്ക് നീളം കുറവുമായിരിക്കുമെന്നതിനെയാണ് നാം ഇരട്ടത്താപ്പെന്നു വിളിക്കുന്നത്. കഴിഞ്ഞ അന്പതു കൊല്ലമായി ഈ ഇരട്ടത്താപ്പിന്റെ വേദിയാണ് കേരളത്തിലെ സാംസ്കാരികരംഗം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അളവുകോലിലും കേരളത്തിൽ സാമുദായിക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരള സ്റ്റോറി എന്ന സിനിമ വസ്തുതകളെ വളച്ചൊടിക്കുന്നതിനാൽ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബോധോദയമുണ്ടായി. അതിനാൽ കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തിന്റെ അളവുകോൽകഴിഞ്ഞ 50 വർഷമായി കേരളത്തിൽ ഇടതുപക്ഷ ചിന്തകർ മറ്റൊരു അളവുകോലാണ് ഉപയോഗിക്കുന്നത്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പേരിൽ ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല്ലായ യേശുക്രിസ്തുവിനെ വിഷയലന്പടനായി ചിത്രീകരിക്കുന്ന നാടകം നിരോധിക്കണമെന്ന് ക്രൈസ്തവർ ഒന്നടങ്കം ആവശ്യപ്പെട്ടപ്പോൾ അതിനെ നിഷേധിച്ചവരാണ് ഇടതുപക്ഷം. മാത്രമല്ല, കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധി കല്പിക്കുന്നവർ വലതുപക്ഷ ഫാസിസ്റ്റുകളാണെന്ന ചാപ്പയും കുത്തി.
എം.എഫ്. ഹുസൈൻ എന്ന വിശ്വപ്രസിദ്ധ ചിത്രകാരൻ, ഹിന്ദുക്കൾ ആരാധിക്കുന്ന സരസ്വതീദേവിയുടെ നഗ്നചിത്രം വരച്ച് ഹിന്ദുമത വിശ്വാസികളെ അവഹേളിച്ചപ്പോൾ ജനങ്ങൾ പ്രതികരിച്ചു. ഇതിനെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വലതുപക്ഷ ഫാസിസ്റ്റുകൾ എന്ന ചാപ്പയാണ് ഇടതുപക്ഷം നൽകിയത്. എന്നാൽ, മുഹമ്മദ് നബിയുടെ ചിത്രം ആരെങ്കിലും വരച്ചാൽ അതിനെതിരേ പ്രതികരിക്കുന്നവർ ഇടതുപക്ഷ പുരോഗമനവാദികളാണ്. ഇവിടെയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡത്തിന് കേരളത്തിൽ സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. “ഞങ്ങൾ എന്തു ചെയ്താലും പറഞ്ഞാലും അത് ആവിഷ്കാരസ്വാതന്ത്ര്യം; നിങ്ങൾ എന്തു ചെയ്താലും അതു വലതുപക്ഷ ഫാസിസം” എന്ന നിലപാടുതന്നെയാണ് ഫാസിസം. മതരാഷ്ട്ര സിദ്ധാന്തം പാവനമായി പൂജിക്കുന്ന എല്ലാ പാർട്ടികളോടും സമൂഹങ്ങളോടും ഞങ്ങൾക്ക് വെറുപ്പാണ് എന്നു പറയാൻ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ തയാറാണോ? ഹിന്ദുക്കൾ മതരാഷ്ട്രവാദം ഉന്നയിച്ചാൽ വർഗീയ ഫാസിസം, ഇസ്ലാം മതരാഷ്ട്രവാദം ഉന്നയിച്ചാൽ പുരോഗമനം എന്ന നിലപാടാണ് തെറ്റായിരിക്കുന്നത്.
ഏറ്റവും നീചമായി തോന്നുന്നത് ക്രൈസ്തവരുടെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന അംശവടിയിൽ അടിവസ്ത്രം വരച്ചുവച്ച് അവഹേളിച്ച കാർട്ടൂൺ ചിത്രമാണ്. ഈ ചിത്രത്തിന് ഒന്നാം സമ്മാനം നൽകി ആദരിച്ചത് ക്രൈസ്തവരോടുള്ള അവഹേളനമായിരുന്നു. ഏറ്റവും ഒടുവിൽ ‘കക്കുകളി’ നാടകം ക്രൈസ്തവസന്യാസത്തെ കരിവാരിത്തേയ്ക്കുന്നതാണെന്നും നാടകം നിരോധിക്കണമെന്നും ക്രൈസ്തവർ ആവശ്യപ്പെട്ടു. ആ മുറവിളിയെ അവഗണിച്ച് നാടകത്തിന്റെ അവതരണത്തിന് എല്ലാ സംരക്ഷണവും നൽകുമെന്നും എഐവൈഎഫ്, ഡിവൈഎഫ്ഐ മുതലായ സംഘടനകൾ പ്രസ്താവിച്ചു. എന്നാൽ കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങുന്നതിനു മുന്പേ ആ സിനിമ വർഗീയ ധ്രുവീകരണം സൃഷ്ടിക്കും എന്നു പ്രസ്താവിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിന് സംവരണം നൽകാനുള്ള ഇടതു-വലതു നേതാക്കളുടെ നീക്കം അപലപനീയമാണ്.
വോട്ടുബാങ്ക് രാഷ്ട്രീയം രാഷ്ട്രത്തെ നശിപ്പിക്കും
കേരളത്തിൽ ക്രൈസ്തവർക്ക് തങ്ങൾ സുരക്ഷിതരല്ലെന്നു തോന്നുന്നുവെങ്കിൽ അതിൽ അദ്ഭുതപ്പെടാനില്ല. അത് കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ വോട്ടുബാങ്ക് പ്രീണനത്തിൽനിന്നു രൂപംകൊണ്ടതാണ്. ക്രൈസ്തവസമൂഹത്തിന്റെയും ഹിന്ദുസമൂഹത്തിന്റെയും സൂചകങ്ങളെ നിന്ദിക്കാൻ സ്വാതന്ത്ര്യം അനുവദിക്കുന്നതും ഇസ്ലാമിന്റെ സൂചകങ്ങളെ വിമർശനത്തിന് അതീതം എന്ന് പ്രഖ്യാപിക്കുന്നതും ഇരട്ടത്താപ്പാണ്. ഇസ്ലാമിക് സ്റ്റേറ്റ് എന്നത് ഒരു ഭീകരസംഘടനയാണെന്നും അതിന്റെ കേരളത്തിലെ റിക്രൂട്ടിംഗ് സെല്ലുകൾ അപകടകരമാണെന്നും പരസ്യമായി പറയാൻ കേരളത്തിലെ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ധൈര്യമുണ്ടോ?
മാത്രമല്ല, കേരളത്തിലെ ഇസ്ലാം മതവിശ്വാസികളോടും ഞങ്ങൾക്ക് അഭ്യർഥിക്കാനുള്ളത് തീവ്രവാദത്തെ നിങ്ങൾ പരസ്യമായി തള്ളിപ്പറയണം എന്നാണ്. വളരെ ചെറിയ ശതമാനം മാത്രം വരുന്ന തീവ്രവാദികൾ മുഴുവൻ ഇസ്ലാം സമൂഹത്തിനും പൊതുസമൂഹത്തിന്റെ മുന്നിൽ മോശം പ്രതിഛായ നൽകുന്നു.
പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടത് തീവ്രവാദ സംഘടനയായതുകൊണ്ടാണ്. ആ സംഘടനയെ നിരോധിച്ചത് സമാധാനകാംക്ഷികളായ ഇസ്ലാം സഹോദരന്മാർക്ക് നല്ലതാണ്.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ശിപാർശ ചെയ്യില്ല. കാരണം, അവർ തീവ്രവാദികളുടെ സ്വാധീനത്തെ ഭയക്കുന്നു. അവരുടെ വോട്ടു നേടി അധികാരത്തിൽ തുടരാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് ധൈര്യമില്ലെങ്കിൽ അണികൾക്ക് സുരക്ഷിതത്വം അനുഭവിക്കാൻ കഴിയില്ല. കക്കുകളി എന്ന നാടകത്തിനോടും കേരള സ്റ്റോറി എന്ന സിനിമയോടും ഇടതു-വലതു മുന്നണികൾ കാണിക്കുന്ന ഇരട്ട മാനദണ്ഡം പല പാർട്ടികൾക്കും കേരളത്തിൽ അന്ത്യംകുറിക്കും എന്ന് ഓർമിക്കുന്നത് നന്നായിരിക്കും
ഡോ. കെ.എം. ഫ്രാൻസിസ്
(ദീപിക ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചത്)