രക്തബന്ധമായും കർമബന്ധമായും കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി നിനച്ചിരിക്കാത്ത സമയങ്ങളിൽ കൂടണയുമ്പോൾ, ജീവിതത്തെക്കുറിച്ചല്ല, കൂടപ്പിറപ്പുകൾ ഏറെ വസിക്കുന്ന ആ നിത്യവസതിയെകുറിച്ചാണ് ചിന്തിക്കുന്നത്. ജീവിതം പോലെത്തന്നെ മാധുര്യമാകും കടന്നുപോകലും!
ബെന്നി എണ്ണക്കാപ്പിള്ളി അച്ചൻ ക്രിസ്തുവിന്റെ നല്ലൊരു പടയാളിയായിരുന്നു. വിശുദ്ധ പൗലോസിന്റെ ഭാഷയിൽ തന്നെ സൈന്യത്തിൽ ചേർത്തവന്റെ ഇഷ്ടം നിറവേറ്റുക എന്നതിൽപരം ഒന്നിലും ആനന്ദം കണ്ടെത്താത്ത മനുഷ്യൻ. അധികാരങ്ങൾ അലങ്കാരമായിപോലും ധരിക്കാൻ ഇഷ്ടപ്പെടാതെ, വിശ്വാസത്തിന്റെ ഓട്ടം പൂർത്തിയാക്കിയവൻ. തന്റെ പ്രാണപ്രിയനായ ക്രിസ്തുവിനു സാക്ഷ്യം നൽകുന്നതിൽ ഒരിക്കലും ലജിക്കാത്ത ജേഷ്ഠസഹോദരൻ.
ആറ്റുതീരത്തു നട്ട വൃക്ഷംപോലെ ആയിരുന്നു ബെന്നിയച്ചൻ. നീർച്ചാലിൽ വേരൂന്നി നിന്നതിനാൽ വേനലിലും ഫലവും തണലും തന്ന മരം. സാഹചര്യങ്ങൾ അനുകൂലമെങ്കിലും അല്ലെങ്കിലും ബെന്നിഅച്ചൻ ഓടിക്കൊണ്ടേയിരുന്നു. കഴിഞ്ഞയാണ്ടിൽ ആലുവ ബൈബിൾ കൺവെൻഷൻ അച്ചൻ നയിച്ചത് ഓർക്കുന്നു. വെരിക്കോസിന്റെ വേദനയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്ന സമയത്തു, സായാഹ്നങ്ങളിൽ അച്ചൻ സ്റ്റേജിൽ ഉണ്ടാകും. പിന്നെ പോയി ആശുപത്രിയിൽ പോയികിടക്കും. തന്റെ നിയോഗം പൂർത്തിയാക്കാൻ സുവിശേഷത്തിനുവേണ്ടി കഷ്ടപ്പെടാൻ മടിയില്ലാത്ത ബെന്നി അച്ചനെ സ്വികരിക്കാൻ മാലാഖമാർ തിടുക്കം കൂട്ടുന്നുണ്ടാകണം. ഏറ്റവും അധികംപേർ തോൽക്കുന്ന ജീവിതമെന്ന പരീക്ഷയിൽ ബെന്നിയച്ചൻ വിജയാളിയാണ്. സംശയമില്ല. സ്വന്തം നിയോഗമറിഞ്ഞു ഓടിയവൻ.
ഒരാൾക്ക് ഒരാപത്തു വന്നു എന്നറിഞ്ഞാൽ കയ്യഴിഞ്ഞു സഹായിച്ചും, മയ്യഴിഞ്ഞു ദൈവത്തിനുമുൻപിൽ തപസുചെയ്തും ഒട്ടേറെ സഹോദരങ്ങൾക്കു തുണയായ അച്ചനെ എങ്ങനെ മറക്കാനാണ്! പ്രത്യേകിച്ച് കറുകുറ്റിക്കാരും ആലുവക്കാരും.
ഫാ .റോയി പാലാട്ടി