ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന് നാളെ 75 വയസ് പൂർത്തിയാകുന്നു.
കണ്ണൂർ: തലശേരി അതിരൂപതാധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ വൈസ് പ്രസിഡന്റുമായ ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന് നാളെ 75 വയസ് പൂർത്തിയാകുന്നു. ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. അതിരൂപതാകേന്ദ്രത്തിലെ വൈദികരോടൊപ്പം രാവിലെ ആർച്ച്ബിഷപ്സ് ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കും. പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണജൂബിലി വർഷം കൂടിയാണ് മാർ ജോർജ് ഞറളക്കാട്ടിന് ഈ വർഷം.
തലശേരി അതിരൂപതയുടെ തൃതീയ അധ്യക്ഷനായി 2014 ഒക്ടോബർ 30നാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. മലബാർ മേഖലയിലെ ക്രൈസ്തവസമൂഹത്തിനു മുഴുവൻ നേതൃത്വം കൊടുക്കുന്ന നല്ല ഇടയനാണ് മാർ ജോർജ് ഞറളക്കാട്ട്. ആത്മീയമേഖലയിൽ മാത്രമല്ല, സാമൂഹ്യസാംസ്കാരികരാഷ്ട്രീയ മേഖലകളിലും അദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ട്. കർഷകരുടെ ഉന്നമനത്തിനുവേണ്ടിയും അവകാശങ്ങൾക്കുവേണ്ടിയുമുള്ള പോരാട്ടങ്ങൾക്ക് ധീരമായ നേതൃത്വം കൊടുത്തുകൊണ്ടാണ് മാർ ജോർജ് ഞറളക്കാട്ട് ശ്രദ്ധേയനാകുന്നത്.
കോതമംഗലം രൂപതയിലെ ആരക്കുഴയിൽ 1946 ജൂണ് 23ന് ഞറളക്കാട്ട് വർക്കി-മേരി ദന്പതികളുടെ മകനായി മാർ ജോർജ് ഞറളക്കാട്ട് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ആരക്കുഴയിലായിരുന്നു. 1960ൽ അദ്ദേഹത്തിന്റെ കുടുംബം വയനാട്ടിലെ നടവയലിലേക്കു കുടിയേറി. നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി പാസായശേഷം തലശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ വൈദികപഠനത്തിനായി ചേർന്നു. ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി തലശേരി രൂപതയ്ക്കുവേണ്ടി 1971 ഡിസംബർ 20ന് പുണ്യസ്മരണാർഹനായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം.
കണിച്ചാർ ഇടവകയിൽ സഹവികാരിയായിട്ടായിരുന്നു ആദ്യനിയമനം. പിന്നീട് വയനാട്ടിലുള്ള അരിഞ്ചേർമല, കണിയാന്പറ്റ ഇടവകകളുടെ വികാരിയായി. 1973ൽ മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ ആ രൂപതയിൽ ചേർന്ന് ഇടവക വികാരി, മിഷൻലീഗ് ഡയറക്ടർ, അതിരൂപത പ്രൊക്യുറേറ്റർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ, വികാരി ജനറാൾ തുടങ്ങിയ നിലകളിൽ സേവനം ചെയ്തു. മാനന്തവാടി രൂപതാധ്യക്ഷൻ മാർ എമ്മാനുവേൽ പോത്തനാമൂഴിയുടെ ആകസ്മിക നിര്യാണത്തെത്തുടർന്ന് ഒഴിവ് വന്നപ്പോൾ രൂപതാ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.
2008ൽ ഭദ്രാവതി രൂപത സ്ഥാപിതമായപ്പോൾ അവിടെ ആദ്യത്തെ വികാരി ജനറാളായി. 2010ൽ മാണ്ഡ്യ ആസ്ഥാനമാക്കി പുതിയ രൂപതയുണ്ടായപ്പോൾ അവിടെ പ്രഥമ മെത്രാനായി നിയമിതനാകുകയും 2010 ഏപ്രിൽ ഏഴിന് തലശേരി ആർച്ച്ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റത്തിൽനിന്ന് മെത്രാഭിഷേകം സ്വീകരിക്കുകയും ചെയ്തു. ബംഗളൂരു നഗരം ഉൾപ്പെടുന്ന മാണ്ഡ്യ രൂപതയ്ക്ക് രൂപഭാവങ്ങൾ ഉണ്ടാക്കിയെടുത്തത് മാർ ഞറളക്കാട്ടിന്റെ അക്ഷീണപ്രയത്നം മൂലമാണ്.
മതബോധന ദൈവശാസ്ത്രത്തിൽ റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള മാർ ജോർജ് ഞറളക്കാട്ട് സീറോ മലബാർ മതബോധനകമ്മീഷൻ ചെയർമാൻ, കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ, കുന്നോത്ത് ഗുഡ്ഷെപ്പഡ് സെമിനാരി കമ്മീഷൻ ചെയർമാൻ, ദൈവവിളി കമ്മീഷൻ അംഗം, സീറോ മലബാർ സ്ഥിരം സിനഡ് അംഗം എന്നീനിലകളിലും പ്രവർത്തിച്ചുവരുന്നു.
ആശംസകൾ