ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം സന്ദർശിക്കണമെന്നാണ് നിയമം. സുവിശേഷം പറയുന്നു യേശുവിൻ്റെ മാതാപിതാക്കൾ എല്ലാ വർഷവും പെസഹാ ആഘോഷത്തിനായി ജറുസലേമിൽ പോകുമായിരുന്നു.
നസ്രത്തിലെ കുടുംബത്തിൻ്റെ കഠിനവും പ്രയാസകരവുമായ ഒരു സാഹചര്യമാണ് സുവിശേഷം ചിത്രീകരിക്കുന്നത്. ഇത് ചരിത്രപരമാകണമെന്നില്ല. ദൈവശാസ്ത്രപരമാണ്. വസ്തുതയല്ല, സത്യമാണ് സുവിശേഷം അവതരിപ്പിക്കുന്നത്. അതിൽ യേശുവിനു മാത്രമേ പേരുള്ളത്. ബാക്കിയുള്ളവരെല്ലാം പ്രതിനിധി കഥാപാത്രങ്ങളാണ്. അവർക്ക് ആർക്കും പേരുകളില്ല. യേശുവിൻ്റെ മാതാപിതാക്കൾക്കു പോലും. പേരില്ലാത്ത ആ കഥാപാത്രങ്ങൾ നമ്മളുമാകാം.
യേശുവിന് പന്ത്രണ്ട് വയസ്സായി: യഹൂദ കാഴ്ചപ്പാടിൽ അത് പ്രായപൂർത്തിയാണ്. പന്ത്രണ്ടാം വയസ്സിലാണ് സാമുവൽ പ്രവാചകൻ പ്രവചിക്കാൻ തുടങ്ങിയത്. ഇതാ, സാമുവൽ പ്രവാചകനേക്കാൾ വലിയവനായ ഒരുവൻ.
“തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല”. എന്തേ യേശുവിൻ്റെ അഭാവം മാതാപിതാക്കൾ ശ്രദ്ധിക്കാതിരുന്നത്? നമുക്ക് ഉത്തരമില്ല. എല്ലാ കുടുംബങ്ങളിലും സംഭവിക്കുന്ന ഒരു അശ്രദ്ധ തന്നെയാണത്. ആരൊക്കെയോ നമ്മുടെ കുടുംബങ്ങളിലും നഷ്ടപ്പെടുന്നുണ്ട്. ആ നഷ്ടപ്പെടൽ നൊമ്പരം തന്നെയാണ്. അപ്പോൾ ഒരു അവബോധത്തിലേക്ക് നമ്മളും ഉണരണം: ആരും നമ്മുടെതല്ല, ദൈവത്തിന്റേതാണ്; നമ്മുടെ മക്കൾ പോലും. ആ സത്യം അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. എങ്കിലും ആരും നഷ്ടപ്പെടാതിരിക്കാനും ആരുടെയും സ്വപ്നങ്ങൾക്ക് തടസ്സമാകാതിരിക്കാനും ശ്രമിക്കുക.
നമ്മൾ വിചാരിക്കുന്ന ഒരു കാര്യമുണ്ട്; യേശു നമ്മുടെ യാത്രാസംഘത്തിലുണ്ടെന്ന ചിന്തയാണത്. ഒരുപക്ഷേ അവൻ നമ്മുടെ കൂടെ ഇല്ലായിരിക്കാം. യേശുവിനെ നിസ്സാരമായി എടുക്കുന്നതിൻ്റെ അപകടസാധ്യതയെക്കുറിച്ചാണ് സുവിശേഷകൻ നമ്മെ ഓർമിപ്പിക്കുന്നത്. വിശ്വാസ ജീവിതം ഒഴുക്കിനൊത്ത ഒരു ജീവിതം അല്ല. അത് നിസ്സാരമായി കാണേണ്ട ഒരു സംഗതിയും അല്ല.
യേശുവിനെ കണ്ടെത്താനാകാതെ വരുമ്പോൾ മറിയവും ജോസഫും അനുഭവിക്കുന്ന വേദന, അവനിൽ നിന്ന് അകന്നിരിക്കുമ്പോൾ നമ്മുടെയും വേദനയാകണം. നഷ്ടപ്പെട്ടവനെ അന്വേഷിച്ചു കണ്ടെത്തുകതന്നെ വേണം. അവൻ നമ്മുടെ കൂടെയില്ല എന്നു തിരിച്ചറിഞ്ഞാൽ, അവൻ ഒരു ഇടയനെ പോലെ വന്നു നമ്മെ കണ്ടെത്തുമെന്നു വിചാരിക്കരുത്. അവനെ കണ്ടെത്താൻ നമ്മൾ ഇറങ്ങി തിരിക്കണം. “ദൈവത്തെ നഷ്ടപ്പെട്ടു” എന്ന അവസ്ഥ അനാഥത്വത്തിന് തുല്യമാണ്. പലപ്രാവശ്യം നമ്മൾ ചിന്തിക്കും നമ്മുടെ പാതയിൽ അവനുണ്ടെന്ന്. ഇല്ല, ചിലപ്പോൾ ഉണ്ടായിരിക്കണമെന്നില്ല. അവൻ കൂടെയില്ല എന്നറിഞ്ഞാൽ, തിരിഞ്ഞു നടക്കാനുള്ള ആർജ്ജവവും നമുക്കുണ്ടാകണം.
സൗമ്യമായല്ല യേശു തൻ്റെ മാതാപിതാക്കളോടു പെരുമാറുന്നത്. ഒരു കൗമാരക്കാരന്റെ എല്ലാ സ്വഭാവസവിശേഷതയും അവനിലുണ്ട്. ഏതാണ്ട് ദേഷ്യത്തിലാണ്: “നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?”. സംഘർഷത്തിന്റെ തുടക്കമാണിത്. തങ്ങൾക്ക് മകനെ നഷ്ടപ്പെട്ടതായി മറിയത്തിനും ജോസഫിനും തോന്നുന്നു. അവൻ്റെ ജനനത്തെക്കുറിച്ചുള്ള പ്രഖ്യാപനം മുതൽ, മറിയത്തിന്റെയും ജോസഫിൻ്റെയും ജീവിതം സംഘർഷഭരിതം തന്നെയാണ്. മനസ്സിലാക്കാൻ ശ്രമിക്കുന്തോറും അകന്നു പോകുന്ന വാൽനക്ഷത്രം പോലെയാണ് അവരുടെ ജീവിതം. ജീവിതം എന്ന മഹാരഹസ്യം അങ്ങനെയാണ്. എല്ലാം മനസ്സിലാക്കാൻ ആർക്കാണ് സാധിക്കുക? ആർക്കും ആരെയും പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കില്ല. മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് വിശ്വസിക്കുന്നതാണ്.
എന്നിരുന്നാലും, യേശു തൻ്റെ മാതാപിതാക്കളോടൊപ്പം ഭവനത്തിലേക്ക് പോകുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം, പക്ഷേ സമയമായിട്ടില്ല. അവൻ്റെ മാതാപിതാക്കൾക്കും അറിയാം അവൻ അവരുടേതു മാത്രമല്ല എന്ന കാര്യവും. ഒരു ദിവസം അവൻ എല്ലാം ഉപേക്ഷിച്ച് പോകുമെന്നും.
ദൈവാലയത്തിലെ ഉപാധ്യായന്മാരെ ഉപേക്ഷിച്ച് യേശു ജീവിത ഗുരുക്കന്മാരോടൊപ്പം പോകുന്നു. അവൻ്റെ മാതാപിതാക്കളാണ് ആ ഗുരുക്കന്മാർ. ഏകദേശം മുപ്പത് വർഷക്കാലം അവരെ കണ്ടാണ് അവൻ മനുഷ്യനാകാൻ പഠിച്ചത്. അവരിൽ നിന്നാണ് അവൻ സുവിശേഷഭാഗ്യങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്തത്. അവർ ഹൃദയശുദ്ധിയുള്ളവരും സൗമ്യരും സമാധാന പാലകരും കരുണയുള്ളവരുമായിരുന്നു. അവരുടെ സംസാരം സുതാര്യവും രേഖീയവുമായിരുന്നു. ആ വീട്ടിലെ ഭാഷയാണ് അവൻ പ്രാർത്ഥനയിലും ഉപയോഗിച്ചത്. ദൈവം അതുകൊണ്ട് അവന് “ആബ്ബാ” ആയിരുന്നു.
മാതാപിതാക്കളോടൊപ്പമുള്ള യേശുവിൻ്റെ ജീവിതം മൗനത്താൽ മൂടപ്പെട്ടിരിക്കുന്നു. ആ നിശബ്ദത മഹത്തായ ഒരു പുതുമയെ വെളിപ്പെടുത്തുന്നുണ്ട്: ദൈനംദിന ജീവിതത്തിൻ്റെ, സാധാരണതയുടെ നിശബ്ദതയാണത്. സഹസ്രാബ്ദങ്ങളായി ഒരു രക്ഷകനെ ജനത കാത്തിരിക്കുകയായിരുന്നു, മുപ്പത് വർഷമായി അവൻ എന്താണ് ചെയ്തത്? അവൻ മാതാപിതാക്കളെ സഹായിക്കാൻ വീട്ടിൽ സമയം ചെലവഴിച്ചു. വിശുദ്ധിയുടെ പാത നമ്മുടെ ജീവിതത്തിലെ നിസ്സാരതയിൽ കുടികൊള്ളുന്നുവെന്ന് ആ നിശബ്ദത തെളിയിക്കുന്നു.
നസ്രത്തിലെ കുടുംബം നമ്മെ ഓർമിപ്പിക്കുന്ന വിശുദ്ധി സാധാരണ ജീവിതത്തിൻ്റേതാണ്. അവിടെ അടുക്കളയുടെ ആത്മീയതയുണ്ട്, കഷ്ടപ്പാടിന്റെ നിഗൂഢതയുണ്ട്, തൊഴിലിന്റെ ദൈവശാസ്ത്രമുണ്ട്. എന്നിരുന്നാലും, സുവിശേഷകൻ ചിത്രീകരിക്കുന്നത് ആ കുടുംബത്തിലെ യേശുവിൻ്റെ “കേന്ദ്രത”യാണ്. നസ്രത്തിലെ കുടുംബം വിശുദ്ധമാണ്, കാരണം അത് യേശുവിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കുടുംബമാണ് മനുഷ്യൻ്റെ ഘടനാപരമായ ഇടം. അവിടെ അവൻ ഒരിക്കലും ഏകനല്ല. തനിച്ചുമല്ല. കാരണം, അത് ത്രീയേക ദൈവത്തിൻ്റെ മറ്റൊരു രൂപമാണ്.
/// മാർട്ടിൻ N ആൻ്റണി ///