Fear him who can destroy both soul and body in hell.(Matthew 10:28)
നാം ഒരോരുത്തരുടെയും ജീവിതത്തിൽ സാധാരണ രീതിയിൽ ഭയമുണ്ടാകുന്നത് നമ്മുടെ ജീവനോ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെയും പ്രിയപ്പെട്ടവയുടെയും സുരക്ഷയ്ക്ക് ഉണ്ടായേക്കാവുന്ന ഭീഷണികളെപ്പറ്റി ചിന്തിക്കുമ്പോഴാണ്. എന്നാൽ ഇത്തരത്തിലുള്ള ഭയത്തിൽ യാതൊരു കാര്യവുമില്ലെന്നാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
നമ്മെ ശാരീരികമായി ഹനിക്കുകയോ, കൊല്ലുക പോലും ചെയ്യുന്നവരെ നമ്മൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് വചനം പഠിപ്പിക്കുന്നത്. “കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?” (സങ്കീർത്തനം 118:6).
നാം ഓരോരുത്തരും ഭൂമിയിൽ ലക്ഷ്യം വയ്ക്കേണ്ടത്, ഭൂമിയിലെ നന്മകളല്ല, സ്വർഗ്ഗീയ നിത്യത ആയിരിക്കണം. സ്വർഗ്ഗീയ നിത്യതയെ നാം ലക്ഷ്യം വയ്ക്കുമ്പോൾ, ഭൂമിയിലെ നന്മകളും നാം ഓരോരുത്തരുടെയും ജീവിതത്തിൽ വന്നുചേരും. എന്തിനുവേണ്ടിയാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നത്?
നമ്മുടെ ഈ ഭൂമിയിലെ ജീവിതം കൂടുതല്‍ സമ്പൽസമൃദ്ധമാകുവാന്‍ വേണ്ടി മാത്രമാണോ? ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള് എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ് (1 കൊറി 15:19) നാം ഒരോരുത്തരുടെയും നിത്യതയെ തടയുന്ന സാത്താനിക പരീക്ഷണങ്ങളിൽനിന്നും മാറി നിൽക്കുക.
മനുഷ്യചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ലാത്ത ഒരു മഹാകഷ്ടത്തിന്റെ ഭാഗമായിട്ടായിരിക്കും കർത്താവിന്റെ ന്യായവിധിയുടെ സമയം വരുന്നത്.
ഭൂമിയിൽ ദൈവം തന്നിരിക്കുന്ന ചെറിയ കാലഘട്ടത്തിനു വേണ്ടി നാം നെട്ടോട്ടമോടുമ്പോൾ, സ്വർഗ്ഗത്തിൽ നിത്യവാസത്തിനായി ദൈവം തന്നിരിക്കുന്ന ദൈവരാജ്യത്തിൽ നിന്ന് നാം അകന്നുമാറി കൊണ്ടിരിക്കുകയാണ്. നാം ഓരോരുത്തർക്കും കർത്താവിൻറെ ദിനത്തിന് വേണ്ടി പൂർണ്ണഹൃദയത്തോടെ ഒരുങ്ങാം. ഭൂമിയിൽ നശിക്കുന്ന ശരീരത്തെ ഓർത്ത് ഭയപ്പെടാതെ, ആൽമാവിനെയും, ശരീരത്തെയും നരകത്തിനിരയാക്കുന്നവനെ ഓർത്ത് ഭയപ്പെടാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ