‘നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക’ എന്ന് പറഞ്ഞ് അബ്രഹാമിനെ വിളിക്കുമ്പോൾ, വലിയൊരു വാഗ്ദാനം അവനായി നൽകാൻ ദൈവത്തിന്റെ പക്കൽ ഉണ്ടായിരുന്നു.

പക്ഷെ ‘വിളിക്കുള്ളിലെ വിളി’ സ്വീകരിച്ച മദർ തെരേസയെപ്പൊലെ, തൻറെ ദൈവവിളി തന്ന നിസ്സാര ആനുകൂല്യങ്ങൾ പോലും വേണ്ടെന്നുവെച്ച് സമൂഹം അധഃസ്ഥിതരായി കരുതുന്നവരിൽ ഏറ്റം നിസ്സാരരായവരെ- കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനായി ഒരു മനുഷ്യൻ ഇറങ്ങിത്തിരിച്ചത് , നിന്റെ അയൽക്കാരനെ കണ്ടെത്തി ചേർത്തുപിടിക്കാൻ പറഞ്ഞ ഗുരുമൊഴികൾ കാതിൽ അലയടിച്ചതു കൊണ്ടായിരുന്നു. വയലിൽ ഒളിഞ്ഞുകിടന്ന നിധി കണ്ടെത്തിയതുകൊണ്ട് ബാക്കിയെല്ലാം കൊടുത്ത് ആ വയൽ സ്വന്തമാക്കുന്നതിനായിരുന്നു, അല്ലെങ്കിൽ ലോകം മുഴുവൻ കൈവിട്ടപ്പോൾ, ഫാദർ ഡാമിയനെന്ന ആ മനുഷ്യന് വേറെന്തുണ്ടായിരുന്നു പിടിവള്ളിയായി?

“അദ്ദേഹത്തിന്റെ ഉടുപ്പ് കീറിയതും നിറം മങ്ങിയതുമായിരുന്നു, സ്‌കൂളിൽ പോകുന്ന കുട്ടിയുടെ പോലെ കുഴഞ്ഞുമറിഞ്ഞ മുടി, കഠിനാദ്ധ്വാനത്താൽ കറപിടിച്ച് ദൃഢമായ കൈകൾ, പക്ഷെ മുഖത്ത് ഓജസ്സുള്ള ഒരു തിളക്കം ഉണ്ടായിരുന്നു ; പെരുമാറ്റത്തിൽ യുവത്വത്തിന്റെ ജ്വലനവും. മുഴങ്ങുന്ന അദ്ദേഹത്തിന്റെ ചിരി, ആ ഹൃദയാർദ്രത, പ്രചോദിപ്പിക്കുന്ന ആകർഷണീയത എല്ലാം,ഏത് മണ്ഡലത്തിലായിക്കോട്ടെ കുലീനമായൊരു ജോലി ചെയ്യുന്ന, എല്ലാ ജോലികളിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായ ജോലി തിരഞ്ഞെടുത്ത ഒരാളെന്ന പോലെയാണ് തോന്നിപ്പിച്ചത്”. 1884ൽ മോളോക്കായ് സന്ദർശിച്ച ചാൾസ് വാറെൻ സ്റ്റോഡേർഡ്‌ പറഞ്ഞു.

ബെൽജിയത്തിലെ ട്രിമൊലുവിൽ ജനിച്ചുവളർന്ന ജോസഫ് ഡി വെസ്റ്റർ ഫാദർ ഡാമിയനും വിശുദ്ധ ഡാമിയനും ആയതിനുപിന്നിൽ ആരംഭം മുതൽക്കേ കൂട്ടുപിടിച്ച ഉപേക്ഷയുടെ വലിയ ചരിത്രമുണ്ട്.

തിരുഹൃദയസഭയിൽ പ്രവേശിച്ച തൻറെ ജ്യേഷ്ഠന്റെ പാത പിന്തുടർന്ന് തനിക്കും ഒരു പുരോഹിതനാവണമെന്ന ജോസഫിന്റെ ആവശ്യം, ഈ മകൻ ഫാമിലി ബിസിനസ്സ് ഏറ്റെടുക്കണമെന്നാഗ്രഹിച്ച പിതാവിന് ഒട്ടും ഉൾക്കൊള്ളാനായില്ല. പക്ഷെ അവസാനം ദൈവതിരുമനസ്സ് നിറവേറി, 1859ൽ ജോസഫ് തിരുഹൃദയസഭയിൽ നൊവിഷ്യേറ്റിൽ ചേർന്നു.

ബ്രദറായിരിക്കെ, തൻറെ സഹോദരൻ പോകേണ്ട ഹവായ് മിഷനിൽ അദ്ദേഹത്തിന് സുഖമില്ലാതിരുന്നതുകൊണ്ട് പകരം സേവനം ചെയ്യാൻ പുറപ്പെട്ടു. അവിടെവെച്ച് തൻറെ പ്രിയപ്പെട്ടവരുടെയെല്ലാം അസാന്നിധ്യത്തിൽ പൗരോഹിത്യം സ്വീകരിച്ചു. ജോസഫ് ഡി വെസ്റ്റർ ഫാദർ ഡാമിയനായി.

അക്കാലത്ത് ഹവായ് ഗവൺമെന്റ് കുഷ്ഠരോഗികളെ മരിക്കാനായി നാടുകടത്തിയിരുന്ന ദ്വീപായ മൊളോക്കോയിലേക്ക് രോഗികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനായി പോകാൻ ഒരാൾ വേണമല്ലോ എന്ന് മോൺസിഞ്ഞോർ ലൂയി മൈഗ്രെറ്റ് വിഷമിച്ചപ്പോൾ ഫാദർ ഡാമിയൻ ഉടൻ തയ്യാറായി. ഒരു നല്ല മിഷനറിയാക്കി തന്നെ മാറ്റണേയെന്ന് മിഷണറികളുടെ മധ്യസ്ഥനായ ഫ്രാൻസിസ് സേവ്യറിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്ന ഫാദർ ഡാമിയന് ഇതിലും നല്ല ഏത് അവസരം കൈവരാനാണ്. അവിടേക്ക് പോയാൽ പിന്നീടങ്ങോട്ട് ഒരു കുഷ്ഠരോഗിയായി മാത്രമേ തന്നെ പരിഗണിക്കൂ എന്നതും ഇനി ഒരു തിരിച്ചു പോക്കുണ്ടാവില്ല എന്നൊക്കെയുള്ള മുന്നറിയിപ്പുകൾ പുഞ്ചിരിയോടെ തള്ളാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായില്ല. സ്വയം പരിത്യജിച്ച് കുരിശെടുത്തവർ പിന്നെന്ത് നോക്കാനാണല്ലേ ?

ഫാദർ മൊളോക്കോയിൽ കപ്പൽ ഇറങ്ങവേ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. അനേകം കുഷ്ഠരോഗികൾ, തടിച്ചു വിരൂപമായ കൺപോളകൾ , അതിനുള്ളിൽ അസ്തമിച്ചു പോയ കണ്ണുകൾ, മൂക്കിന്റെ സ്ഥാനത്തു വലിയ പൊത്ത്, തലയോട്ടിയുടേത് പോലെ പേടിപ്പിക്കുന്ന വായ്, തടിച്ചു വീർത്ത ചെവികൾ, വിരലുകൾ പാതി മുറിഞ്ഞറ്റു പോയത്, മലിനവും ചലം നിറഞ്ഞും ദുർഗന്ധം വമിക്കുന്നതുമായ വസ്ത്രങ്ങൾ !

കൂടെ വന്ന മെത്രാൻ ഇത് കണ്ട് പറഞ്ഞു : ഡാമിയൻ , നീ ചെറുപ്പമാണ്, വരൂ , നമുക്ക് തിരിച്ചു പോവാം “. അതുകേട്ടു ഡാമിയൻ മുട്ടുകുത്തി മെത്രാന്റെ മോതിരം ചുംബിച്ചു പറഞ്ഞു :”എന്റെ പിതാവേ , അങ്ങ് എന്നെക്കുറിച്ചു ഒട്ടും ആശങ്കപ്പെടേണ്ട . ഇനി ഇതാണെന്റെ നാട്. ഇവരാണ്‌ എന്റെ ജനം .എന്റെ മനസ്സിന് മാറ്റമില്ല, എന്നെ അനുഗ്രഹിച്ചാലും”. പിന്നീട് ഫാദർ ഡാമിയൻ തൻറെ ശുശ്രൂഷയെക്കുറിച്ചു ജ്യേഷ്ഠൻ പാംഫിലിന്‌ എഴുതി, “എഴുന്നൂറിൽ പരം കുഷ്ഠരോഗികളാണ് ഇവിടെ ഉള്ളത്. അവരെ കുമ്പസാരിപ്പിക്കണം.രോഗത്തിന്റെ ആരംഭത്തിൽ തന്നെ അണുക്കൾ തൊണ്ടയെ ബാധിക്കും. ശബ്ദം പുറത്തു വരില്ല. അതുകൊണ്ട് അവർ പറയുന്നത് കേൾക്കാൻ അടുത്തിരിക്കണം. കടുത്ത ദുർഗന്ധം സഹിക്കണം. ചിലർ ചുമക്കും, ചോരയും പഴുപ്പും നിറഞ്ഞ കഫം എന്റെ മുഖത്തേക്ക് തെറിക്കും. അതിനാൽ ഒരു പാത്രം വെള്ളവും തോർത്തുമായിട്ടാണ് ഞാൻ കുമ്പസാരിപ്പിക്കാൻ ഇരിക്കുന്നത്”.

കുടിലിൽ ചെല്ലുമ്പോൾ പച്ചമാംസത്തിന്റെ അഴുകുന്ന ഗന്ധത്തിലമരുമ്പോൾ പുറത്തുപോയി ഒന്ന് ശുദ്ധവായു ശ്വസിക്കാൻ മനം കൊതിക്കും, ഓക്കാനം വരും.അവരുടെ ഹൃദയം മുറിപ്പെടുന്നതൊഴിവാക്കാൻ പൈപ്പ് വലിക്കാൻ അദ്ദേഹം ശീലിച്ചു. പുകയിലയുടെ ചെറിയ മണത്തിൽ തൻറെ മനുഷ്യസഹജമായ ദൗർബല്യം അതിജീവിക്കാൻ ശ്രമിച്ചെങ്കിലും , ചോദിക്കുന്ന കുഷ്ഠരോഗികൾക്ക് തൻറെ പൈപ്പ് കൊടുക്കാനോ ഒരേ പാത്രത്തിൽ നിന്ന് കഴിക്കാനോ ഒന്നും അദ്ദേഹം മടിച്ചില്ല. ശവപ്പെട്ടികളും നൂറുകണക്കിന് ശവക്കുഴികളും അവർക്കായി അദ്ദേഹം സ്വയം കുത്തി.

കാലക്രമേണ മരണത്തിന്റെ ദ്വീപ്‌ പ്രതീക്ഷയുടെ മുനമ്പായി മാറാൻ തുടങ്ങി. അവരുടെ ഭാഷയിൽ സംസാരിച്ച്, രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർ ആയി, വീടുകൾ പണിതുകൊടുത്ത്, വെള്ളത്തിന് വഴിയുണ്ടാക്കി, മരങ്ങൾ വച്ചുപിടിപ്പിച്ച്, സ്‌കൂളുകൾ തുടങ്ങി, മ്യൂസിക് ബാൻഡുകൾക്കും ഗായകസംഘത്തിനും നേതൃത്വം നൽകി ആ ദ്വീപിൻറെ മുഖഛായ തന്നെ അദ്ദേഹം മാറ്റി.

അവരിലൊരാളായി മാറിയത് കൊണ്ടാണ് 1885 ജൂലൈ മാസത്തിൽ , ആ സത്യം തിരിച്ചറിയേണ്ടി വന്നത് ബലിയർപ്പകനും ബലിവസ്തുവും ഒന്നായ ബലിജീവിതത്തിലേക്കു താൻ പ്രവേശിച്ചിരിക്കുന്നു എന്ന് , താനും ജീവനോടെ അഴുകുന്നവരിൽ ഒരാളായി എന്ന്. കുഷ്ഠരോഗികളോടൊത്തുള്ള ജീവിതം 12 സംവത്സരം പിന്നിട്ടു കഴിഞ്ഞിരുന്നു അപ്പോൾ .

രോഗിയായ ഡാമിയൻ തനിക്ക് ‘ ഒരു കുമ്പസാരക്കാരനെ അയച്ചുതരാൻ യാചിച്ചത് സുപ്പീരിയറച്ചൻ നിഷേധിച്ചു . സ്ഥലത്തെ മെത്രാൻ ഹോണോലുലുവിലേക്ക് ചികിത്സക്കായി ഡാമിയനെ ക്ഷണിച്ചു .എന്നാൽ സുപ്പീരിയറച്ചൻ അത് തടയാൻ ആഗ്രഹിച്ചു ഇങ്ങനെ പറഞ്ഞു, ” എതിർപ്പ് വകവെക്കാതെ താങ്കൾ വന്നാൽ ആശ്രമത്തിലെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ന്റെ ആശുപത്രിയിൽ കഴിയുന്നതായിരിക്കും നല്ലത്. എന്നാൽ ദയവായി അവിടെ കുർബ്ബാന അർപ്പിക്കാതിരിക്കുക. മറ്റു വൈദികർ ആരും താങ്കൾ ഉപയോഗിച്ച കാസയോ തിരുവസ്ത്രങ്ങളോ ഉപയോഗിക്കില്ല. സിസ്റ്റേഴ്സ് ആണെങ്കിൽ താങ്കളുടെ കയ്യിൽ നിന്ന് വിശുദ്ധ കുർബ്ബാന സ്വീകരിക്കുകയുമില്ല “ ഈ കത്തിനെക്കുറിച്ചു ഫാദർ ഡാമിയൻ ഉള്ളുതുറന്നത് ഇങ്ങനെയായിരുന്നു . “എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും വലിയ സഹനം “.

മെത്രാൻ വന്ന കപ്പൽ തീരത്തോടടുപ്പിക്കാൻ കപ്പിത്താൻ സമ്മതിക്കാഞ്ഞത് കൊണ്ട് വഞ്ചിയിൽ അതിനടുത്തേക്ക് പോയി പാപങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞ് പാപമോചനം നേടേണ്ടി വന്നു ഡാമിയന്. ആ എളിമയും ഭക്തിയും കണ്ട് കപ്പിത്താൻ മാനസാന്തരപ്പെട്ടു. കുഷ്ഠരോഗം പകരുന്നത് ലൈഗികബന്ധത്തിലൂടെ മാത്രമാണെന്ന് അന്ന് നിലനിന്നിരുന്ന തെറ്റായ ധാരണ മൂലം അദ്ദേഹത്തെ പലരും സംശയിക്കുകയും പഴിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അമ്മ ഈ സങ്കടവാർത്ത താങ്ങാനാവാതെ കിടപ്പിലായി. മകൻ മിഷനറി ആയതിൽ പിന്നേ അമ്മക്ക് കാണാൻ പറ്റിയിട്ടില്ല. ഏതാനും മാസങ്ങൾക്കകം അമ്മ തന്റെ എൺപത്തിമൂന്നാം വയസ്സിൽ മരണമടഞ്ഞു. അകലങ്ങളിൽ ആയിരുന്നു കൊണ്ട് കുഷ്ഠരോഗിയായ ആ മകൻ അമ്മയെ ആശിർവ്വദിച്ചു പ്രാർത്ഥിച്ചു.

കുഷ്ഠരോഗം ബാധിച്ചു ശരീരം അഴുകിത്തുടങ്ങി , വിരലുകൾ അറ്റുപോവാൻ തുടങ്ങി, കണ്ണുകൾ ചീർത്തു വീർത്തു. വായിക്കണമെങ്കിൽ കൺപോളകൾ കൈ കൊണ്ട് തുറന്നു പിടിക്കണം. ഈ അവസരത്തിൽ അദ്ദേഹം മെത്രാന് എഴുതി , “പിതാവേ യാമപ്രാർത്ഥന ചൊല്ലുന്ന കടപ്പാടിൽ നിന്നെന്നെ ഒഴിവാക്കരുതേ. എനിക്കിപ്പോഴും കുറച്ചൊക്കെ കണ്ണ് കാണാം. ഞാനത് പതിവായി ചൊല്ലുന്നുമുണ്ട് “. അദ്ദേഹത്തിന്റ പ്രാർത്ഥനാ തീക്ഷ്ണത ! ദിവ്യകാരുണ്യ അപ്പസ്‌തോലനായിരുന്ന ഫാദർ ഡാമിയൻ ദിവ്യകാരുണ്യത്തോടുള്ള തന്റെ സ്നേഹം അവിടെയുള്ള കുഷ്ഠരോഗികളിലേക്ക് പകർന്നിരുന്നു. രോഗികളെ സൃഷ്ടാവിലേക്ക് അടുപ്പിച്ച ഫാദർ കൂദാശകളിലൂടെ അവരെ ഒരുക്കി, ദിവ്യകാരുണ്യപ്രദക്ഷിണങ്ങൾ നടത്തി. ആരാധനക്കായി ചാപ്പലുകൾ പണിതു. ദിവ്യകാരുണ്യനാഥന്റെ സാന്നിധ്യമില്ലാതെ, കുഷ്ഠരോഗികളോടൊത്ത് ജീവിക്കാനും അവരിലൊരാളായി എണ്ണപ്പെടാനും തനിക്ക് കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം സഹോദരന് എഴുതിയിരുന്നു.

‍രോഗം അനുദിനം വര്‍ദ്ധിച്ചു. അതു കരളിലേയ്ക്കും നാവിലേയ്ക്കും വ്യാപിച്ചു. അദേഹത്തിന്‍റെ സംസാര ശക്തിതന്നെ നഷ്ടപ്പെട്ടു. മരണത്തിനു കുറച്ചു മുൻപ് അദ്ദേഹം സഹോദരൻ പാംഫിലിനെഴുതി, ” ഞാൻ സാവധാനം എന്റെ ശവക്കുഴിയിലേക്ക് പോവുകയാണ്. അത് ദൈവഹിതമാണ്, എന്റെ കുഷ്ഠരോഗികളുടെ രോഗം തന്നെ എനിക്ക് തന്നതിനും അവരുടെത്‌ പോലെ തന്നെ എനിക്ക് മരിക്കാനും ഇടയാക്കുന്നതിനെ ഓർത്ത് ഞാൻ ദൈവത്തിന് ഒരുപാട് നന്ദി പറയുന്നു. ഞാൻ വളരെ സംതൃപ്തനാണ്, വളരെ സന്തോഷവാനും”.

1889 ഏപ്രില്‍ 15 ലെ പാതിരാത്രിയില്‍ മനുഷ്യ സ്നേഹ ത്തിന്‍റെ നിതാന്ത സ്മാരകമായ ആ കൊച്ചു നക്ഷത്രംപൊലിഞ്ഞു. ദ്വീപിലെ പതിനാറ് വർഷങ്ങൾക്കു ശേഷം 49 വയസ്സിൽ ഫാദർ ഡാമിയൻ മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഇമകൾ അടച്ചു വയ്ക്കുന്നതു വരെ, അദ്ദേഹത്തിന്റെ രോഗത്തിന്റെ അവസാന ഘട്ടത്തിൽ പരിചരിച്ച നേഴ്സ് സിന്നെറ്റ് ഒപ്പമുണ്ടായിരുന്നു. ഡാമിയന്‍റെ ആഗ്രഹപ്രകാരം അദേഹം ആ ദ്വീപില്‍ വന്നിട്ട് ആദ്യം അന്തിയുറങ്ങിയ ആ വൃക്ഷച്ചുവട്ടില്‍ തന്നെയാണ് അദേഹത്തിന്‍റെ മൃതദേഹം സംസ്കരിച്ചത്.മൊളോക്കായിൽ തന്നെ സംസ്കരിച്ചെങ്കിലും, 1936ൽ ബൽജിയൻ ഗവണ്മെന്റ്, അദ്ദേഹത്തിന്റെ ശരീരം ആവശ്യപ്പെട്ടു. ഇപ്പോൾ അദ്ദേഹം ജനിച്ച ഗ്രാമത്തിനടുത്തുള്ള ല്യൂവൻ എന്ന കൊച്ചു പട്ടണത്തിൽ, അദ്ദേഹത്തിന്റെ ഭൗതിക ശരീരം അന്ത്യ വിശ്രമം കൊള്ളുന്നു.

1995 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ,അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയർത്തുകയും, മൊളോക്കോയിലെ വാഴ്ത്തപ്പെട്ട ഡാമിയൻ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യുകയും ചെയ്തു. പാപ്പ ഇങ്ങനെ പറഞ്ഞു, ” തന്റെ തന്നെ വിശ്വാസവും, ക്രിസ്തു നമ്മുടെ നാഥനാണെന്നും ദൈവം സ്നേഹമാണെന്നുമുള്ള സത്യവുമല്ലാതെ, സാവധാനത്തിലുള്ള മരണത്തിന് വിധിക്കപ്പെട്ട ആ കുഷ്ഠരോഗികൾക്ക് വേറെ എന്താണ് അദ്ദേഹത്തിന് നൽകുവാനാകുമായിരുന്നത്? കുഷ്ഠരോഗികളുടെ ഇടയിൽ അദ്ദേഹം ഒരു കുഷ്ഠരോഗിയായി ; കുഷ്ഠരോഗികൾക്ക് വേണ്ടി അദ്ദേഹം കുഷ്ഠരോഗിയായി. ക്രിസ്തുവിൽ താൻ വീണ്ടും ഉയിർക്കും എന്ന് വിശ്വസിച്ചു കൊണ്ട്, അവരെപ്പോലെ സഹിച്ച് അദ്ദേഹം മരിച്ചു, കാരണം ക്രിസ്തു നമ്മുടെ നാഥനാണ്”.

2009 ഒക്ടോബർ 11നു റോമിൽ വെച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഫാദർ ഡാമിയനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

സമൂഹം പുറന്തള്ളിയവർക്കും അശരണർക്കും രോഗികൾക്കും വേണ്ടി ഉഴിഞ്ഞുവെച്ച ആ സേവനജീവിതം എന്നും എല്ലാവർക്കും പ്രചോദനമായിരിക്കും.

വിശുദ്ധനായ ഫാദർ ഡാമിയന്റെ തിരുന്നാൾ മംഗളങ്ങൾ

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്