കാക്കനാട്: സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമൂഹിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ 103-ാം ഭരണഘടനാ ഭേദഗതിപ്രകാരം രാജ്യത്ത് 10% ഇ.ഡബ്ല്യൂ.എസ്. സംവരണം നിലവിൽവന്നു. ഈ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് ചില കക്ഷികൾ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
103-ാം ഭരണഘടനാ ഭേദഗതിയുടെ സാധുത അടിവരയിട്ടുറപ്പിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി നിർണയം പൊതുവേ സ്വാഗതം ചെയ്യുന്നുവെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവിച്ചു. വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷമേ കൂടുതൽ നിഗമനങ്ങളിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇ.ഡബ്ല്യൂ.എസ്. സംവരണത്തെ അനുകൂലിച്ചു നടത്തിയ വിധി തികച്ചും ശ്ലാഘനീയവും സ്വാതന്ത്ര്യപ്രാപ്തി മുതലേ മുന്നാക്കം എന്ന ലേബലിൽ മുദ്രകുത്തി വിവേചനപരമായി മാറ്റിനിർത്തപ്പെട്ട വിഭാഗങ്ങളിലെ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുടെ സമുദ്ധാരണത്തിന് സഹായകവുമാണെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. കാലങ്ങളായി നീതി നിഷേധിക്കപ്പെട്ടവർക്ക് ഇതുവഴി നീതിയുടെ വാതിൽ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി.
103-ാം ഭരണഘടനാഭേദഗതിയിലൂടെ സീറോമലബാർ സഭ ഉൾപ്പെടെയുള്ള സംവരണരഹിത ജനവിഭാഗങ്ങൾക്ക് സാമൂഹികനീതി ഉറപ്പാക്കിയ കേന്ദ്ര സർക്കാരിനും സംസ്ഥാനത്ത് 10% ഇ.ഡബ്ല്യൂ.എസ്. സംവരണം യാഥാർഥ്യമാക്കിയ കേരള സർക്കാരിനും പബ്ലിക് അഫയേഴ്സ് കമ്മീഷൻ നന്ദി അറിയിക്കുന്നു. ബംഗ്ലൂരുവിൽ നടത്തപ്പെടുന്ന സി.ബി.സി.ഐ. മീറ്റിംഗിൻ്റെ ഇടവേളയിൽ, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച അടിയന്തരമായി കൂടിയ ഓൺലൈൻ യോഗത്തിൽ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, അംഗങ്ങളായ ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ, സെക്രട്ടറി ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.
ഫാ. ആന്റണി വടക്കേകര വി.സി.
പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ
നവംബർ 7, 2022