FEAST OF DUKHRANA – ഓർമ്മത്തിരുനാൾ –

തീക്ഷ്ണതയുടെ പര്യായമായ ക്രിസ്തുശിക്ഷ്യന്റെ പിൻതലമുറക്കാർ എന്ന് വിളിക്ക പ്പെടാൻ, അവന്റെ നാമത്തിൽ അറിയപ്പെടാനുള്ള ഭാഗ്യം ലഭിച്ച സമൂഹം, തങ്ങൾക്കു നസ്രായനെ പകർന്നു തന്നവന്റെ ഓർമ്മ ആഘോഷിക്കുന്നു ; ദുക്റാന തിരുനാളിലൂടെ.വിശുദ്ധ പാരമ്പര്യത്തിന്റെ പാതയോരത്തു, അഭിമാനത്തോടെ, തലയുയർത്തി നിന്ന് അക്ഷരം തെറ്റാതെ ഞാനൊരു മാർത്തോമ്മാ നസ്രാണിയാണെന്നു പറയുന്നതിൽ ഊറ്റം കൊള്ളുന്നവരുടെ ആഘോഷരാവാണ് ദുക്റാന. സ്വീകരിച്ചവനെ പകർന്നു കൊടുക്കാൻ സ്വീകരിച്ചവർക്ക് കടമയുണ്ടെന്ന് ഈ തിരുന്നാൾ നമ്മെ ഓർമിപ്പിക്കുന്നു.

എന്റെ വിശ്വാസ പാത അറിവിനെ അതിജീവിക്കുന്ന അനുഭവത്തെ നെഞ്ചിലേറ്റിയവൻ വെട്ടിയൊരുക്കിയതാണ്. ഞാൻ പേറുന്ന ക്രിസ്തു നാമവും ജീവിക്കുന്ന ക്രിസ്തീയ ജീവിതവും അവൻ പകർന്നു തന്ന ക്രിസ്താനുഭവമാണ്; ചൈതന്യമാണ്.

“ലോകമെങ്ങും പോയി സുവുശേഷം പ്രസംഗിക്കുവിൻ” എന്ന ഗുരുവിന്റെ കല്പന ഉൾക്കൊണ്ടവൻ,” നമുക്കും അവനോടൊപ്പം പോയി മരിക്കാമെന്ന്” വിളിച്ചു പറഞ്ഞവൻ ഭാരത മണ്ണിലേക്ക് കപ്പൽകയറി. തീഷ്ണതയും തീവ്രതയും ഒട്ടും ചോരാതെ അനുഭവിച്ച ക്രിസ്തുവിനെ പകർന്നുകൊടുക്കുന്നതിൽ തോമ്മാ വിജയിച്ചു. വേദനകളെയും പ്രതിസന്ധികളെയും തളരാതെയും തകരാതെയും തികഞ്ഞ ബോദ്ധ്യത്തോടെ നേരിട്ട തോമ്മായുടെ ജീവിതശൈലിയും പ്രഘോഷണ വീര്യവും ജനത്തെ ആകർഷിച്ചു, സ്വാധീനിച്ചു, അവനിലേക്കും അവനിലൂടെ ക്രിസ്തുവിലേക്കും അടുപ്പിച്ചു. അങ്ങനെ ഇവിടെ സ്ഥാപിക്കപ്പെട്ടു ഏഴര പള്ളികൾ. മാർ തൊമ്മൻ കാട്ടിക്കൊടുത്ത തനതായ ജീവിത ശൈലിയും പകർന്നു കൊടുത്ത വിശ്വാസ ദീപവും അണയാതെ മങ്ങാതെ തലമുറകൾ കൈമാറിക്കൊണ്ടിരിക്കുന്നു. തീക്ഷ്ണതയുള്ള തായ്‌വേരുകളിൽ അഭിമാനിക്കുന്ന ചടുലതയുള്ള ഒരു ക്രിസ്തീയസമൂഹത്തിന്റെ സാന്നിധ്യവും നിലനിൽപ്പും കൈ ചൂണ്ടുന്നത് ക്രിസ്തുശിഷ്യന്റെ ഈ നാട്ടിലേക്കുള്ള വരവിലേക്ക് തന്നെയാണ്. എങ്കിൽ, ചർച്ച ചെയ്യപ്പെടേണ്ട വിഷയം തോമ്മാശ്ലീഹാ കേരള നാട്ടിലേക്ക് വന്നുവോ എന്നതല്ല. മറിച്ചു ഇന്നലെകളിൽ പൂർവികർ ജീവിച്ച, അവർ ഒഴുക്കിയ രക്തത്തിന്റെയും വിയർപ്പിന്റെയും കണ്ണീരിന്റെയും ഫലമായ വിശ്വാസ പാത ഇന്ന് അവഹേളനങ്ങൾക്കും അപവാദങ്ങൾക്കും കാരണമാകുന്നുണ്ടോ എന്നാകട്ടെ; എന്റെ ജീവിതരീതിയും പ്രതികരണ മനോഭാവങ്ങളും സഹോദരങ്ങൾക്ക് ഉതപ്പിനും എന്റെ മാതൃസഭയിൽ അപചയങ്ങൾക്കും കാരണമാകുന്നുണ്ടോ എന്നവട്ടെ.

അതേ, ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു കൈമാറപ്പെട്ട വിശ്വാസ ദീപവും വിശ്വാസ ജീവിത പാതയും കുറവില്ലാതെയും കറയില്ലാതെയും കൈമാറുന്നുവെന്ന് ; പകർന്നുകൊടുക്കുന്ന ദീപം കരിന്തിരി കത്തുന്നതല്ലായെന്ന്.

ഉച്ചത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു കാൽവരിയിലൊഴുകിയ രക്തവും ചിന്നമലയിൽ ഉയർന്ന നിലവിളിയും നാം വൃഥാവിലാക്കിയോ എന്ന്. ഒപ്പംത്തന്നെ,ബലികളിലെ ബലിയെ അനുസരണക്കേടിന്റെയും ധാർഷ്ട്യത്തിന്റെയും തന്നിഷ്ടതിന്റെയും പര്യായമാക്കി മാറ്റുന്നവർക്ക് ജീർണിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ അസ്തിത്വത്തെ തിരിച്ചറിയാനുള്ള ഒരു ഉണർത്തുപാട്ടാവട്ടെ വിശ്വാസ ദാതാവിന്റെ ഈ ഓർമ തിരുന്നാൾ.

അധികാരത്തിന്റെ ഇടനാഴികളിൽ ഉയർന്നുകേൾക്കുന്ന സ്ഥാപിതതാല്പര്യക്കാരുടെ കുഴലൂത്തുകൾക്കു നഷ്ടപ്പെടുന്ന ഒരു കൂട്ടായ്മയുടെയും പാരമ്പര്യത്തിന്റെയും അപസ്വരമാണെന്ന് ” എന്റെ കർത്താവേ എന്റെ ദൈവമേ “ എന്ന് വിളിച്ചു പറഞ്ഞവന്റെ ഓർമ പുതുക്കൽ സഹായിക്കട്ടെ എന്നാശിക്കാം.

വിജത്തിന്റെയും പരാജയത്തിന്റെയും കണക്കെടുപ്പ് നടത്താൻ പരിശ്രമിക്കാതെ, എന്നിലൂടെ , നമ്മിലൂടെ വിജയിക്കുന്ന കർത്താവിന്റെ നാമമാകട്ടെ പാരമ്പര്യ കത്തോലിക്കന് ഈ തിരുന്നാൾ ദിനം ലോകത്തിന് സമ്മാനിക്കാൻ ഉണ്ടാവുന്നത് . തോമാശ്ലീഹായോടു കൂടി ആവർത്തിക്കാം:”നമുക്കും അവനോടൊപ്പം പോയി മരിക്കാം”. ഏവർക്കും ദുക്റാന തിരുനാളിന്റെ മംഗളങ്ങൾ.

✍️ Ben Fr

നിങ്ങൾ വിട്ടുപോയത്