ക്രൈസ്തവ സഭയുടെ അടിസ്ഥാന വിശ്വാസസംഹിതകളെ സംബന്ധിച്ച് വികലമായ പഠനങ്ങളോ ദുരുപദേശങ്ങളോ ഉയർന്ന സാഹചര്യങ്ങളില്‍ സഭയതിനെ ശക്തമായി പ്രതിരോധിച്ചിരുന്നു. ഇതാണ് സൂന്നഹദോസുകളുടെ (ecumenical council) ചരിത്രത്തില്‍ നിന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. സഭയില്‍ വിശ്വാസ ഏകീകരണം (unity of faith) സാധ്യമാകണമെന്നും ദൈവപുത്രനെക്കുറിച്ചുള്ള പരിപൂര്‍ണ്ണജ്ഞാനത്തില്‍ സകല വിശ്വാസികളും എത്തിച്ചേരണമെന്നതും ദൈവവചനം ആവശ്യപ്പെടുന്നുണ്ട് (എഫേ 4:13). വിശ്വാസ ഏകീകരണം സാധ്യമാക്കുന്നതിനായി സഭാനേതൃത്വം ഒരുമിച്ചുകൂടിയതിന്‍റെ ചരിത്രം അപ്പൊസ്തൊല പ്രവൃത്തികള്‍ 15-ാം അധ്യായം മുതല്‍ ഇങ്ങേയറ്റത്ത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ നമുക്കു കാണുവാന്‍ കഴിയും. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥവും (Catechism of the Catholic Church) ഒരളവുവരെ യാക്കോബായ സഭയുടെ ”വിശുദ്ധ ഹൂദായ കാനോനു”മെല്ലാം സഭാമക്കളുടെ വിശ്വാസത്തിലുള്ള ഐക്യം സംബന്ധിച്ച് സഭ പുറത്തിറക്കിയിരിക്കുന്ന രേഖകളാണ്.
ആദിമസഭയില്‍ സഭാപിതാക്കന്മാരുടെ കാലഘട്ടത്തില്‍ ഈശോമശിഹായുടെ ദൈവത്വവും മനുഷ്യത്വവും സംബന്ധിച്ചും പരിശുദ്ധാത്മാവിന്‍റെ ദൈവികത സംബന്ധിച്ചും സംശയങ്ങളും ചോദ്യങ്ങളും ദുര്‍വ്യാഖ്യാനങ്ങളുമുണ്ടായ സാഹചര്യങ്ങളില്‍ സഭാപിതാക്കന്മാര്‍ ഒരുമിച്ചുകൂടി വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് ഏകകണ്ഠമായ തീരുമാനങ്ങളെടുത്തു. നിഖ്യായിലും കോണ്‍സ്റ്റാന്‍റിനോപ്പിളിലും എഫേസോസിലും കാല്‍സിഡണിലും ചേര്‍ന്ന പൊതുസൂന്നഹദോസുകളിലൂടെ ക്രൈസ്തവ വിശ്വാസബോധ്യങ്ങളുടെ അടിത്തറ ശക്തമായി ഉറപ്പിക്കപ്പെട്ടു.
ത്രിത്വവിശ്വാസം പോലെ, ക്രിസ്തുവിജ്ഞാനീയംപോലെ, പരിശുദ്ധാത്മ ശാസ്ത്രംപോലെ പരമപ്രധാനങ്ങളായ ഇത്തരം വിശ്വാസവിഷയങ്ങളെ മാറ്റിനിര്‍ത്തിയാല്‍, നിരവധി ലഘുവായ വിഷയങ്ങളില്‍ സഭകള്‍ വ്യത്യസ്ത സമീപനങ്ങളും വ്യാഖ്യാനങ്ങളുമാണ് കൈക്കൊണ്ടിരിക്കുന്നതെന്നു കാണുവാന്‍ കഴിയും. ഭാഷയുടെയും ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുന്നവയും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതു വിശ്വാസിയുടെ നിത്യജീവനെ യാതൊരു വിധത്തിലും ബാധിക്കാത്തതുമായ നിരവധി വിഷയങ്ങള്‍ ഓരോ പ്രാദേശിക സഭയിലുമുണ്ട്. ഇത്തരം വൈവിധ്യങ്ങള്‍ വൈരുദ്ധ്യങ്ങളല്ല എന്ന തിരിച്ചറിവുണ്ടായാല്‍ മാത്രമേ വിവിധ സഭകളും അതിലുള്ള വിശ്വാസികളും തമ്മിലുള്ള ഇടപാടുകളില്‍ ക്രിസ്തീയ സ്നേഹവും കൂട്ടായ്മയും നിലനില്‍ക്കുകയുള്ളൂ.
ആദ്യത്തെ നാലു
പൊതു സൂന്നഹദോസുകള്‍
ആദിമസഭയില്‍ എഡി 325-ല്‍ ഉണ്ടായ ഒന്നാം നിഖ്യാ സൂന്നഹദോസുമുതല്‍ ആദ്യത്തെ നാലു പൊതു സൂന്നഹദോസുകളുടെയും പ്രതിപാദ്യവിഷയങ്ങള്‍ ത്രിത്വവിശ്വാസം സംബന്ധിച്ച് അക്കാലഘട്ടത്തില്‍ സഭ നേരിട്ട ചോദ്യങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടതായിരുന്നു. “ആര്യനിസം” എന്ന ദുരുപദേശം ഈശോമശിഹായുടെ ദൈവത്വത്തെ നിഷേധിച്ചുകൊണ്ട് പ്രബലമായിക്കൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് ആദ്യപൊതു സൂന്നഹദോസ് നിഖ്യായില്‍ എഡി 325ല്‍ ചേരുന്നത്. “ഈശോമശിഹാ ദൈവം തന്നെയാണെന്നും ദൈവത്തേക്കാള്‍ ഒട്ടും താഴ്ന്നവനല്ല, സത്തയില്‍ പിതാവിനോട് സമത്വമുള്ളവനാണ്” എന്ന വെളിപാടാണ് ഈ കൗണ്‍സിലില്‍ ഉണ്ടായത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നിഖ്യാ വിശ്വാസപ്രമാണം രൂപപ്പെട്ടത്.
തുടര്‍ന്നുള്ള കാലഘട്ടത്തില്‍ പരിശുദ്ധാത്മാവിനെ സംബന്ധിച്ചാണ് തര്‍ക്കങ്ങളുണ്ടായത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിവിധ ദുരുപദേശങ്ങള്‍ സഭയില്‍ വ്യാപരിക്കന്‍ തുടങ്ങി. പരിശുദ്ധാത്മാവിന്‍റെ ദൈവത്വത്തെ ചോദ്യംചെയ്തുകൊണ്ട് വിവിധ നിഗമനങ്ങളും പഠനങ്ങളുമായി പലരും രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് എഡി 381ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂന്നഹദോസ് വിളിച്ചു ചേര്‍ക്കപ്പെടുന്നത്. പരിശുദ്ധാത്മാവ് ദൈവമാണെന്നും പുത്രനും പരിശുദ്ധാത്മാവും പിതാവിന്‍റെ തന്നെ സത്തയാണെന്നും അസന്നിഗ്ധമായി ഈ സൂന്നഹദോസ് പ്രഖ്യാപിച്ചു. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂന്നഹദോസിനു ശേഷമാണ് ഇന്നുള്ള നിഖ്യാ വിശ്വാസപ്രമാണം അതിന്‍റെ പൂര്‍ണ്ണതയില്‍ വിരചിതമായത്. പുത്രന്‍ പിതാവിന്‍റെ സമസത്തയാണെന്നും പിതാവില്‍നിന്നും പുറപ്പെട്ട് പിതാവിനോടും പുത്രനോടും കൂടെ ആരാധിക്കപ്പെടുകയും ചെയ്യുന്നവനാണ് പരിശുദ്ധാത്മാവ് എന്നും സംശയലേശമെന്യെ സഭ പഠിപ്പിച്ചു. “പിതാവില്‍ നിന്നു ജനിച്ചവന്‍” എന്ന് വചനമായ ദൈവത്തെ ഏറ്റുപറയുന്നതുപോലെ, പരിശുദ്ധാത്മാവ് “പിതാവില്‍നിന്ന് പുറപ്പെടുന്നു” എന്നും നിഖ്യാ -കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ സഭ ഏറ്റുചൊല്ലുന്നു.
പരിശുദ്ധാത്മാവിൻ്റെ
“ഇരുപുറപ്പെടൽ” വിവാദം
കാലം മുന്നോട്ടു നീങ്ങി, വിശ്വാസപ്രമാണത്തിലെ പ്രസ്താവനകള്‍ സഭയുടെ ആഴത്തിലുള്ള വിചിന്തനത്തിനും പഠനത്തിനും വഴിതുറന്നു. അതിനോടനുബന്ധിച്ച് അടുത്ത വിവാദം ഉയര്‍ന്നുവന്നു. “പരിശുദ്ധാത്മാവിന്‍റെ പുറപ്പെടല്‍ പിതാവില്‍നിന്നോ അതോ പിതാവില്‍നിന്നും പുത്രനില്‍നിന്നുമോ” എന്നതായിരുന്നു തര്‍ക്കവിഷയം. ഫിലിയോക്വി (Filioque) എന്ന ലത്തീന്‍ വാക്കായിരുന്നു ഈ തര്‍ക്കത്തിന്‍റെ കേന്ദ്രം. “പുത്രനില്‍നിന്നും കൂടി” എന്നായിരുന്നു ഈ വാക്കിന്‍റെ അര്‍ത്ഥം. ഈ തര്‍ക്കത്തിന്‍റെ ഒരുപക്ഷത്തുനിന്നത് ഗ്രീക്ക് സഭകളും മുറുവശത്ത് ലത്തീന്‍ സഭയുമായിരുന്നു. “പിതാവില്‍നിന്ന് പുറപ്പെടുന്ന പരിശുദ്ധാത്മാവ്, പിതാവില്‍നിന്നു പുത്രനിലൂടെ പുറപ്പെടുന്നു എന്ന് ഗ്രീക്ക് സഭകള്‍ വിശ്വസിക്കുകയും വിചിന്തനം ചെയ്യുകയും ചെയ്തു. എന്നാല്‍ ലത്തീന്‍ സഭ മനുസ്സിലാക്കിയത് പിതാവില്‍നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നുംകൂടി എന്നായിരുന്നു” (നിഖ്യ 1 മുതല്‍ വത്തിക്കാന്‍ 2 വരെ, പേജ് 95, പ്രൊഫ. ജയിംസ് പുലിയുറുമ്പില്‍) വാസ്തവത്തില്‍ ഈ രണ്ട് പ്രയോഗങ്ങളും നിഖ്യാ- കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ ഇല്ലാത്തതുമായിരുന്നു.
ലത്തീന്‍ സഭയുടെ
ഏകപക്ഷീയമായ തീരുമാനം
ലത്തീന്‍ സഭ എഡി 589-ല്‍ സ്പെയിനിലെ തൊളേദോയില്‍ (Toledo) ചേര്‍ന്ന സിനഡിലാണ് വിശ്വാസപ്രമാണത്തില്‍ “പുത്രനില്‍നിന്നുകൂടി” എന്നു കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നത്. കിഴക്ക്, പടിഞ്ഞാറ് സഭകള്‍ തമ്മിലുള്ള സാംസ്കാരിക വൈവിധ്യങ്ങളും ഭാഷയുടെ പ്രത്യേകതകളും പരിമിതികളും സര്‍വ്വോപരി സഭകളുടെ നേതൃത്വങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന താന്‍പോരിമകളും തര്‍ക്കങ്ങളുമെല്ലാം ചേര്‍ന്നതിനാല്‍ ഇത് വലിയ വിവാദത്തിന് വഴിതെളിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സിലിന്‍റെ നിര്‍വ്വചനത്തില്‍ മാറ്റം വരുത്തിയതുകൊണ്ടാണ് പൗരസ്ത്യസഭ പാശ്ചാത്യസഭയെ കുറ്റപ്പെടുത്തിയത്.
എഡി 1000-ല്‍ ലത്തീന്‍ സഭ ഔദ്യോഗികമായി “പുത്രനില്‍നിന്നും കൂടി” (ഫിലിയോക്വി) എന്നത് വിശ്വാസത്തിന്‍റെ ഭാഗമായി അംഗീകരിച്ചു. ഇതോടെ കിഴക്ക് പടിഞ്ഞാറ് സഭകല്‍ തമ്മിലുള്ള തര്‍ക്കം മൂര്‍ദ്ധന്യത്തിലായി. പാരമ്പര്യമായി നിലനില്‍ക്കുന്ന സഭയുടെ സത്യവിശ്വാസത്തിന്മേലുള്ള കൈകടത്തലായി ഗ്രീക്ക് സഭകള്‍ ഇതിനേ കണ്ടപ്പോള്‍ ദൈവവചനപ്രകാരമുള്ള കൃത്യത ഈ പ്രസ്താവനയിലുണ്ടെന്ന് റോം വാദിച്ചു. കിഴക്കന്‍ സഭ കാലാകാലങ്ങളിലുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാന്‍ തയ്യാറയാപ്പോള്‍ പൗരാണികതയുടെയും പാരമ്പര്യങ്ങളുടെയും സംരക്ഷകരായി കിഴക്കന്‍ സഭകള്‍ നിലനിന്നു. എല്ലാ തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ 1054 കിഴക്ക് -പടിഞ്ഞാറ് സഭകള്‍ “പരിശുദ്ധാത്മാവിന്‍റെ പുറപ്പെടലിന്‍റെ” പേരിലുള്ള തര്‍ക്കത്തിന്‍റെ ഫലമായി രണ്ടായി പിളര്‍ന്നു.
പരിശുദ്ധാത്മാവിന്‍റെ പുറപ്പെടലുകളും
തിരുവചനവും
പരിശുദ്ധാത്മാവിന്‍റെ ആവിര്‍ഭാവം (emergence) സംബന്ധിച്ച് വിശുദ്ധ ബൈബിള്‍ വ്യക്തമാക്കുന്നത് എന്തെന്നു പരിശോധിച്ചാല്‍ കിഴക്ക്, പടിഞ്ഞാറ് സഭകള്‍ തമ്മിലുണ്ടായിരുന്ന വിവാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല; ആരുടെ പക്ഷത്തും തെറ്റില്ല എന്നു മാത്രമല്ല, ഇരുകൂട്ടരുടെയും വാദങ്ങള്‍ ശരിയായിരുന്നുവെന്നും കാണാം. “എന്‍റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും”. (യോഹന്നാന്‍ 14:26). പരിശുദ്ധാത്മാവിന്‍റെ പുറപ്പെടല്‍ പിതാവില്‍നിന്നാണ് എന്ന് ഇവിടെ ഈശോമശിഹാ വ്യക്തമാക്കുന്നു. തൊട്ടടുത്ത അധ്യായത്തില്‍ യേശു പറയുന്നു: ഞാന്‍ പിതാവിന്‍റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ് (the Spirit of truth, which proceedeth from the Father യോഹ 15:26). പിതാവില്‍നിന്ന് പുറപ്പെടുന്നവനെങ്കിലും താന്‍ അയയ്ക്കുന്ന പരിശുദ്ധാത്മാവ് എന്നാണ് ഇവിടെ വ്യക്തമാക്കുന്നത്. “ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയയ്ക്കും” (യോഹ 16:8). ഈ വചനങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ കിഴക്കന്‍ സഭകളുടെ വാദങ്ങള്‍ നൂറുശതമാനവും ശരിയാണെന്നു കാണാം.
പരിശുദ്ധാത്മാവിനെ “ജീവജലത്തിന്‍റെ നദി” എന്ന് ഏശയ്യ 44:3, യോഹന്നാന്‍ 7:38 എന്നീ അധ്യായങ്ങളില്‍ വിശദീകരിക്കുന്നു. ഈ ജീവജലനദി “പിതാവിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍നിന്ന്” പുറപ്പെടുന്നതായി വെളിപാട് 22:1ലും വായിക്കാന്‍ കഴിയുന്നു. അതിനാല്‍ “പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്” എന്ന ലത്തീന്‍ സഭയുടെ വാദങ്ങളും നൂറുശതമാനവും ശരിതന്നെ എന്നു കാണാം.
ഭാഷയുടെയും സംസ്കാരത്തിന്‍റെയും അടിസ്ഥാനത്തില്‍ തിരുവചനസത്യങ്ങളെ വ്യത്യസ്ത രീതിയില്‍ വിവിധ സഭകള്‍ മനസ്സിലാക്കിയതില്‍ വന്ന ആശയക്കുഴപ്പങ്ങളാണ് വാസ്തവത്തില്‍ വിശ്വാസപ്രമാണത്തിലെ നിര്‍വ്വചനങ്ങളെ സഭകള്‍ തമ്മലുള്ള വിവാദത്തിലേക്ക് വലിച്ചിഴച്ച മുഖ്യ സംഗതി (തിരുസ്സഭാ ചരിത്രം, പേജ് 342, 1996, റവ ഡോ ആന്‍റണി കൂടപ്പുഴ). ഈ തിരിച്ചറിവു സഭാനേതൃത്വത്തിനില്ലാതെ പോയതാണ് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായത് എന്ന് കാണാം.
പരിശുദ്ധാത്മാവും തിരുവചനവും
പരിശുദ്ധാത്മാവിന്‍റെ പുറപ്പെടല്‍ പിതാവില്‍നിന്നു മാത്രമോ പിതാവില്‍ നിന്നും പുത്രനില്‍ നിന്നുമാണോ എന്നതിന് ”തിരുവചന ഗ്രന്ഥകാരനായ പരിശുദ്ധാത്മാവ്” വലിയ പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍ സഭയിലും ലോകത്തിലുമുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തികള്‍ക്കാണ് വചനം പ്രാധാന്യം നല്‍കുന്നത്. സഭയുടെ ആദിമകാല പിതാക്കന്മാരും പരിശുദ്ധാത്മാവിന്‍റെ പുറപ്പെടൽ സംബന്ധിച്ച് പഠിപ്പിക്കുന്നതിനേക്കാള്‍ സഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംഭവിച്ചു കാണുന്നതിനായിരുന്നു ഏറെ ശ്രദ്ധനല്‍കിയത്. സഭാപിതാവായ ഐറേനിയസ് പഠിപ്പിച്ചത് “സഭ എവിടെയുണ്ടോ അവിടെ പരിശുദ്ധാത്മാവുണ്ട്, പരിശുദ്ധാത്മാവ് എവിടെയാണോ അവിടെയാണ് സഭ” എന്നായിരുന്നു. ഒരു പടികൂടി കടന്ന്, “പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കുന്നതിനുള്ള കളമൊരുക്കലായിരുന്നു ക്രിസ്തുവിന്‍റെ രക്ഷാകരസംഭവങ്ങള്‍” എന്നു വിശദീകരിക്കുന്നവരുമുണ്ട് (The Mystical Theology of the Eastern Church, Vladimir Lossky, പേജ് 159). അത്രമേല്‍ പ്രാധാന്യത്തോടെ പരിശുദ്ധാത്മാവിന്‍റെ സഭയിലെ പ്രവര്‍ത്തനങ്ങളെയാണ് പിതാക്കന്മാര്‍ വിലയിരുത്തുന്നത്.
ലോകത്തിലും സഭയിലുമുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികൾ
ഉപദേശവിഷയങ്ങളുടെ പേരില്‍ മുന്‍കാലങ്ങളില്‍ സഭയിലുണ്ടായത് വൈരുദ്ധ്യങ്ങളല്ല, വൈവിധ്യങ്ങളായ ചിന്താസരണികളായിരുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇന്ന് സഭ മനസ്സിലാക്കുന്നത്. “ഈശോയാകുന്ന മഹാരഹസ്യത്തെ വ്യത്യസ്ത വീക്ഷണകോണുകളില്‍കൂടി കണ്ടുകൊണ്ട് വ്യത്യസ്ത പദപ്രയോഗങ്ങളിലൂടെ ആ മഹാസത്യത്തെ ആവിഷ്കരിക്കാന്‍ ശ്രമിച്ചു. പരസ്പരപൂരകങ്ങള്‍ എന്നല്ലാതെ പരസ്പരവിരുദ്ധം എന്ന് അവയെ വിളിക്കാന്‍ പാടില്ല. സഭയിലെ വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായി കാണരുത്” (നിഖ്യാ I മുതൽ വത്തിക്കാൻ II വരെ, പ്രഫ ജയിംസ് പുലിയുറുമ്പില്‍)
ക്രിസ്തു എല്ലാ ജനവിഭാഗങ്ങളെയും തന്‍റെ ശരീരമായ സഭയില്‍ ഉള്‍ക്കൊണ്ടു. അവിടുന്നാണ് തല. പരിശുദ്ധാത്മാവ് ഒരു ബഹുഭാഷാ പണ്ഡിതനെപ്പോലെ ഓരോ ഭാഷയിലും സംസാകാരത്തിലുമുള്ളവരോട് അവരുടെ ഭാഷയില്‍, സാംസ്കാരിക പശ്ചാത്തലത്തില്‍ കാലഘട്ടത്തിനും ദേശത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ ക്രിസ്തുവിനെ അവതരിപ്പിക്കുന്നു. ക്രിസ്തുവാകുന്ന ശിരസ്, തന്‍റെ ശരീരമാകുന്ന സഭയിലേക്കു കടന്നുവന്നവരെ അവരുടെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്വീകരിച്ചിരിക്കുന്നത്. ത്രിത്വദൈവത്തെയും രക്ഷാകരസംഭവങ്ങളെയും മനസ്സിലാക്കുന്നതില്‍ വന്നുപോകുന്ന വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായി കാണുന്നത് മൗഠ്യമാണെന്നാണ് വിശുദ്ധ ജോണ്‍ ക്രിസോസ്തത്തിന്‍റെ പഠനങ്ങളെ ആസ്പദമാക്കി നമുക്കിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്.
പരിശുദ്ധാത്മാവ് “ലോകത്തിന് പാപബോധം വരുത്തുന്നു”വെന്ന് ഈശോമശിഹാ വ്യക്തമാക്കുന്നു (യോഹന്നാന്‍ 16:8). എന്നാല്‍ സഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം എന്തായിരിക്കുമെന്ന് ഈശോമശിഹാ പറയുന്നുണ്ട് ”അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ട് എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും”. പിതാവിനും പുത്രനും പൊതുവായുള്ളത് ദൈവികതയാണ്. “വിശ്വാസികളെ ദിവ്യസ്വഭാവത്തിന് പങ്കാളികളാക്കുക” (partaker of the divine nature 2 പത്രോസ് 1:14, റോമ 6:11-14, ഗലാത്യര്‍ 5:16,25) എന്ന വലിയദൗത്യമാണ് സഭയില്‍ പരിശുദ്ധാത്മാവ് നിര്‍വ്വഹിക്കുന്നത്. ഈ ദിവ്യസ്വഭാവത്തിലേക്ക് ഓരോ വിശ്വാസിയെയും ദിനംതോറും വളര്‍ത്തുന്ന നിത്യസഹായകനാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിന്‍റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് ദൈവാത്മാവിനെ വേദനിപ്പിക്കുന്നത് നിത്യനാശത്തിനേ കാരണമാവുകയുള്ളൂ (മത്തായി 12:31-32).
മാത്യൂ ചെമ്പുകണ്ടത്തിൽ