സിസ്റ്റർ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന തികച്ചും ഭരണഘടനാവിരുദ്ധം എന്ന് ഡൽഹി ഹൈക്കോടതി. കേസിൽപ്പെടുന്ന ഇരയായാലും പ്രതിയായാലും ഇത്തരം പരിശോധനകൾക്കു ഒരു ന്യായീകരനാവുമില്ലയെന്നു കോടതി പറഞ്ഞു… നിലവിലെ ക്രിമിനൽ കേസ് നടപടികൾ കഴിഞ്ഞാൽ സിസ്റ്റർ സ്റ്റെഫിക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്നും പറയുകയുണ്ടായി…

2022 ൽ ഡിസംബറിൽ അഭയാ കേസിൻ്റ വിധി വരുന്നതിന് മുമ്പും പിമ്പും ഞാൻ നിശബ്ദമായി സോഷ്യൽ മീഡിയയിൽ കൂടി കണ്ണുകൾ ഓടിക്കുകയായിരുന്നു… എന്നെ ഏറ്റവും അതിശയിപ്പിച്ചത് വിദ്യാസമ്പന്നരായ അക്രൈസ്തവരും അവിശ്വാസികളുമായ ധാരാളം സഹോദരങ്ങൾ കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒരുപക്ഷേ നിരപരാധികളെ ആണോ ഈ സമൂഹം പിച്ചിച്ചീന്തുന്നതെന്ന് ചോദിക്കുമ്പോൾ മറുവശത്ത് ക്രൈസ്തവരും ക്രൈസ്തവനാമം പേറുന്നവരും ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്ക് കടന്നു കയറി അവളുടെ രഹസ്യഭാഗങ്ങളെ വർണ്ണിച്ച് ആർമാദിക്കുന്ന ഭയാനകമായ ഒരു കാഴ്ചയാണ് കണ്ടത്…!!

അഭയ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോട് പല സംശയങ്ങളും ചോദിച്ചറിഞ്ഞു. അങ്ങനെ ആ ദിവസങ്ങളിൽ ഞാൻ വ്യക്തിപരമായി ചിലരോട് സംസാരിക്കുകയായിരുന്നു… അവരിൽ ഗൈനക്കോളജിസ്റ്റ്, ഡോക്ടർമാർ, സർജൻമാർ, അഡ്വക്കേറ്റ്സ്, മെഡിസിൻ പഠിപ്പിക്കുന്ന പ്രൊഫസർമാർ… അങ്ങനെ പലരുമുണ്ടായിരുന്നു. കുറ്റാരോപിതയായ സന്യാസിനിയുടെ കന്യാത്വ പരിശോധന നടന്ന അതേ ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധനായ ഒരു ഡോക്ടർ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്:

“സിസ്റ്റർ നിങ്ങൾ എന്നെ വിശ്വസിക്കണം. സിസ്റ്റർ സെഫി ഒരു കന്യകയാണ്. അവരെ ചതിച്ചത് 2 ലേഡി ഡോക്ടർമാരാണ്. ക്രിസ്തു ഒരു ദിവസമേ പീഡകൾ സഹിച്ചുള്ളൂ. പക്ഷേ സിസ്റ്റർ സെഫി കഴിഞ്ഞ 12 വർഷമായി സമൂഹത്തിനു മുൻപിൽ തുണിയുരിഞ്ഞു നിർത്തപ്പെട്ടിരിക്കുകയാണ്. അവരുടെ സഹനം ഭയാനകമാണ്…” നിരീശ്വരവാദിയായ ആ ഡോക്ടറുടെ വാക്കുകൾ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി…

ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, തൻ്റെ നിരപരാധിത്വം തെളിയിക്കാനായി വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ട് കന്യാത്വ പരിശോധനയ്ക്ക് വിധേയമാകുന്നത്… അതും ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന ഒരു സമൂഹത്തിൻ്റെ മുമ്പിൽ… ദൈവത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ അവർ വൈദ്യശാസ്ത്രത്തെയും ഡോക്ടർമാരെയും വിശ്വസിച്ചു… ഏതെങ്കിലും ഒരു പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടി വന്ന ഒരു സാഹചര്യം എന്നെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു സ്ത്രീയും ഒരിക്കലും ചങ്കുറപ്പോടെ കന്യാത്വ പരിശോധന നടത്താൻ മുന്നോട്ടു വരില്ല എന്ന് ഞാൻ നൂറ് ശതമാനം ഉറപ്പിച്ചു പറയുന്നു. ഒരു സ്ത്രീയുടെ സ്ത്രീത്വം ഇത്രമേൽ പിച്ചിച്ചീന്തപ്പെട്ടിട്ടും മതിയാവാത്ത മുഖംമൂടിയണിഞ്ഞ ചിലരെ, ഇരയെ കീഴ്പ്പെടുത്തി മതിയാവോളം ഭക്ഷിച്ചിട്ടും രക്തംപുരണ്ട നാവോടെ അണച്ചുകൊണ്ട് ചുറ്റും നോക്കുന്ന ചെന്നായ്ക്കളോട് അല്ലാതെ എന്തിനോട് ഉപമിക്കും!!

അലറിവിളിക്കുന്ന ഒരു ജനക്കൂട്ടത്തോട് ഒപ്പം അലമുറ ഇടാൻ വളരെ എളുപ്പമാണ്. പക്ഷേ സത്യം അറിയണമെന്ന് ആഗ്രഹമുള്ളവർക്ക് അല്പം നിശബ്ദതയും സത്യങ്ങളെ തേടിയുള്ള ചില യാത്രകളും അത്യാവശ്യമാണ്.

✍🏽സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്