ഈ പത്രത്തെക്കുറിച്ച്പലതും കേട്ടിട്ടുണ്ട്!
ദീപികയെക്കുറിച്ച് പണ്ടു മുതലേ പലതും കേട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ദിനപത്രം, മലയാളത്തിലെ ആദ്യത്തെ ഒാൺലൈൻ പത്രം, കുട്ടികൾക്കായി ഒരു പ്രസിദ്ധീകരണം തുടങ്ങിയ പത്രം.. ഇങ്ങനെ പത്രരംഗത്തെ പല പുതുമകൾക്കും തുടക്കമിട്ട പത്രം, അതിനിടെ സാന്പത്തിക പ്രതിസന്ധി, പത്രം അതിന്റെ ഉടമസ്ഥർക്കു കൈവിട്ടുപോയ കഥകൾ, ഒടുവിൽ കോടികൾ നൽകി അതു തിരിച്ചുവാങ്ങിയ ചരിത്രം… ഇങ്ങനെയുള്ള പല ഉയർച്ച താഴ്ചകളിലൂടെയും ഈ പത്രം കടന്നുപോയപ്പോൾ തോന്നിയ ഒരു കാര്യമുണ്ട്… ഇതിങ്ങനെ തട്ടിയും മുട്ടിയും അങ്ങ് പോകും. ഞങ്ങൾക്കും ഒരു പത്രമുണ്ടെന്ന് ഉടമസ്ഥർക്കു മേനി പറയാനൊരു പത്രം. പ്രത്യേകിച്ച് വൻകിട പത്രങ്ങളൊക്കെ കളം നിറഞ്ഞു കളിക്കുന്നിടത്തു പിടിച്ചുനിൽക്കുന്നതുതന്നെ അദ്ഭുതം…
അദ്ഭുതം തന്നെ
എന്നാൽ, കുറച്ചുകാലമായി ദീപിക എന്ന ഈ പത്രം മലയാള നാടിനെ അദ്ഭുതപ്പെടുത്തുകയാണ്. നാനാജാതി മതസ്ഥരായവർ ദീപികയെക്കുറിച്ചു നല്ലതു പറയുന്നു, ചർച്ച ചെയ്യുന്നു, പിന്തുണ അറിയിക്കുന്നു, തപ്പിപ്പിടിച്ചു വായിക്കുന്നു, പലരും വരിക്കാരാവുന്നു. സോഷ്യൽ മീഡിയയിൽ പോലും ഇക്കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പത്രമായി ദീപിക മാറിയിരിക്കുന്നു. എന്താണ് ഇതിന്റെ മാജിക്? പലരോടും അന്വേഷിച്ചു. അതിനെക്കുറിച്ചു തല പുകച്ചപ്പോൾ ഇങ്ങനെയാണ് തോന്നിയത്.
ഒരു പത്രത്തിന്റെ വിലയും വായനക്കാരന്റെ മനസിലുള്ള ഇടവുമെന്നു പറയുന്നത് ഒറ്റനോട്ടത്തിൽ പത്രത്തിന്റെ പകിട്ടും കനവും പ്രചാരവുമൊക്കെയാണെന്നു തോന്നുമെങ്കിലും സത്യം അതല്ല. നമുക്കുവേണ്ടി പ്രത്യേകിച്ച് ആരും ആവശ്യങ്ങളൊന്നും ഉയർത്തേണ്ട സ്ഥിതിയില്ലെങ്കിൽ ഇത്തരം ഭ്രമങ്ങളിൽ നിങ്ങളും ലയിച്ചുപോകും. എന്നാൽ, നിങ്ങൾക്കൊരു ആവശ്യം വരുന്പോൾ, അല്ലെങ്കിൽ ഒരു പ്രതിസന്ധി വരുന്പോൾ ആരാണ് നിങ്ങൾക്കു വേണ്ടി കാപട്യമില്ലാത്ത നിലപാട് സ്വീകരിച്ചത് എന്നതാണ് നിങ്ങളുടെ പത്രം ഏതാണെന്നു തീരുമാനിക്കുക. ഇന്നു നാനാജാതി മതസ്ഥർ ദീപികയെ ചേർത്തുപിടിക്കാൻ മുന്നോട്ടുവന്നത് പ്രതിസന്ധിയിൽ അവരെ ചേർത്തുപിടിക്കാൻ ഈ
പത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവിലാണെന്നു തോന്നുന്നു.
എന്തൊരു മൂർച്ച
അടുത്ത കാലത്തു പതിവായി ദീപിക വായിക്കാൻ തുടങ്ങിയപ്പോഴാണ് വാക്കുകൾക്ക് ഇത്ര മൂർച്ചയും ശക്തിയും സൃഷ്ടിക്കാൻ കഴിയുമെന്നു തിരിച്ചറിയുന്നത്. പ്രത്യേകിച്ച് ജനകീയ വിഷയങ്ങളിൽ. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വന്യജീവി ശല്യം, അക്രമരാഷ്ട്രീയം, വർഗീയത, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ദീപിക എഴുതിയത് പല ദിനങ്ങളിലും മതിവരാതെ പലവട്ടം വായിച്ചു. സാധാരണക്കാരെപ്പോലും മുഖപ്രസംഗം വായിക്കുന്നവരാക്കി മാറ്റിയത് ദീപികയുടെ ശക്തി തന്നെയാണ്. മന്ത്രിയോടായാലും പ്രധാനമന്ത്രിയോടായാലും പറയേണ്ടത് മുഖത്തുനോക്കി പറയാൻ കഴിയുന്ന ഒരു പത്രം ഈ നാട്ടിലുണ്ടെന്നു പറയുന്നത് അഭിമാനമല്ലേ. ഒരു പത്രത്തിന് സമൂഹത്തിൽ എന്ത് ഇംപാക്ട് സൃഷ്ടിക്കാൻ കഴിയുമെന്ന് കഴിഞ്ഞ അഞ്ചാറു മാസങ്ങൾക്കൊണ്ട് ദീപിക കാണിച്ചുതന്നു എന്നു പറയാം.
പക്ഷേ, ദയനീയം
ഒരു പത്രത്തിന്റെ ശക്തി എന്താണെന്നും അതിനെ എത്രത്തോളം ചേർത്തുപിടിക്കണമെന്നും തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു സമുദായമാണ് അതിന്റെ ഉടമസ്ഥർ എന്നു പറയേണ്ടിവരുന്നതാണ് ഏറ്റവും ദയനീയ കാര്യം. ചറപറാ എൻജിനിയറിംഗ് കോളജുകളും സ്ഥാപനങ്ങളുമൊക്കെ ഉണ്ടാക്കുന്നതിനേക്കാൾ അത്യാവശ്യമായി ഈ സമുദായം കാത്തുപരിപാലിക്കേണ്ടിയിരുന്നത് ഈ പത്രത്തെ ആയിരുന്നു. കാരണം, കോടികൾ മുടക്കിയ ഒരു സ്ഥാപനവും പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങളെ രക്ഷിക്കാൻ വരാൻ പോകുന്നില്ല, നിങ്ങൾ പല രീതിയിൽ പണം വാരി നൽകുന്ന ഒരു മാധ്യമവും നിങ്ങളെ രക്ഷിക്കാനും നിങ്ങൾക്കു വേണ്ടി വാദിക്കാനും വരാൻ പോകുന്നില്ല. ബാക്കിയുണ്ടാവുന്നത് പലപ്പോഴും നിങ്ങൾ അകറ്റിനിർത്തിയ, അവഗണിച്ച, കുറ്റം പറഞ്ഞ ദീപികയെന്ന മാധ്യമം മാത്രമായിരിക്കും. അതാണ് ജീവിതം പ്രതിസന്ധിയിലായ ഈ കാലം തെളിയിച്ചുകൊണ്ടിരിക്കുന്നതും. ചെവിയുള്ളവർ കേൾക്കട്ടെ.
– പി.ആർ.വി.