ഈ ചേച്ചിയും മക്കളും എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കേരളം മുഴുവൻ ചോദിക്കുന്നുണ്ട്. ആകെ നമുക്ക് അറിയാവുന്നത്.. കുടുംബ പ്രശ്നം ഉണ്ട്, കോടതിയിൽ കേസ് ഉണ്ട് എന്നതാണ്… അപ്പോൾ ചിലതൊക്കെ നമുക്ക് ഊഹിക്കാം.. സാധാരണ കേരളത്തിലെ കുടുംബങ്ങളിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ ആകാം അവരുടെയും കുടുംബത്തിൽ.. ഉണ്ടായത്..

എന്തായാലും.. പ്രാർത്ഥിക്കുന്നു.
ഒരു ഫാമിലി കോർട്ട് ലോയർ എന്ന നിലയിൽ കുറച്ചു കാര്യങ്ങൾ പറയണം എന്ന് തോന്നി.
ഭാര്യ ആണ് മരിച്ചതെങ്കിൽ നമ്മൾ പറയും :
“ഹോ.. കഷ്ടം ആയിപ്പോയില്ലേ.. ആ സ്ത്രീ മരിച്ചത് എന്തിനാണ്.. ജീവിച്ചു കാണിക്കണമായിരുന്നു.. ഡിവോഴ്സ് വാങ്ങി മാറി താമസിച്ചാൽ പോരായിരുന്നോ…ഒന്നും അറിയാത്ത ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു.. പരിഹാരം ഇല്ലാത്ത എന്ത് പ്രശ്നമാണ് ഉള്ളത്”…എന്നൊക്കെ…
ഇനി മരിച്ചത് ഭർത്താവ് ആണെങ്കിലും നമ്മൾ പറയും :
“ഇയാൾക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു.. ഒന്നുമില്ലേലും അയാൾ ഒരു പുരുഷൻ അല്ലായിരുന്നോ.. ലോകത്ത് വേറെ പെണ്ണുങ്ങൾ ഇല്ലാഞ്ഞിട്ട് ആണോ അയാൾ ഈ മാതിരി പണി കാണിച്ചു ആണുങ്ങളുടെ വില കളഞ്ഞത്… ” എന്നൊക്കെ
ഇതൊരു അവസ്ഥ ആണ്. ഇന്ന് കേരളത്തിൽ സാധാരണം ആയിക്കൊണ്ടിരിക്കുന്ന അവസ്ഥ..
ഒരുപാട് കേസുകൾ ഓരോ ദിവസവും നമ്മുടെ കണ്മുന്നിൽ അരങ്ങേറുമ്പോൾ മനസിലാകുന്ന ഒരു കാര്യം ഉണ്ട്…
“നിന്നെ ജീവിക്കാൻ ഞാൻ അനുവദിക്കില്ലെടീ.. കൊന്നിട്ട് ഞാൻ അകത്തു പോകും” എന്നു പറഞ്ഞു നിരന്തരം ഭീഷണിപ്പെടുത്തുന്ന വല്ലാത്ത വൈകൃത സ്വഭാവം ഉള്ള ഭർത്താക്കന്മാർ ധാരാളമുണ്ട്..
എന്നെ വേണ്ടെങ്കിൽ നിനക്ക് ആരും വേണ്ടാ… നീയും വേണ്ടാ എന്ന ഒരു നിലപാട്. ഇവരിൽ നിന്ന് പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയാലും ഡിവോഴ്സ് വാങ്ങിയാലും… അകലെ മാറി താമസിച്ചാലും.. ഞാൻ താലി കെട്ടിയതാണെങ്കിൽ എനിക്ക് ഇഷ്ടമുള്ളത് ഞാൻ അവളോട് ചെയ്യും എന്ന ധാർഷ്ട്യം ആണ് അവർക്ക്. എന്നാൽ എവിടെ എങ്കിലും പോയി വല്ല ജോലിയും ചെയ്ത് മാന്യമായി ജീവിക്കാം എന്നോർത്താൽ ( ചിലവിനു കൊടുക്കാൻ കേസ് കൊടുത്താലും പൈസ കിട്ടാൻ പോകുന്നില്ല )
അവൾ ജോലി ചെയ്യുന്ന കടയിൽ കയറി ചെന്ന് കടക്കാരേയും, കൂടെ ജോലി ചെയ്യുന്നവരെയും ഭീഷണിപെടുത്തുക, അവളെ കുറിച്ച് വളരേ മോശമായി പറഞ്ഞുണ്ടാക്കി പേര് കളയുക … ഈ വക കലാ പരിപാടികൾ വേറെ…
നിങ്ങൾ പറ…
ഇതിനിടയിൽ ഒരു സ്ത്രീ അവളുടെ മക്കളെയും കൂട്ടി എങ്ങനെ ജീവിക്കും?
എങ്ങനെ മക്കളെ പഠിപ്പിക്കും? എങ്ങനെ അവർക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള വക കണ്ടെത്തും? എങ്ങനെ ഒരിടത്തു ജോലിക്ക് കയറും? എങ്ങനെ ഒരിടത്തു മാറി താമസിക്കും?
പോലീസും നിയമവും ഒക്കെ ഇല്ലേ എന്ന് ചോദിക്കുമായിരിക്കും..
സ്വന്തം അമ്മയെ കൊന്നവൻ പരോളിൽ ഇറങ്ങി വീടിന്റെ അടുത്തുവന്നു താമസിച്ചപ്പോ തങ്ങൾക്ക് ഭയം ഉണ്ടെന്ന വിവരം പോലീസിൽ അറിയിച്ച രണ്ട് പെണ്മക്കൾ ഉണ്ടായിരുന്നു.. അവരുടെ അപ്പനെ അയാൾ കൊന്നിട്ട് ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല എന്ന കാര്യം മറന്നു പോകരുത്..
ഇനി,
ഭാര്യമാരുടെ ക്രൂരത കൊണ്ട് ജീവിക്കാൻ പറ്റാത്ത പുരുഷന്മാരും ഉണ്ടെന്ന കാര്യവും നമ്മൾ അറിയണം.
വിവാഹം വഴി ആരും ആരുടേയും അടിമ ആവുകയല്ല എന്ന സത്യം എന്നാണ് നമ്മൾ തിരിച്ചറിയുക..
ഒരു വശത്തു ലഹരി കേരളത്തെ വിഴുങ്ങുമ്പോൾ, മറു വശത്തു ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ..
നടുവിൽ വന്യ മൃഗങ്ങളുടെ ആക്രമണം..
എല്ലാറ്റിനും ഇടയിൽ മരവിപ്പ് ബാധിച്ച… കുറെ പച്ച മനുഷ്യരും…
ഗാലറിയിൽ നിന്ന് കളി കാണാനും അഭിപ്രായം പറയാനും എന്നും എളുപ്പം ആണ്.. കളത്തിൽ കളിക്കാരൻ ആയി ഇറങ്ങി നിൽക്കണം.. അതിന്റെ വേദന, അധ്വാനം, പ്രയാസ തടസങ്ങൾ ഒക്കെ അറിയാൻ..

പ്രിയ ഭാര്യാ ഭർത്താക്കന്മാരെ..
വിവാഹബന്ധം പവിത്രം ആണ്. അത് എന്ത് വില കൊടുത്തും സുരക്ഷിതമായി കൊണ്ടുപോകാൻ ഇരു കൂട്ടർക്കും ഉത്തരവാദിത്തം ഉണ്ട്.
എന്നാലും,
ഒന്നിച്ചുള്ള യാത്ര മതിയാക്കണം എന്ന് തോന്നുമ്പോൾ പരസ്പര ബഹുമാനത്തോടെ പിരിഞ്ഞാൽ എന്താണ് പ്രശ്നം? ഒന്നിച്ച് ജീവിക്കാൻ പറ്റില്ലെങ്കിൽ എവിടെ എങ്കിലും ഒക്കെ മറ്റേ ആൾ സന്തോഷമായി ജീവിക്കട്ടേ എന്ന് കരുതി ക്കൂടെ?
ഇവരുടെ പ്രശ്നം എന്താണെന്ന് നമുക്ക് വ്യക്തമായി അറിയില്ലാത്തതിനാൽ ആരെയും കുറ്റപ്പെടുത്താൻ നമുക്ക് ആവില്ല..
പക്ഷെ ജീവിക്കാൻ അനുവദിക്കില്ല എന്ന് പങ്കാളി പ്രതിജ്ഞ എടുത്തതിന്റെ പേരിൽ നരകിക്കുന്ന, ഈ ഭൂമിയിൽ നിന്ന് സ്വയം ഒഴിവായി പോകുന്ന ഒരുപാട് മറുപാതികൾ (ഭാര്യ ആകാം ഭർത്താവ് ആകാം ) ഉണ്ടെന്നത് നമുക്ക് ആത്മ പരിശോധനയ്ക്ക് വിഷയം ആകേണ്ടതാണ്.
സിസ്റ്റർ ജോസിയ പി SD