എന്റെ പപ്പ എന്നും ഞങ്ങൾക്ക് സർപ്രൈസുകൾ നൽകുന്ന സ്നേഹനിധിയായ പിതാവായിരുന്നു..
മരണത്തിലും പപ്പ പതിവ് തെറ്റിച്ചില്ല… ഒന്നും പറയാതെ അങ്ങ് പോയി…
ബൈബിളിൽ ജേക്കബിനെ കുറിച്ച് പറയുന്നത് നീതിമാനായിരുന്നു എന്നാണ്. അത് തന്നെ ആയിരുന്നു എന്റെ അപ്പനും. ഒരു നിമിഷം പോലും വെറുതെയിരിക്കുന്ന അപ്പനെ ഞാൻ കണ്ടിട്ടില്ല.. വിശ്രമിച്ചുകൂടെ എന്ന് ചോദിക്കുമ്പോൾ എന്തിനാടാ വീട്ടിൽ കയറി വെറുതെ ഇരിക്കുന്നത് എന്നതായിരുന്നു അപ്പന്റെ മറുപടി.പപ്പ ആയിരുന്നു എനിക്ക് എല്ലാം. എന്റെ ആത്മവിശ്വാസവും, ധൈര്യവും എല്ലാം അപ്പൻ എനിക്കൊപ്പം ഉണ്ട് എന്നതായിരുന്നു. എന്റെ ഐഡന്റിറ്റി എന്നത് ഇപ്പോഴും ജേക്കബിന്റെ മകൻ എന്നത് തന്നെയാണ്. അതിൽ ഞാൻ ഒത്തിരി അഭിമാനിക്കുന്നു.
ബൈബിളിൽ ജേക്കബിനെ കുറിച്ച് പറയുന്നത് നീതിമാനായിരുന്നു എന്നാണ്. അത് തന്നെ ആയിരുന്നു എന്റെ അപ്പനും. ഒരു നിമിഷം പോലും വെറുതെയിരിക്കുന്ന അപ്പനെ ഞാൻ കണ്ടിട്ടില്ല.. വിശ്രമിച്ചുകൂടെ എന്ന് ചോദിക്കുമ്പോൾ എന്തിനാടാ വീട്ടിൽ കയറി വെറുതെ ഇരിക്കുന്നത് എന്നതായിരുന്നു അപ്പന്റെ മറുപടി.പപ്പ ആയിരുന്നു എനിക്ക് എല്ലാം. എന്റെ ആത്മവിശ്വാസവും, ധൈര്യവും എല്ലാം അപ്പൻ എനിക്കൊപ്പം ഉണ്ട് എന്നതായിരുന്നു. എന്റെ ഐഡന്റിറ്റി എന്നത് ഇപ്പോഴും ജേക്കബിന്റെ മകൻ എന്നത് തന്നെയാണ്. അതിൽ ഞാൻ ഒത്തിരി അഭിമാനിക്കുന്നു.
ഞാൻ കാരണം ആർക്കെങ്കിലും ഒരു ഉപകാരം ഉണ്ടായിട്ടുണ്ട് എങ്കിൽ അത് എന്റെ അപ്പൻ പകർന്നു നൽകിയ നന്മ ഒന്ന് കൊണ്ട് മാത്രമാണ്, എന്റെ എല്ലാ മോശം പ്രവർത്തികളുടെയും ഉത്തരവാദി ഞാൻ മാത്രവുമാണ്.ഞങ്ങൾക്ക് പപ്പ ബാക്കി വെച്ചത് സ്വത്തും, വീടും, സംരക്ഷണവും മാത്രമല്ല പപ്പയുടെ വലിയ സുഹൃത്ത് ബന്ധങ്ങൾ കൂടിയാണ്.മരണം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞ് പപ്പയുടെ സുഹൃത്തായ ഒരു ചേട്ടൻ വീട്ടിൽ വന്നു.
30 വർഷം മുമ്പ് ട്രെയിനിൽ ഒരുമിച്ചു യാത്ര ചെയ്തവരാണ് അവർ. ഇപ്പോഴും പപ്പ ആ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.എന്റെ സമപ്രായക്കാരായ സുഹൃത്തുക്കൾ പോലും പപ്പായ്ക്ക് ഉണ്ടായിരുന്നു.
ഇനിയുള്ള ജീവിതത്തിൽ ഞങ്ങൾക്ക് മുന്നോട്ട് പോകാൻ പപ്പ, പപ്പയുടെ ജീവിതത്തിൽ ചെയ്ത നന്മകളുടെ അനുഗ്രഹങ്ങൾ മാത്രം മതി.സങ്കടപ്പെടുന്നതും, ടെൻഷൻ അടിയ്ക്കുന്നതൊന്നും പപ്പയ്ക്ക് ഇഷ്ട്ടമല്ല. പപ്പ എന്നും സന്തോഷവാനായിരുന്നു, ഒരുതരത്തിലുള്ള ആരോഗ്യ പ്രശ്ങ്ങളും ഇല്ലായിരുന്നു.
പപ്പ ഒരു ദിവസം പോലും ആശുപത്രിയിൽ കിടന്നതായി എന്റെ ഓർമയിലില്ല.അതുപോലെ എന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിപ്പിക്കരുത് എന്നതും പപ്പയ്ക്ക് നിർബന്ധം ആയിരുന്നു.
സമ്പത്തീകമായ കാര്യങ്ങളിൽ അടക്കം സ്വയം അധ്വാനിച്ച പണം കൊണ്ട് ചെയ്യാനായിരുന്നു പാപ്പയ്ക്ക് ഇഷ്ടം.
വീട്ടിൽ ഒരു മരണം ഉണ്ടായാലും അവൻ കഷ്ട്ടപെടേണ്ടി വരില്ല എന്ന് പപ്പാ അമ്മയോട് പറഞ്ഞിരുന്നു. അത് യഥാർഥ്യവുമായി. SNDP യുടെയും, പള്ളിയുടെയും മരണ സഹായ സംഘങ്ങളാണ് എല്ലാ കാര്യങ്ങളും ചെയ്തത്.
ഒരു ദിവസം പോലും അസുഖം വന്ന് ആശുപത്രിയിൽ കിടക്കാതിരുന്നാൽ മതി എന്ന് പപ്പാ ഇടയ്ക്കിടെ പറയുമായിരുന്നു. അതും പപ്പയുടെ ആഗ്രഹം പോലെ നടന്നു.അപകട മരണം ആയിരുന്നു എങ്കിലും പപ്പ ഒന്നും അറിഞ്ഞുകാണില്ല എന്നാണ് ഡോക്ടറായ അനിയത്തി പറഞ്ഞത്. ഹെഡ് ഇഞ്ചുറി ആയിരുന്നു. വീഴ്ചയിൽ തന്നെ മരവിപ്പായിരുന്നിരിക്കും. മിനിറ്റുകൾക്കകം പപ്പാ ദൈവ സന്നിധിയിലേക്ക് യാത്രയായി.പപ്പാ വേദന ഒന്നും അനുഭവിച്ചില്ല, ആശുപത്രിയിൽ കിടന്ന് നരകിച്ചില്ല.. ദൈവത്തിന് നന്ദി…
എന്റെ ജീവിതത്തിൽ ഇതിന് മുമ്പ് ഞാൻ ഒരിക്കലും ഇതുപോലെ തകർന്നു പോയിട്ടില്ല, എന്റെ 6 കിലോയോളം വെയിറ്റ് ആണ് കഴിഞ്ഞ 36 ദിവസം കൊണ്ട് കുറഞ്ഞത്. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാനാകും, എന്റെ ജീവിതത്തിൽ ഇനി ഒന്നിനും എന്നെ തകർക്കാൻ ആകില്ല. കാരണം ഇതിന് മേലെ ഇനി ഒന്നും വരാനില്ല എന്നത് തന്നെ.
എല്ലാ കാര്യങ്ങളും ചെയ്തിട്ടാണ് പപ്പാ പോയത്. എപ്പോഴും സന്തോഷവാൻ ആയിരുന്നു. ഗോവയിൽ ഒരു ട്രിപ്പ് പോകണം എന്ന ഒരു ആഗ്രഹം മാത്രം ബാക്കിയായി.
പോസ്റ്റ് മോർട്ടം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള 23 കിലോമീറ്റർ യാത്രയിൽ ഞാൻ നിർബന്ധപൂർവം ഒറ്റയ്ക്ക് ആംബുലൻസിൽ പപ്പയുടെ ഒപ്പം യാത്ര ചെയ്തു. മൂകമായ ഭാഷയിൽ ഞാനും പപ്പായും ഒത്തിരി കാര്യങ്ങൾ സംസാരിച്ചു.
എനിക്കും എന്റെ കുടുംബത്തിനും ഈ കഠിനമായ സാഹചര്യത്തിൽ പിന്തുണയായി നിന്നവരോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. പപ്പായെ ആശുപത്രിയിൽ എത്തിച്ച സന്മനസുള്ള വ്യക്തികൾ,എന്റെ സുഹൃത്തുക്കൾ, പപ്പയുടെ സുഹൃത്തുക്കൾ, നാട്ടുകാർ, ഞങ്ങളുടെ വാർഡ് മെമ്പർ, വൈദികർ, സിസ്റ്റർമാർ, എന്റെ സഹപ്രവർത്തകർ, ഫോൺ വഴിയും, മെസ്സേജ് വഴിയും ആശ്വസിപ്പിച്ചവർ.. എല്ലാവരും ഞങ്ങളുടെ പ്രാർത്ഥനകളിൽ എന്നുമുണ്ടാകും.
പപ്പായുടെ ജീവിതം കുടുംബത്തിന് വേണ്ടി ആയിരുന്നു. നീതിമാനായിരുന്നു എന്റെ പപ്പ.പപ്പ ദൈവസന്നിധിയിൽ ഉണ്ട്, അത് ഞങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസവും, പ്രത്യാശയും ചെറുതല്ല.
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരാൾ കൂടി ആയല്ലോ.എന്റെ പപ്പാ അവസാന ശ്വാസം വരെയും കുടുംബത്തിനായി അധ്വാനിച്ചു, വിശ്രമം എന്തെന്ന് അറിഞ്ഞിട്ടില്ല പാവം.ഇനി വിശ്രമിക്കൂ പപ്പാ, Rest In Peace എന്നാണ് അന്ത്യചുംബനം നൽകിയപ്പോൾ ഞാൻ പപ്പയോട് അവസാനം പറഞ്ഞത്.
പക്ഷെ വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത പപ്പാ ദൈവസന്നിധിയിലും വെറുതെ ഇരിക്കും എന്ന് തോന്നുന്നില്ല, പാപ്പയ്ക്ക് സിവിൽ വർക്ക് ഒരു പാഷൻ ആയിരുന്നു.
സ്വർഗത്തിലും ഞങ്ങൾക്ക് വേണ്ടി ഒരു ഭവനം പണിയുന്ന തിരക്കിലാകും ഇനി എന്റെ പപ്പാ.
ഞങ്ങൾ ദൈവസന്നിധിയിൽ വീണ്ടും കണ്ടുമുട്ടും എന്ന പ്രത്യാശയിൽ ആണ് ഇനിയുള്ള എന്റെ ജീവിതം..
Jithin K Jacob