ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ?
ഒപ്പം നിൽക്കുകയെന്നതും, കേൾക്കുകയെന്നതും മാത്രമാകണം മാനസിക പിന്തുണയുടെ പ്രധാന ലക്‌ഷ്യം.അനുഭവ തലങ്ങൾ പറയുകയാണെങ്കിൽ കേൾക്കാനുള്ള സന്മനസ്സുണ്ടാകണം .വൈകാരിക വിക്ഷോഭങ്ങൾ സ്വാഭാവിക പ്രതികരണമാണെന്ന് ബോധ്യപ്പെടുത്തണം .ഈ ഘട്ടത്തിൽ കൗൺസിലിങ് ചെയ്ത് കളയാമെന്ന ക്ളീഷേ വർത്തമാനം ഒഴിവാക്കാം . അത്തരം ഔപചാരിക ഇടപെടലിന് നിന്ന് തരാൻ ആർക്കെങ്കിലുമാകുമോ ?
തത്വചിന്താപരമായ വർത്തമാനങ്ങൾക്ക് പ്രസക്തിയില്ല. പാഴ് പ്രതീക്ഷകൾ നൽകേണ്ട.ഉപദേശങ്ങളും ഒഴിവാക്കുക.
വാക്കുകൾക്ക് ഒരു ശക്തിയുമില്ലാത്ത അസാധാരണ പ്രതിസന്ധിയാണിത്.കരുതലുണ്ടെന്നും ഒപ്പമുണ്ടെന്നുമുള്ള തോന്നലുണ്ടാക്കുന്ന സാന്നിധ്യം മാത്രം മതി.
വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ ആവശ്യങ്ങൾ അറിഞ്ഞു നിറവേറ്റുന്നതിലും മാനസിക പിന്തുണയുടെ വലിയ അംശമുണ്ട്. ഭക്ഷണം ,വസ്ത്രം, കിടക്കാനുള്ള സുരക്ഷിത ഇടം – ഇവയൊക്കെ നൽകുമ്പോൾ ഈ പ്രതിസന്ധി ഘട്ടത്തിൽ അവർ തനിച്ചാവുന്നില്ലെന്ന തോന്നൽ വരും.
പലരും പെട്ടെന്ന് അനാഥരാക്കപ്പെട്ടവരാണ് .ചിതറി പോയ കുടുംബാംഗങ്ങളെ കണ്ടെത്താനും അവരുടെ അവസ്ഥ എന്തെന്ന് അന്വേഷിക്കാനുമുള്ള സഹായങ്ങൾ നൽകണം. ആർക്കെങ്കിലും വിദഗ്ധ സഹായം വേണ്ടി വരുമെന്ന് തോന്നിയാൽ അതിനായി കണ്ണി ചേർക്കാം .മറ്റുള്ളവരുടെ സങ്കടങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ കഴിവുള്ള മനുഷ്യ സ്നേഹമുള്ള ആർക്കും ഇത് ചെയ്യാം.തുടക്കത്തിൽ അത്ര മാത്രം മതി.
സമാന സങ്കടമുള്ളവർ പരസ്പരം വിഷമം പങ്ക് വയ്ക്കുകയും വൈകാരിക പിന്തുണ നൽകുകയും ചെയ്യുന്ന സ്വയം സഹായ കൂട്ടായ്മ രൂപപ്പെടുവാനുള്ള സാഹചര്യം കൂടി ഒരുങ്ങണം .
മാനസികമായ തിരിച്ചു വരവിനുള്ള പ്രാപ്തി അവരിൽ തന്നെ വളർത്തിയെടുക്കണം .വിദഗ്ധർ ഈ ഘട്ടത്തിൽ ഇത്തരം ഇടപെടലുകളിൽ പിന്തുണക്കാരാണ്.മുറിവുണങ്ങാതെ പുതിയ പ്രശ്നങ്ങൾ മുള പൊട്ടുമ്പോൾ ഇവർ അവശ്യം അവിടെ വേണം.
(ഡോ :സി. ജെ .ജോൺ )