ഓരോ ദമ്പതിയും അവർക്കു സാധിക്കുന്ന വിധം എത്ര കുഞ്ഞുങ്ങൾക്ക് ജന്മം നൽകി വളർത്താൻ കഴിയുമോ അത്രെയും കുഞ്ഞുങ്ങളെ സ്വീകരിക്കണം എന്നും കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തുറവിയുള്ള ഹൃദയം ഉണ്ടാകണമെന്നും ലഭിച്ച കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി വളർത്തണം എന്നുമാണ് കത്തോലിക്ക സഭയുടെ നിലപാട്. ഈ നിലപാട് പറയാനും പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അതിൽ ഉറച്ചു നിൽക്കാനും സ്വതന്ത്ര ഭാരതത്തിൽ സഭയ്ക്ക് സ്വാതന്ത്ര്യം ഉണ്ട്. സഭ അത് ചെയ്തിരിക്കും. അതിൽ ആർക്കും സങ്കടം വേണ്ട.
ചൈനയുടെ കാലഹരണപ്പെട്ട ‘ഒറ്റക്കുട്ടി നയം’ കണ്ണുംപൂട്ടി സ്വീകരിച്ച ഒരു തലമുറ ഇവിടെ ഉണ്ട്. അവർക്കു അത് status symbol ആയിരുന്നു. ഇന്ന് ചൈന നയം മാറ്റി. “മണ്ടൻ നയമായിരുന്നു” എന്നും അവർ പിഴയേറ്റു പറഞ്ഞു. കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവർക്കു പാരിതോഷികം കൊടുക്കുകയാണ് ഇപ്പോൾ ചൈന.
ഇന്ന് സഭയുടെ പുതിയ തലമുറയിൽ അവർക്കു കൂടുതൽ കുട്ടികൾ വേണം എന്നൊരു പ്രവണത കാണുന്നു. അടുത്തിടെ വിവാഹം കഴിക്കുന്ന അറിവും വിവരവും വിദ്യാഭ്യാസവും ജ്ഞാനവും ഉള്ള പുതുതലമുറയിലെ സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഈ നവപ്രവണതയെ സഭ പ്രോത്സാഹിപ്പിക്കുന്നു എന്ന് മാത്രം. ഈ നിലപാടിൽ നിന്ന് സഭ പിന്നോട്ട് പോകരുതേ എന്ന് മാത്രം അപേക്ഷ.
ജീവന്റെ മൂല്യത്തെ ഉയർത്തിപ്പിടിച്ചു കുടുംബഭദ്രത സംരക്ഷിക്കാൻ പാലാ രൂപത എടുത്ത കുടുംബ സംരക്ഷണ നയത്തിന് അഭിനന്ദനങ്ങൾ.
ജോർജ് പനംതോട്ടം
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .