പൊതുസമൂഹത്തെ ഗ്രസിക്കുന്ന വിവിധങ്ങളായ തിന്മകളെകുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നത് സാമൂഹിക ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വിഘാതമാകുമോ എന്ന ചോദ്യം ഈ നാളുകളിലെ വിവിധ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചോദിക്കപ്പെടേണ്ടതാണ്.
സമൂഹത്തെ തളര്‍ത്തുകയും തകര്‍ക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ചെയ്തികള്‍, നന്മയും സമാധാനവും കാംക്ഷിക്കുന്നവര്‍ എന്ന നിലയില്‍ മതങ്ങളില്‍നിന്നും ഉത്ഭവിക്കേണ്ടതല്ല എന്നാണ് സാമാന്യയുക്തിയനുസരിച്ച് ചിന്തിക്കേണ്ടത്. എന്നാല്‍, മതവിശ്വാസത്തിന്റെയോ അതിലെ ആശയങ്ങളുടെയോ മറപിടിച്ച് സംഘടിതമായും അല്ലാതെയും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കൂടുതലും ചിലരുടെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുവേണ്ടിയാണ്. എങ്കിലും, ഒരു സമൂഹത്തെയോ വംശത്തെയോ ലക്ഷ്യമിട്ട്, അവരുടെ വളര്‍ച്ചയെ തടയാനും ആരാജകത്വത്തിലേക്ക് നയിക്കാനുമായി വ്യക്തമായ ലക്ഷ്യത്തോടെ സംഘടിതമായി നടത്തപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ചരിത്രം സാക്ഷിയാണ്. മതപരമായ ചില ലക്ഷ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
കൃത്രിമ ക്ഷാമം സൃഷ്ടിച്ച് പട്ടിണിമരണത്തെ ക്ഷണിച്ചുവരുത്തിയും, വംശീയതയുടെ ഗ്യാസ് ചേംബറുകള്‍ ജ്വലിപ്പിച്ചും, പ്രവാസത്തിന്റെ നിരന്തരമായ അലച്ചിലുകള്‍ നിര്‍മ്മിച്ചെടുത്തും അനേകം ജനതകളും സമൂഹങ്ങളും സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് ഇരകളാക്കപ്പെട്ടിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ ചരിത്രത്താളുകളില്‍നിന്ന് മറച്ചുപിടിക്കാനും അവയെ ന്യായീകരിക്കാനും ശ്രമങ്ങള്‍ നടത്തുന്നവരിലൂടെ ഇന്നും അത്തരം സാധ്യതകള്‍ അസ്തമിച്ചിട്ടില്ല എന്ന് തെളിയിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ആധുനിക കാലത്തില്‍, പരിഷ്കൃതമെന്ന് നാം വാഴ്ത്തിപ്പാടുന്ന നമ്മുടെ സമൂഹത്തില്‍ വിഭാഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സംഭവ്യമല്ല എന്ന വാദഗതികള്‍ കണ്ണടച്ച് ഇരുട്ടാക്കലാണ്. കാരണം, വാഴ്ത്തിപ്പാട്ടുകളുടെ ഈ ദിനങ്ങളില്‍ തന്നെയാണ് അടിച്ചമര്‍ത്തലുകളുടെ താലിബാനുകള്‍ സൃഷ്ടിക്കപ്പെടുകയും, ചിലര്‍ അതിനെ സ്വാതന്ത്ര്യമായി ആഘോഷിക്കുകയും ചെയ്യുന്നത്.
ജീവനും ധാര്‍മികതയ്ക്കും വേണ്ടിയുള്ള സന്ധിയില്ലാത്ത നിലപാടുകള്‍ മൂലം കത്തോലിക്കാസഭ, നിരന്തരമെന്നോണം അനിയന്ത്രിതവും സ്വാര്‍ത്ഥപൂരിതവുമായ സുഖലാഭസ്വാതന്ത്ര്യ ആശയസംഹിതകള്‍ അടിസ്ഥാനപ്രമാണമായ പ്രസ്ഥാനങ്ങളാല്‍, ആഗോള തലത്തില്‍ തന്നെ, നിഷ്ഠൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ ആതുരസേവന സാമൂഹികസൗഹാര്ദ്ദ മേഖലകളില്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായി കത്തോലിക്കാസമൂഹം സേവന നിരതരായിരുന്ന ഈ നാട്ടിലാകട്ടെ, രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ സഭയ്ക്കെതിരായി ഈയടുത്ത നാളുകളില്‍ പൊതുവേ തമസ്കരണത്തിന്റെയും തിരസ്കരണത്തിന്റെയും നിലപാടാണ് ചിലര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാടുകള്‍ ചില ഗൂഢകേന്ദ്രങ്ങളില്നിന്നും കാലാകാലങ്ങളായി നിര്മിച്ചെടുക്കപ്പെടുന്നവയാണ് എന്നത് വ്യക്തമാണ്.
വ്യാജവാര്‍ത്തകളുടെ നിരന്തരമായ പ്രചാരണത്തിലൂടെയും, ചിലരുടെ വീഴ്ചകളെ സഭയുടെ അപചയമായി ചിത്രീകരിച്ചും, സഭയുടെ മതേതരത്വദര്ശനത്തെ ചൂഷണം ചെയ്തും, ഇടയന്മാരെയും സമര്‍പ്പിതരെയും വിശ്വാസത്തെയും അവഹേളിച്ചും തങ്ങളുടെ അജണ്ടകള്‍ ഇവിടെ നിര്‍മ്മിച്ചെടുക്കാം എന്ന് കരുതുന്നവര്‍ ഭാരതത്തെ വിശിഷ്യാ, കേരളസമൂഹത്തെ പൂര്‍ണ്ണമായും അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന ഒരു ഘട്ടത്തിലാണ് സഭ ശക്തമായി പ്രതികരിച്ചു തുടങ്ങുന്നത്. ആഭ്യന്തരമായ പ്രബോധനങ്ങള്‍ പോലും ആഴ്ചകളോളം മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത് യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്നും വഴിതിരിച്ചു വിടുന്നത് കാണുമ്പോള്‍, മുന്‍പ് സൂചിപ്പിച്ച വിധ്വംസക പ്രസ്ഥാനങ്ങളുടെ അപകടകരമായ സ്വാധീനം കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്.
സംസ്ഥാന ദേശീയ അന്തര്‍ദേശിയ ഏജന്‍സികള്‍ തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് തന്ന മുന്നറിയിപ്പുകള്‍ നമ്മുടെ അറിവിലുണ്ടായിരിക്കെ, ഈ നാട്ടിലെ തീവ്രസംഘടനകളുടെ വിവിധങ്ങളായ വിധ്വംസകപ്രവര്ത്തന രീതികളെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍, മതസൗഹാര്‍ദ്ദം ചര്‍ച്ച ചെയ്യപ്പെടേണ്ട അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നെങ്കില് അത് അപകടകരമായ സാഹചര്യം തന്നെയാണ്. അത് മനസ്സിലാക്കിത്തന്നെയാണ് കേരള സഭ ഒറ്റക്കെട്ടായി സാമൂഹിക തിന്മകള്ക്കെതിരായി പ്രതികരിക്കാനും, വര്‍ഗീയ ധ്രൂവീകരണത്തെ എതിര്‍ക്കാനും തീരുമാനിച്ചിരിക്കുന്നത്. ജാഗ്രതയുടെ അടിയന്തരമായ അനിവാര്യതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന ഈ നാളുകളിലാണ് ഭാരത ക്രൈസ്തവര്‍, വിശിഷ്യാ കേരള കത്തോലിക്കാ സഭ അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ ആക്രമിക്കപ്പെടുന്നതും തെറ്റിദ്ധരിപ്പിക്കത്തക്ക തരത്തിലുള്ള പുകമറ സഭാസമൂഹങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ചുറ്റും സൃഷ്ടിക്കപ്പെടുന്ന പ്രവണത ശക്തമാകുന്നതും. ആത്യന്തികമായ സാമൂഹിക നന്മയുടെ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തമസ്കരിക്കുകയും, സഭാപരമായ വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളിലൂടെ വക്രീകരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പ്രവണത, അത് ഏത് പ്രത്യയശാസ്ത്രങ്ങളുടേതായാലും തുറന്ന് കാട്ടപ്പെടേണ്ടതാണ്.
രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലെതന്നെ, ഒരു പക്ഷേ, അവയെക്കാളധികമായി, സാമൂഹിക ഐക്യത്തിന്റെയും മാനുഷിക അവകാശങ്ങളുടെയും കാവല്ക്കാരെന്നനിലയിലും തിരുത്തല്‍ശക്തിയെന്ന നിലയിലും സാമൂഹിക തിന്മകള്ക്കെതിരേ പ്രതികരിക്കാനും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കാനുമുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. മുന്‍കാലങ്ങളില്‍ കലുഷിതമായ നിരവധി രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങളില്‍ നിര്‍ണ്ണായകമായ ഇടപെടലുകളിലൂടെ നിരവധി മാധ്യമങ്ങള്‍ ഈ ഉത്തരവാദിത്വം സമ്യക്കായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ ആരുടെയെങ്കിലും ആജ്ഞാനുവര്‍ത്തികളായി മാറിക്കഴിഞ്ഞിരിക്കുന്നുണ്ടോ എന്നുള്ളത് ആശങ്കാജനകമായ ഒരു ചോദ്യമാണ്. പൊതുജനത്തെ ഭീതിപ്പെടുത്തുകയും ആകുലപ്പെടുത്തുകയും ചെയ്യുന്ന വിഷയങ്ങള്‍ എന്തുകൊണ്ടാണ് പൊതുമാധ്യമങ്ങള്‍ക്ക് അപ്രധാനമായി മാറുന്നത്? അത്തരത്തിലുള്ള ആശങ്കകള്‍ ഉന്നയിക്കുന്നവരെ മറുചോദ്യങ്ങള്‍ ചോദിച്ച് നിശ്ശബ്ദരാക്കാനും ദുര്‍വ്യാഖ്യാനങ്ങള്‍ നല്കി പ്രതിക്കൂട്ടില്‍ നിര്‍ത്താനും മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുന്നെങ്കില്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
എല്ലാ സമുദായങ്ങളും തങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന അപചയങ്ങളെയും സാമൂഹിക മൈത്രിക്ക് വിരുദ്ധമായ തീവ്രആശയ സംഹിതകളെയും പ്രസ്ഥാനങ്ങളെയും തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാത്ത പക്ഷം ഇന്ന് നാം അഭിമുഖീകരിക്കുന്ന ആശയക്കുഴപ്പങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും പരിഹാരം ഇനിയുമേറെ വൈകും.
വിധ്വംസക പ്രവര്‍ത്തനങ്ങളുമായി നമുക്കിടയില്‍ കരുക്കള്‍ നീക്കുകയും, ആധാര്‍മിക സമ്പത്തിനാല്‍ മാധ്യമങ്ങളെയും രാഷ്ട്രീയസാംസ്കാരിക നേതാക്കളെയും വിലയ്ക്കെടുക്കുകയും, സാമൂഹിക ധ്രുവീകരണത്തിനായി കലകളെ പോലും ദുരുപയോഗിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയാനും വെളിച്ചത്തുകൊണ്ടുവരാനും പൊതുസമൂഹം ജാഗ്രതയോടെ വര്‍ത്തിക്കേണ്ടതുണ്ട്.
തീവ്രവാദപരമായ എല്ലാ സ്വാധീനശക്തികള്‍ക്കും അതീതരായി മാധ്യമങ്ങളും, രാഷ്ട്രീയ നേതാക്കളും, വിശിഷ്യാ, ഇവിടത്തെ സര്‍ക്കാരും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്.
ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ
എഡിറ്റോറിയൽ, -കെ സി ബി സി ജാഗ്രത ന്യൂസ്ഒക്ടോബർ ലക്കം