കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ ഫെബ്രുവരി 02 ന് ബുധനാഴ്ച രാവിലെ കർദിനാൾ വിശുദ്ധ കുർബാനയർപ്പിച്ചു. കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും കൂരിയായിൽ സേവനം ചെയ്യുന്ന വൈദികരും സഭയുടെ വലിയ ഇടയനോടൊപ്പം വി. കുർബാനയിൽ പങ്കുചേർന്നു സഭയ്ക്കും സമൂഹത്തിനും വലിയപിതാവിന്റെ മേൽപ്പട്ടശുശ്രൂഷയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്കു നന്ദി പറഞ്ഞു. സഭാകാര്യാലയത്തിൽ ശുശ്രൂഷചെയ്യുന്ന സമർപ്പിതരും അല്മായ ശുശ്രൂഷകരും വി. കുർബാനയിൽ പങ്കെടുത്തു. വി. കുർബാനയ്ക്കുശേഷം കൂരിയാ ബിഷപ്പിന്റെ നേതൃത്വത്തിൽ വലിയപിതാവിന് രജത ജൂബിലിയുടെ ആശംസകൾ നേർന്നു.
ചങ്ങനാശ്ശേരി അതിരൂപത ആരംഭിച്ച തക്കല മിഷനിലെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി 1996 ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ തക്കല രൂപത സ്ഥാപിച്ചപ്പോൾ പുതിയ രൂപതയുടെ മെത്രാനായി നിയമിച്ചതു ചങ്ങനാശ്ശേരി അതിരൂപതയുടെ അന്നത്തെ വികാരി ജനറാളായിരുന്ന ഫാ. ജോർജ് ആലഞ്ചേരിയെയാണ്. 1997 ഫെബ്രുവരി 2-ാം തീയ്യതി അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ മെത്രാപ്പോലീത്തായിൽ നിന്നു മെത്രാൻ പട്ടം സ്വീകരിച്ചു. സ്ഥാനാരോഹണ കർമ്മത്തിനു നേതൃത്വം നൽകിയത് അഭിവന്ദ്യ മാർ വർക്കി വിതയത്തിൽ പിതാവായിരുന്നു.
തമിഴ് ഭാഷ പഠിച്ചു തമിഴ് മക്കളുടെ ഹൃദയത്തിൽ ഇടംപിടിച്ചു പുതിയ രൂപതയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ബിഷപ് ജോർജ് ആലഞ്ചേരി പതിനാലുവർഷം തക്കലയിൽ ഇടയശുശ്രൂഷ ചെയ്തു. അഭിവന്ദ്യ വർക്കി വിതയത്തിൽ പിതാവ് കാലം ചെയ്തതിനെ തുടർന്നു സമ്മേളിച്ച സീറോമലബാർസഭയുടെ മെത്രാൻ സിനഡ് സീറോമലബാർസഭയെ നയിക്കാനുള്ള നിയോഗം ഭരമേൽപ്പിച്ചതു തക്കലയുടെ ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ ആയിരുന്നു. 2011 മെയ് 29 ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പായി മാർ ജോർജ് ആലഞ്ചേരി സ്ഥാനമേറ്റടുത്തു.
പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2012 ഫെബ്രുവരി 18 ന് മാർ ജോർജ് ആലഞ്ചേരി പിതാവിനെ കർദിനാൾ സ്ഥാനത്തേയ്ക്കുയർത്തി. 2013 ൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കർദിനാൾമാരുടെ കോൺക്ലേവിൽ പങ്കെടുത്തു. മെത്രാൻപട്ട സ്വീകരണത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ പ്രസിഡണ്ട്, കേരള ഇന്റർ ചർച്ച് കൗൺസിലിന്റെ ചെയർമാൻ എന്നീ നിലകളിലും കേരളസഭയിൽ നേതൃത്വം നൽകിവരുന്നു.