കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിതനായ കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ നിയമനം മാതൃസഭയ്ക്കും ഭാരതസഭയ്ക്കും അഭിമാനമുളവാക്കുന്നതാണെന്നു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കർദിനാൾ മാർ ജോർജ് കൂവക്കാടിനു സാധിക്കട്ടെയെന്നു മേജർ ആർച്ചുബിഷപ്പ് ആശംസാസന്ദേശത്തിൽ പറഞ്ഞു.
“പരിശുദ്ധ പിതാവിന്റെ മാർഗനിർദേശത്തിലും തനിക്കു മുമ്പുള്ളവർ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാർദ്ദത്തിന്റെ പാത പിന്തുടർന്നുകൊണ്ടും എല്ലാവരുടെയും പ്രാർത്ഥനയിൽ ആശ്രയിച്ചും ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു” എന്ന കർദിനാൾ കൂവക്കാട് പിതാവിന്റെ വാക്കുകൾ പ്രചോദനാത്മകമാണ്. സാംസ്കാരിക വൈവിധ്യവും ബഹുമത വിശ്വാസങ്ങളുമുള്ള ഇന്ത്യയിൽ ജനിച്ചുവളർന്നതു മതാന്തര സംവാദങ്ങളുടെ ഈ ഉത്തരവാദിത്വ നിർവ്വഹണത്തിൽ അദ്ദേഹത്തിനു മുതൽക്കൂട്ടാകുമെന്നു കരുതുന്നതായും മാർ റാഫേൽ തട്ടിൽ പിതാവ് കൂട്ടിച്ചേർത്തു. ഫ്രാൻസിസ് മാർപാപ്പ ഭരമേല്പിച്ച ഈ വലിയ ദൗത്യം വിജയകരമായി നിർവ്വഹിക്കുവാൻ കർദിനാൾ കൂവക്കാട് പിതാവിനു സീറോമലബാർസഭയുടെ മുഴുവൻ പ്രാർത്ഥനയും മേജർ ആർച്ചുബിഷപ്പ് വാഗ്ദാനം ചെയ്തു.
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ
ജനുവരി 24, 2025