സഭയിൽ വ്യത്യസ്തമായ സന്യാസ അനുഭവം വിളമ്പിതന്ന, അഗസ്റ്റസ് സീസർ എന്ന് സ്നേഹത്തോടെ വിളിക്കുന്ന, അഗസ്റ്റസ് തേക്കാനത്ത് C.M.I, സ്വർഗ്ഗപ്രാപ്തിക്കായി കടന്നുപോയി. ആ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം.
കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ഈ അഗസ്റ്റസച്ചൻ എന്ന വിസ്മയം. കരുത്തുറ്റ മനസ്, തളരാത്ത ശരീരം, ആരെയും കൂസാത്ത പ്രകൃതം, അടിയറ വയ്ക്കാത്ത അഭിമാനം, പരുക്കനെന്ന് തോന്നുമെങ്കിലും സരസമായ സംഭാഷണം…. സ്വരം പോലെ ഉറച്ച തീരുമാനങ്ങളുടെ മനുഷ്യൻ. എന്താടാ എന്ന് ചോദിച്ചാൽ ആരാടാ എന്ന് തിരിച്ച് ചോദിക്കുന്ന തന്റെടമുള്ള CMI ക്കാരൻ. നമ്മുടെ സ്വന്തം ‘The Constructor’. സഭയിൽ അങ്ങിനെ ഒരു കാലമുണ്ടായിരുന്നു, ‘അഗസ്റ്റസ് സീസർ’ കാലം.
ആഘോഷ മേശകളിലുണ്ടാകില്ലദ്ദേഹം, ആ സമയം മേശയിൽ ഭക്ഷണമെത്തിക്കാൻ, അടുക്കളയിലാവും. വിഷാദ മുഖത്തോടെ കണ്ടിട്ടില്ല. ആരെങ്കിലും വിഷമിച്ചിക്കുന്നാൽ ‘അതൊന്നും വലിയ പ്രശ്നമില്ലടാ ചെറുക്കാ’, എന്നു പറഞ്ഞ് തോളത്തുതട്ടുന്ന നല്ല സുഹൃത്ത്. അതുകൊണ്ടാവാം ഒരു കാലത്ത് സഭയിൽ ചേർന്നവർക്ക് അദ്ദേഹത്തിൽ ഒരു ‘നാടൻ അപ്പന്റെ’ രൂപം കാണാൻ കഴിഞ്ഞത്.
ധാർമ്മിക രോഷത്തിന്റെ മനുഷ്യൻ, അരുതാത്തത് കാണുകയും കേൾക്കുകയും ചെയ്താൽ അദ്ദേഹത്തിന്റെ നാവിൽ തീ പടരും. അവിടെ CMI ക്കാരണെന്നോ, Non -CMI ക്കാരനെന്നോ, കത്തോലിക്കനെന്നോ, അകത്തോലിക്കനെന്നോയില്ല.പരദൂഷണം പറഞ്ഞ് കേട്ടിട്ടില്ല. അത് പറയുന്നവരോട് കൂടാറുമില്ല. പറയാനുള്ളത് നേരേ പറയും അത് ആരായാലും. പിന്നെ അദ്ദേഹത്തോട് മുട്ടാനും ആരും മടിക്കും.കോപിക്കാൻ പോലും പ്രസാദിക്കാത്ത മഹാരഥന്മാരുടെ നടുവിൽ, തന്നെ അവഗണിക്കുന്നവനെപ്പോലും ശാസിച്ചും, ലാളിച്ചും നിത്യം പരിഗണിച്ചും വളർന്ന വ്യക്തി. വഴിയിൽ കാണുന്ന സാധാരണക്കാരനോടുപോലും സംസാരിക്കാനും, ഇടപഴകാനും കാണിച്ച സാഹസമാണ് അഗസ്റ്റസച്ചനെ ജനകീയനാക്കിയത്.
തൊഴിലാളികളും, മുതലാളിമാരും അദ്ദേഹത്തിനൊരു പോലെയാണ്. കൂട്ടക്രമത്തിന്റെ കാര്യത്തിൽ തികഞ്ഞ യാഥാസ്ഥിതികൻ. സഭയെ മാറോട് ചേർത്ത് സ്നേഹിക്കുന്ന 100 % കർമ്മലീത്തൻ. പാട്ടുകാരനായ് തിളങ്ങി ഇന്നും വൈദീകരുടെ സംസ്കാരചടങ്ങിൽ നിലയ്ക്കാത്ത ‘വിടവാങ്ങുന്നേൻ….’ മുഴക്കം. തിന്മകളെ ജീവിതത്തിന്റെ നന്മകൾ കൊണ്ട് മറികടന്ന്, സന്യാസം ശുശ്രൂഷയാണെന്ന് ജീവിതം കൊണ്ട് നമ്മെ പഠിപ്പിക്കുന്ന കരുത്തിന്റെ ആൾ രൂപമായ അഗസ്റ്റസച്ചാ, അങ്ങേയ്ക്ക് ആദരാഞ്ജലികൾ.
(പ്രചോദനം: ഏതാനും നാൾ മുമ്പ് സോജുവച്ചൻ പങ്കുവച്ച ഓർമ്മക്കുറിപ്പ്)
ഫാ .ജെയ്സൺ മുളയരിക്കൽ