കാഞ്ഞിരപ്പള്ളിയിലെ അഡോറേഷന്‍ കോണ്‍വന്‍റിലെ ഒരു സന്യാസിനിയുടെ മരണവാര്‍ത്ത കഴിഞ്ഞദിവസം മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും ഏറെ പ്രചരിക്കുന്നതു കണ്ടു. “ഏറെ വർഷങ്ങളായി തുടരുന്ന ചികിത്സകൾക്കിടയിലും പലവിധ ആരോഗ്യ പ്രശ്നങ്ങളാൽ വിശ്രമത്തിൽ കഴിയുകയായിരുന്നു ഈ കന്യാസ്ത്രീ. ഏറെ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് വെന്റിലേറ്ററിലൂടെ നോക്കിയപ്പോൾ സിസ്റ്റർ ആൻ മരിയ മരിച്ചതായി മനസിലാക്കുകയും തുടർന്ന് സിസ്റ്ററിന്റെ സുപ്പീരിയേഴ്‌സിനെയും, പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു” എന്ന് ഔദ്യോഗിക വിശദീകരണവും സഭാ നേതൃത്വം നൽകി. ഈ വാര്‍ത്ത വളരെ ഉത്സാഹത്തോടെയാണ് പലരും ഷെയര്‍ ചെയ്തത്. ചിലര്‍ വളരെ നികൃഷ്ടമായ രീതിയിലാണ് ഈ വാര്‍ത്തയോടു പ്രതികരിച്ചത്. ഒരു സാധുസ്ത്രീയുടെ ജീവിതാന്ത്യത്തെ പരിഹാസ്യമായ വിധത്തില്‍ ആഘോഷമാക്കി പ്രചരിപ്പിക്കുന്ന കുറെ മാനസികരോഗികള്‍ നമുക്കു ചുറ്റുമുണ്ട്. ചില മാന്യന്മാരുടെ അധമബോധത്തിന്‍റെ ആഴം അറിയണമെങ്കില്‍ ദുഃഖകരമായ ഇത്തരം സംഭവങ്ങളോടുള്ള അവരുടെ പ്രതികരണം വായിച്ചാല്‍ മതി.
ബൈബിള്‍ പണ്ഡിതര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ പറയുന്നത് “കന്യാസ്ത്രീകൾ ക്രിസ്തുവിന്‍റെ മണവാട്ടികളാണ് എന്നതിനു ബൈബിളിൽ തെളിവില്ല” എന്നാണ്. “ജീവിതത്തിലെ ഗതികേടുകൊണ്ടാണ് ചിലര്‍ സന്യസ്തരാകുന്നതെന്നാണ്” ഒരു യുക്തിവാദി തൻ്റെ FB പേസ്റ്റിൽ എഴുതിയത്. ക്രൈസ്തവസഭയിലെയും ഇതരമതങ്ങളിലെയും സന്യസ്ത ജീവിതത്തെക്കുറിച്ചും അവിവാഹിതരായി സാമൂഹിക, ശാസ്ത്രീയ, രാഷ്ട്രീയ മേഖലകളില്‍ ജീവിതവിജയം നേടിയ അനേകരേക്കുറിച്ചുമുള്ള അജ്ഞതയാണ് പലരും ഇത്തരം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ വിഷയത്തെക്കുറിച്ചു വ്യക്തമായി അറിവുള്ള മറ്റുചിലര്‍ വസ്തുതകള്‍ മനഃപൂര്‍വ്വം മറച്ചുവച്ചുകൊണ്ടാണ് പ്രതികരണങ്ങള്‍ നടത്തുന്നത്.
അവിവാഹിതര്‍
പൊതുജീവിതത്തില്‍
പൗരാണിക കാലഘട്ടംമുതല്‍ അവിവാഹിതരായി ജീവിക്കുക, സന്യസ്തരായി ഏകാന്തവാസം നയിക്കുക, (eremite) ബ്രഹ്മചാരികളായി (celibate) സമൂഹത്തില്‍ ജീവിക്കുക എന്നതും വിവാഹജീവിതംപോലെ എല്ലാ മനുഷ്യസമൂഹങ്ങളിലും നിലനില്‍ക്കുന്ന ഒരു ജീവിതരീതിയാണ്. ഇത് ബൈബിളിന്‍റെയോ ക്രിസ്തുവിശ്വാസത്തിന്‍റെയോ ഭാഗമായി രൂപപ്പെട്ട ഒരു ജീവിതക്രമമല്ല. മതസമൂഹങ്ങള്‍ക്കു വെളിയില്‍, തത്വചിന്തയുടെ ലോകത്തു പ്ലേറ്റോ മുതല്‍ ആദിമസഭയിലെ പ്രമുഖ ക്രൈസ്തവ ചിന്തകനും തിയോളജിയനുമായിരുന്ന ജസ്റ്റിന്‍ മാര്‍ട്ടയര്‍ വരെയുള്ള അറിയപ്പെടുന്ന മഹാജ്ഞാനികള്‍ പലരും അവിവാഹിതരായിരുന്നു. കീര്‍ക്കഗര്‍, നീഷേ, വോള്‍ട്ടയര്‍ തുടങ്ങിയ ആധുനിക ചിന്തകരും കമ്യൂണിസ്റ്റുകളും നിരീശ്വരവാദികളും ഉള്‍പ്പെടെ പ്രമുഖരായ പലരും ദര്‍ശനങ്ങളുടെയും പ്രത്യശാസ്ത്രങ്ങളുടെയും അന്വേഷണത്വരയില്‍ വിവാഹജീവിതം വേണ്ടെന്നുവച്ചവരായിരുന്നു.
പ്രമുഖ സംഗീതജ്ഞനായിരുന്ന ബീഥോവാനും വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാരും ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഒന്നും പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന സര്‍ ഐസക് ന്യൂട്ടണും നോവലിസ്റ്റ് ജെയിന്‍ ഓസ്റ്റിനും ആധുനിക നഴ്സിംഗിന് അടിസ്ഥാനമിട്ട ഫ്ളോറന്‍സ് നൈറ്റംഗിളും ഈ നൂറ്റാണ്ടില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്‍ടലീസ റൈസും എല്ലാം അവിവാഹതരായി ജീവിച്ച/ ജീവിക്കുന്ന പ്രമുഖരില്‍ ചിലരാണ്. അവിവാഹിതരായി സാമൂഹികസേവനം നിര്‍വ്വഹിച്ചവരും രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും ഉള്‍ക്കൊള്ളുന്നതാണ് ആധുനിക ഇന്ത്യയും. ഇന്ത്യന്‍ പ്രസിഡന്‍റും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍ കലാമും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും അവിവാഹിതരായിരുന്നു. പ്രമുഖ വ്യസായി രത്തന്‍ ടാറ്റ, പ്രമുഖ ഗായിക ലതാ മങ്കേഷ്കര്‍, അന്നാ ഹസാരെ, ജയലളിത, മമതാ ബാനര്‍ജി തുടങ്ങി അവിവാഹിതരായി സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചത് അനേകരാണ് ഭാരതത്തിലുള്ളത്.
അവിവാഹിതര്‍മതജീവിതത്തില്‍
സ്ത്രീകളും പുരുഷന്മാരും മതവിശ്വാസത്തിന്‍റെ പേരിലോ മറ്റ് ആത്മീയദര്‍ശനങ്ങളുടെ പേരിലോ അവിവാഹിതരായി ജീവിക്കുന്നുതും ലോകമതങ്ങളുടെ ചരിത്രത്തില്‍ സർവ്വസാധാരണമാണ്. ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധന്‍ അവിവാഹിതനായിരുന്നു. ബൈബിളിലേക്കു വരുമ്പോള്‍ യേശുക്രിസ്തുവും അദ്ദേഹത്തിന്‍റെ മുന്നോടിയായി വന്ന സ്നാപക യോഹന്നാനും അവിവാഹിതരായിരുന്നു. മത, ആത്മീയമുന്നേറ്റത്തിന് നേതൃത്വം നല്‍കിയ വീരപുരുഷന്മാരുടെ പാത പിന്‍പറ്റി വിവാഹജീവിതം ഉപേക്ഷിച്ച അനേകായിരങ്ങളെ മതങ്ങളുടെ ചരിത്രത്തില്‍ കാണാൻ കഴിയും.
സന്യസ്തജീവിതവുംക്രൈസ്തവസഭയും
ഹിന്ദുത്വത്തിലും ബുദ്ധിസത്തിലും മതജീവിതത്തിന്‍റെ ഭാഗമായി സന്യാസികളും സന്യാസിനികളുമുണ്ട്. കേരളത്തില്‍ മാതാ അമൃതാനന്ദമയിയും അവരുടെ ആശ്രമത്തില്‍ സന്യാസി, സന്യാസിനികളായ അനേകം സ്ത്രീ-പുരുഷന്മാരും ഉണ്ട്. ഇസ്ലാമതത്തിലെ സന്യാസവിഭാഗമായ സൂഫിസത്തില്‍ ഒരുകാലഘട്ടംവരെ സൂഫികള്‍ അവിവാഹിതരായിരുന്നു. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഒരുപോലെ സൂഫിസം പിന്‍പറ്റാമെന്നൊരു ചിന്ത പിന്നീടു രൂപപ്പെട്ടതാണെന്നു സൂഫിസത്തിന്‍റെ ചരിത്രത്തില്‍ കാണാം. അപ്പോള്‍ സന്യസ്തജീവിതം എന്നത് കത്തോലിക്കാ സഭയുടെ മാത്രമോ ക്രൈസ്തവസഭകളില്‍ മാത്രമോ രൂപപ്പെട്ട ഒരു ജീവിതരീതിയല്ല എന്നു സാരം.
ക്രൈസ്തവസഭയുടെ പ്രാരംഭകാലത്തു വിവിധ ദേശങ്ങളില്‍ സഭയുടെ സ്ഥാപനത്തിനും സുവിശേഷപ്രഘോഷണത്തിനും നേതൃത്വം നല്‍കിയ വിശുദ്ധ പൗലോസ് അവിവാഹിതനും സഭയില്‍ വിവാഹരഹിത ജീവിതം പ്രോത്സാഹിപ്പിച്ച വ്യക്തിയുമായിരുന്നു. എല്ലാവരും തന്നെപ്പോലെ (1 കൊരി 7:7) ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരായി കാണുവാന്‍ അദ്ദേഹം ആശിച്ചിരുന്നു. “സംയമനം സാധ്യമല്ലാത്തവര്‍ വിവാഹിതരാകട്ടെ” (1 കൊരി 7:9) എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം. കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ തത്പരരായി (1 കൊരി 7:34) ജീവിക്കുന്ന അവിവാഹിതകളും കന്യകകളും ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കുവാന്‍ അദ്ദേഹം നിഷ്കര്‍ഷിക്കുന്നുണ്ട്. കൂടാതെ വിശുദ്ധ ബൈബിളില്‍ വെളിപാടു പുസ്തകം 14-ാം അധ്യായത്തില്‍ ബ്രഹ്മചാരികളായ നൂറ്റിനാല്‍പ്പത്തി നാലായിരം (വാക്യം 4) വ്യക്തികളെക്കുറിച്ച് പ്രതിപാദിക്കുന്നു. ബ്രഹ്മചര്യമെന്ന ജീവിതക്രമത്തിന് തിരുലിഖിതം നല്‍കുന്ന പ്രാധാന്യമാണ് ഇവിടെ സ്പഷ്ടമാകുന്നത്.
വിവാഹിതരായ ബിഷപ്പുമാരെക്കുറിച്ചും വിശുദ്ധ ബൈബിളില്‍ പ്രതിപാദ്യമുണ്ട് എന്നതു വിസ്മരിക്കുന്നില്ല. പൗലോസ് അപ്പൊസ്തൊലന്‍ തിമോത്തിയോസിന് എഴുതിയ ലേഖനത്തില്‍ “ഏകഭാര്യാവ്രതം ഉറപ്പുവരുത്തുന്നവനായിരിക്കണം മെത്രാൻ” എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട് (1 തിമോത്തി 3:2-5). എന്നാല്‍ സഭയുടെ ഘടനയില്‍, വിശ്വാസ ജീവിതരീതികളില്‍ കാലാകാലങ്ങളില്‍ ഉരുത്തിരിഞ്ഞ ചിന്തകളുടെയും ബോധനങ്ങളുടെയും പുരോഗതിയില്‍ ബ്രഹ്മചര്യം പുരോഹിതന്മാര്‍ക്കു പ്രധാനപ്പെട്ട ഒരു യോഗ്യതയായി കണക്കാക്കാന്‍ തുടങ്ങി. സ്വര്‍ഗ്ഗരാജ്യത്തെപ്രതി സ്വയം ഷണ്ഡത്വം സ്വീകരിക്കുന്നവരെക്കുറിച്ച് ഈശോമശിഹാ തന്‍റെ ശിഷ്യരോടു പറയുന്നുണ്ട് (മത്തായി 19:12). ഈ വചനത്തെ ആസ്പദമാക്കിയാണ് ഒന്നാം നൂറ്റാണ്ടു മുതല്‍ കിഴക്ക്, പടിഞ്ഞാറ് സഭകളില്‍ ബ്രഹ്മചര്യം നിലവില്‍ വരുന്നത്. സന്യാസം, ബ്രഹ്മചര്യം, അവിവാഹിത ആത്മീയജീവിതം എന്നിവ നിഷിദ്ധമാണെന്നു ദൈവവചനത്തില്‍ എവിടെയും പറയുന്നില്ല. കൂടാതെ, ദൈവരാജ്യത്തെപ്രതി ഷണ്ഡത്വം സ്വീകരിക്കുന്നതില്‍ മഹത്വമുണ്ടെന്ന് ഈശോമശിഹാ വ്യക്തമാക്കുന്നുമുണ്ട്.
ഈശോമശിഹായുടെ അമ്മയായ പരിശുദ്ധ കന്യകമറിയം വിവാഹിതയെങ്കിലും നിത്യകന്യകയായിരുന്നു എന്ന വിശ്വാസമാണ് ക്രൈസ്തവസഭ ആദിമനൂറ്റാണ്ടുമുതല്‍ വച്ചുപുലര്‍ത്തുന്നത്. ഒന്നാം നൂറ്റാണ്ടിലെ സഭാപിതാവായ ഇഗ്നേഷ്യസിന്‍റെ കത്തുകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ദൈവമാതാവിനു ശുശ്രൂഷചെയ്തുകൊണ്ട് കൂടെ താമസിച്ചിരുന്ന ഭക്തസ്ത്രീകളെക്കുറിച്ചും സഭാപിതാക്കന്മാര്‍ സൂചന നല്‍കുന്നുണ്ട്. അവിവാഹിതരായി മറിയത്തോടൊപ്പം സഹവസിച്ച ഈ ഭക്തസ്ത്രീകളുടെ പിന്തുടര്‍ച്ചയാണ് ക്രൈസ്തവ സന്യാസിനികള്‍ എന്നൊരു പാരമ്പര്യവിശ്വാസം എക്കാലത്തും ശക്തമാണ്.
ക്രൈസ്തവ സന്യാസത്തിന്‍റെചരിത്രപശ്ചാത്തലം ആദിമസഭയില്‍
ക്രൈസ്തവസഭയില്‍ സന്യാസജീവിതക്രമം രൂപപ്പെട്ടതിന്‍റെ ചരിത്രപശ്ചാത്തലത്തിനു കളമൊരുക്കിയ മറ്റൊരു ഘടകം ആദിമസഭയുടെ കാലഘട്ടത്തില്‍ നേരിട്ട അതിക്രൂരമായ മതമര്‍ദ്ധനങ്ങളായിരുന്നു. വിശ്വാസത്തിന്‍റെ പേരില്‍ പീഡനങ്ങള്‍ പതിവായ ആ കാലഘട്ടത്തില്‍ വനങ്ങളിലേക്കും മരുഭൂമികളിലേക്കും ഒളിച്ചുപോയവര്‍ അവിടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വെവ്വേറെ സമൂഹങ്ങളായി ജീവിച്ചു. പ്രാര്‍ത്ഥനയും ഉപവാസവും ഉപജീവനമാര്‍ഗ്ഗത്തിനായി കൃഷിയും മൃഗപരിപാലനവും ആരംഭിച്ച ഇത്തരം സമൂഹങ്ങള്‍, രംഗം ശാന്തമായപ്പോഴേക്കും ഈ ജീവിതചര്യയോടു ഏറെ താദാമ്യപ്പെട്ടിരുന്നു. കാലാന്തരത്തില്‍ അവര്‍ വനത്തിലെ താപസന്മാരായും മരുഭൂമിയിലെ പിതാക്കന്മാരായും അറിയപ്പെട്ടു.
ക്രൈസ്തവസഭയുംഏകാന്തവാസികളും
ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ ഏകാന്തവാസികളായ അനേകം പിതാക്കന്മാരെ കാണുവാന്‍ സാധിക്കും. “നഗരങ്ങളെയും പണത്തെയും വെറുത്തു”കൊണ്ട് മരുഭൂമികളില്‍ ജീവിച്ച വിശുദ്ധ അന്തോണിയും വിശുദ്ധ മക്കാറിയോസും വിശുദ്ധ അര്‍സേനിയോസും ഇവരില്‍ ചിലര്‍ മാത്രമാണ്. മരുഭൂമിയിലെ മാതാവായി അറിയപ്പെടുന്ന ഏകാന്തവാസിനിയാണ് സിസ്റ്റര്‍ സിക്ലേറ്റിക്ക (St. Amma Syncletica (316-400).
ഏകാന്തവാസികളുടെ എഴുത്തുകളില്‍ ”ഈ ജീവിതം അത്യുത്തമമായിരുന്നു” എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി Hermits and New Monasticism എന്ന ഗ്രന്ഥത്തില്‍ (പേജ് 9) Henrietta Leyser എഴുതുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഏകാന്തവാസികളായി സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ജീവിക്കുന്ന ക്രിസ്ത്യന്‍ സന്യാസിനികള്‍ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലുമുണ്ട് എന്നത് ഒരുപക്ഷേ പലര്‍ക്കും അത്ഭുതമുളവാക്കുന്ന കാര്യമായിരിക്കും.
സന്യസ്തരുടെസാമൂഹികജീവിതം
ഏകാന്തവാസത്തെയും സമൂഹമായി ജീവിക്കുന്നവരുടെ സന്യാസത്തെയും സംബന്ധിച്ച് വിശുദ്ധ ബേസില്‍ പറയുന്നത് “തനിക്ക് മറ്റ് സന്യാസികളോടൊത്തുള്ള ജീവിതമായിരുന്നു പ്രിയപ്പെട്ടത്” എന്നാണ്. അതിന് കാരണമായി അദ്ദേഹം പറയുന്നത്, “ഏകനായി ജീവിച്ചാല്‍ തന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ ആരുമുണ്ടാകില്ല, ആത്മീയമായി പരിപക്വമാകുവാന്‍ മറ്റൊരുവന്‍റെ സാന്നിധ്യം അനിവാര്യമാണ്” എന്നായിരുന്നു. കൂടാതെ, “താഴ്മയും ക്രിസ്തീയജീവിത വിശുദ്ധിയും സേവനോത്സുകതയും നിലനിര്‍ത്തുവാന്‍ സമൂഹജീവിതമാണ് മഹനീയം” എന്നായിരുന്നു വിശുദ്ധ ബേസില്‍ മനസ്സിലാക്കിയത് (Hermits and New Monasticism -പേജ് . ഇപ്രകാരം സന്യാസജീവിതത്തിലൂടെ ക്രിസ്തീയവിശ്വാസം പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ക്രൈസ്തവര്‍ ഇന്നു ലോകത്തുണ്ട്.
കത്തോലിക്കാ സഭയില്‍ സന്യാസിനികളായി ഏകദേശം ആറര ലക്ഷത്തോളം സ്ത്രീകള്‍ ശുശ്രൂഷചെയ്യുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. ലോകത്തെ മാറ്റിമറിച്ച ആദ്യത്തെ പത്തു സന്യാസിനികളില്‍ ഒരാളായിട്ടാണ് മദര്‍ തെരേസയെ കണക്കാക്കുന്നത്.
പ്രമുഖ പ്രൊട്ടസ്റ്റന്‍റ്സഭയായ ആംഗ്ലിക്കന്‍ സഭയില്‍ മാത്രം 2500 ഓളം സന്യാസിനികള്‍ ഇന്നുണ്ട്. കൂടാതെ, ചര്‍ച്ച് ഓഫ് സ്വീഡന്‍, ലൂഥറന്‍ സഭകളിലെല്ലാം സന്യാസവ്രതം നിലനില്‍ക്കുന്നു. പെന്തക്കൊസ്തലിസം കേരളത്തില്‍ ആരംഭിച്ചപ്പോള്‍ ആദ്യകാല പെന്തക്കൊസ്ത് ഉപദേശിമാര്‍ അവിവാഹിതരാട്ടാണ് ഈ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. നിരവധി സ്ത്രീകള്‍ അവിവാഹിതരായി ജീവിച്ചുകൊണ്ട് പെന്തക്കൊസ്ത് സഭകളുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിലോണ്‍ പെന്തക്കൊസ്ത് മിഷൻ, ദി പെന്തക്കൊസ്ത് മിഷന്‍ തുടങ്ങിയ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുന്നത് അവിവാഹിതരായ സ്ത്രീകളും പുരുഷന്മാരും മാത്രം ഉള്‍പ്പെടുന്ന സംഘമാണ്.
കന്യാസ്ത്രീകള്‍ കര്‍ത്താവിന്‍റെ മണവാട്ടികള്‍
കത്തോലിക്കരായ കന്യാസ്ത്രീകള്‍ ക്രിസ്തുവിന്‍റെ മണവാട്ടിമാരായിട്ടാണ് തങ്ങളെ കരുതുന്നത്. “ക്രിസ്തുവിനെ കര്‍ത്താവായി ഹൃദയത്തില്‍ ആരാധിച്ചുകൊണ്ട്” (1 പത്രോസ് 3:15) ക്രിസ്തുവിന്‍റെ മണവാട്ടിയാണ് താനെന്ന വിശ്വാസബോധ്യത്തില്‍ ജീവിക്കുവാനാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീകള്‍ ഈ വസ്തുത ഉറച്ചുവിശ്വസിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. കുടുംബജീവിതം നയിക്കുന്നവര്‍ക്ക് പലപ്പോഴും ഇത്തരം അവബോധങ്ങളില്‍ ആഴ്ന്നിറങ്ങാന്‍ കഴിയാതെ വരുന്നു എന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം പ്രതിബന്ധങ്ങളില്ലാതെ കര്‍ത്താവിനെ വാസ്തവമായി സേവിക്കുന്ന കന്യാസ്ത്രീകള്‍ പരസ്യമായി തങ്ങള്‍ ക്രിസ്തുവിന്‍റെ മണവാട്ടികളാണ് എന്നു പറയുന്നത് വാസ്തവത്തില്‍ ഓരോ ക്രൈസ്തവനെയും പ്രചോദിപ്പിക്കേണ്ട സംഗതിയാണ്. കന്യാസ്ത്രീകളുടെ ഈ അവകാശവാദം വചനവിരുദ്ധമല്ല, തികച്ചും വചനാധിഷ്ഠിതമാണ്. തങ്ങള്‍ മാത്രമേ ക്രിസ്തുവിന്‍റെ മണവാട്ടിമാരായിട്ടുള്ളൂ എന്ന് അവര്‍ ഒരിക്കലും അവകാശപ്പെടാറില്ല എന്നത് വിസ്മരിക്കരുത്.
മാത്യൂ ചെമ്പുകണ്ടത്തിൽ