മലബാറില്‍ നിന്നും ജീസസ് യൂത്തില്‍ സജീവമായിരുന്ന ഈ അഞ്ചുയുവതീയുവാക്കള്‍ ബസ് അപകടത്തില്‍ കത്തിയമര്‍ന്നിട്ട് മാര്‍ച്ച് 11 ഇന്നലെ 19 വര്‍ഷം തികഞ്ഞു. ജീസ്സസ് യൂത്തിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ ദിനമാണിത്.2001 മാര്‍ച്ച് 11ന് കോട്ടയ്ക്കലിന് സമീപം പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നത് അഞ്ച് ജീസ്സസ്യൂത്ത് അംഗങ്ങളാണ്.
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍ നിന്നുള്ള ചുവപ്പുങ്കല്‍ റോയി, ചെമ്പനോടയില്‍ നിന്നുള്ള പാലറ റീന, കാവില്‍പുരയിടത്തില്‍ രജനി, കറുത്തപാറയില്‍ ഷിജി, വാഴേക്കടവത്ത് ബിന്ദു ഇവരെല്ലാം ഇടുക്കിയിലെ രാജപുരം ഇടവകയില്‍ നടന്ന പത്ത് ദിവസത്തെ ജീസ്സസ് യൂത്ത് പാരിഷ് മിനിസ്ട്രിക്കും മിഷന് വോളന്റിയേഴ്സ് പ്രോഗ്രാമിനും ശേഷം വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം.ഇവര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡീസല്‍ടാങ്കിന് എങ്ങനെയോ തീപിടിച്ച് ബസ് ഒരു അഗ്നിഗോളമായി മാറുകയായിരുന്നു. വലിയ ശബ്ദവും പുകപടലങ്ങളുമാണ് യാത്രക്കാര്‍ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ല. ബസ് അപകടത്തിലാണെന്ന് മാത്രം അറിഞ്ഞു. അതോടെ രക്ഷപെടാനുളള തിടുക്കമായി. ഡോറൊന്നും കാണാതെ വന്നതോടെ ജനലിലൂടെ യാത്രക്കാര്‍ പുറത്തേക്ക് ചാടി
.അങ്ങനെ രെക്ഷപ്പെടാനുള്ള അവസരം ഈ അഞ്ചുപേർക്ക് മുന്നിൽ നില്‍ക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ബസിനുള്ളിൽ അകപ്പെട്ടവരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി സുരക്ഷിതരാക്കി പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടയിൽ അവരുടെ സുരക്ഷിതത്വം അവർ മറന്നിരുന്നു. ഒടുവിൽ ബസിലുണ്ടായിരുന്നവരിൽ പലരേയും രെക്ഷപ്പെടുത്തി അവരോടൊപ്പം സുരക്ഷിതനായി പുറത്തേക്ക് വന്ന റോയി താനും സഹപ്രവർത്തകരും രക്ഷപെട്ടുവെന്ന് ആശ്വസിക്കുമ്പോഴാണ് തന്റെ കൂടെയുള്ളവരെല്ലാം ബസില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റോയിക്ക് മനസിലായത്. അപ്പോള്‍ പിന്നെ അവരെ രക്ഷിക്കാനുള്ള ശ്രമമായി. വീണ്ടും ബസിനുള്ളിലേക്ക് തിരിച്ച് കയറിയ റോയിയെ പലരും വിലക്കി. എന്നാല്‍ കൂടെയുള്ളവരെ രക്ഷിക്കുക തന്റെ ദൗത്യമാണെന്ന് ആ യുവാവ് കരുതി. അവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിനിടയിലാണ് റോയിയെയും അഗ്നിവിഴുങ്ങിയത്. അഗ്നി ആളികത്തുമ്പോഴും രക്ഷപ്പെട്ട് പുറത്തെത്തിയവരുടേയും രക്ഷാപ്രവർത്തനത്തിനായ് ഓടിയെത്തിയവരുടേയും സാക്ഷ്യം ഇപ്രകാരമായിരുന്നു. “ബസ് ആളി കത്തുമ്പോൾ ബസിനുള്ളിൽ നിന്നും ദൈവ സ്തുതികൾ ശക്തമായി ഉയർന്നു വന്നിരുന്നു” എന്ന്. അവസാനം രക്ഷാപ്രവർകരും മറ്റുള്ളവരും ചേർന്ന് അദ്വാനിച്ചതിന്റെ ഫലമായി തീ ശമിച്ചപ്പോൾ ബസിനുള്ളിൽ കണ്ട കാഴ്ച ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. “തീ കത്തിയമരുന്ന സമയം മുഴുവനും ഈ അഞ്ചുപേരും കരങ്ങൾ കോർത്ത് പ്രാർത്ഥനയിലാരുന്നു “ഈ അഞ്ചുപേരിൽ ഒരാളുടെ ജീവൻ ഒഴികെ ആ സമയത്ത് തന്നെ ബാക്കിയുള്ളവർ നിത്യ സമ്മാനത്തിനായ് യാത്രയായി.ഉടൻ തന്നെ ജീവന്റെ തുടിപ്പുണ്ടായിരുന്ന ബിന്ദുവിനെ എല്ലാവരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
”തന്നെയും കൂട്ടുകാരെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് റോയി അഗ്നികുണ്ഠത്തില്‍ പെട്ടതെന്ന് ഗുരുതരമയി തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ കിടന്ന ബിന്ദു പറഞ്ഞിരുന്നു. അപകടത്തിനുശേഷം രണ്ടു ദിവസം കഴിഞ്ഞാണ് ബിന്ദു മരിക്കുന്നത്.സ്നേഹിതനുവേണ്ടി ജീവന് ബലികഴിക്കുന്നതിനേക്കാള്‍ വലിയൊരു സ്നേഹമില്ലെന്ന് യേശു പറഞ്ഞത് അങ്ങനെ ഇവരുടെ ജീവിതത്തില്‍ അന്വര്‍ത്ഥമായി. ആ നാളുകളില്‍ യുവാക്കള്‍ ഇവരുടെ കുടുംബങ്ങളിലേക്കൊഴുകി. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പിന്തുണയും പ്രാര്‍ത്ഥനയും നല്കി.
കാലചക്രം കറങ്ങിയപ്പോള്‍ ഇവരുടെ മരണത്തെക്കുറിച്ചുള്ള ഓര്‍മ്മ ഇപ്പോള്‍ നാടിനും അവരുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊക്കെ മാത്രമായി മാറി.
അന്ന് ഇവരുടെ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തപ്പോള്‍ താമരശേരി രൂപതയുടെ അധ്യക്ഷനായിരുന്ന മാര്‍ ചിറ്റിലപ്പിള്ളി പിതാവ് ഇങ്ങനെ പറഞ്ഞു ”നമുക്ക് അഞ്ച് വേദസാക്ഷികളെ ലഭിച്ചിരിക്കുന്നുവെന്ന്. അവര്‍ നമുക്കുവേണ്ടി മധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന്…”ഈ അഞ്ചുപേരുടെയും കാര്യത്തില്‍ ഈ വാക്കുകള്‍ സത്യം തന്നെയാകാം. കാരണം കരിസ്മാറ്റിക് ധ്യാനം കൂടി യേശുവിനെ അടുത്തനുഭവിച്ച് അറിഞ്ഞ് ജീസ്സസ് യൂത്ത് പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ക്ക് ലഭിച്ച ദൈവാനുഭവം അനേകര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഇവര്‍ മരണംവരെ പ്രയത്നിച്ചു.
നാം ഇവരെ മറന്നാലും ഇവര്‍ക്ക് നമ്മെയും ജീസസ് യൂത്ത് എന്ന മുന്നേറ്റത്തെയും മറക്കാൻ സാധിക്കില്ല. മുന്നേറ്റത്തിന്റെ മുത്തുകളാണ് ഇവര്‍. യുവത്വത്തില്‍ തന്നെ ക്രിസ്തുവിലേക്ക് മടങ്ങിയ ഇവരിന്നും നമുക്കുവേണ്ടി ദൈവസന്നിധിയില്‍ മദ്ധ്യസ്ഥം വഹിക്കുന്നുണ്ടെന്ന് തീര്‍ച്ച…
Antony Varghese