‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ’

ജനിച്ച ഒന്നോ രണ്ടോ കുട്ടികളുടെ നന്മയെ ഓർത്താണ് ഇനി കൂടുതൽ കുട്ടികൾ വേണ്ടെന്നു തീരുമാനിക്കുന്നതെന്നു പറയുന്ന മാതാപിതാക്കൾ ഇന്ന് കൂടി വരുന്നു.അവർ കാംക്ഷിക്കുന്ന നന്മ എന്താണ് ? കുട്ടികളുടെ വ്യക്തിത്വ വികസനമോ സ്വഭാവരൂപീകരണമോ ആണോ? അല്ല . പണം മാത്രം. മൂന്നാമത്തെ കുട്ടിയെ പഠിപ്പിക്കാൻ പണം ചിലവാക്കിയാൽ ആദ്യത്തെ കുട്ടികൾക്ക് അത്രേം പണം കുറയുമെന്നോ ? അതോ കുടുംബത്തിന്റെ ആസ്തി വീതിക്കുമ്പോൾ ആദ്യത്തെ രണ്ടു കുട്ടികൾക്ക് ഷെയർ കുറയുമെന്നോ ? ഇതിനേക്കാൾ വലിയ സ്വാർത്ഥത എന്താണ് ?

ഇങ്ങനെ ചില മാതാപിതാക്കൾ ചിന്തിച്ചിരുന്നെങ്കിൽ നമുക്ക് മദർ തെരേസയോ രവീന്ദ്ര നാഥ ടാഗോറോ സച്ചിൻ ടെണ്ടുൽക്കറോ ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കെടുക്കുമ്പോഴെങ്കിലും സ്വാർത്ഥത അകറ്റി നിർത്തണം. നമ്മുടെ കുട്ടികളെ കുറെ ആസ്തി നൽകി വളർത്താൻ ശ്രമിക്കാതെ നല്ല സ്വഭാവരൂപീകരണം നൽകി വളർത്താൻ ആണ് ശ്രമിക്കേണ്ടത്. അതിനു കുടുംബത്തിൽ കൂടുതൽ മക്കളുണ്ടാകണം.

ഇതിനോട് അനുബന്ധമായി ശ്രദ്ധയിൽ വരേണ്ട മറ്റൊരു കാര്യമുണ്ട് . ഇന്ന് പല മാതാപിതാക്കളും അവർക്ക് നാല്പത്തി അഞ്ച്, അമ്പത് വയസ്സാവുമ്പോഴേക്ക് ഏകരായി മാറുന്നു. മക്കൾ ഉപരിപഠനത്തിനായോ ജോലിക്കായോ സ്ഥലം വിടുന്നു. അവരുടെ ജീവിതത്തിന്റെ ആകുലതകളുമായി നടക്കുന്നു. കുട്ടികൾക്ക് ആസ്തിയുണ്ടാക്കാൻ ഇനി മക്കൾ വേണ്ട എന്ന് തീരുമാനിച്ച അപ്പനമ്മമാർ വീടുകളിലോ വൃദ്ധസദനത്തിലോ ഏകാന്തതയിൽ. മാതാപിതാക്കളോട് സ്നേഹത്തിൽ കുറവില്ലെങ്കിൽ പോലും ജോലിത്തിരക്ക് കൊണ്ട് അവർക്കൊപ്പമായിരിക്കാൻ കഴിയാത്ത മക്കൾ.

മക്കളെ വളർത്തുന്നതിനെപ്പറ്റി പറയുമ്പോൾ മക്കളുടെ എണ്ണത്തിനെപ്പറ്റി പറയുന്നതെന്ത് കൊണ്ടായിരിക്കും? കുടുംബമാണ് പ്രഥമ വിദ്യാലയം എന്നും കുടുംബത്തിൽ നിന്നാണ് എല്ലാം ആദ്യം പഠിക്കേണ്ടതും എന്നും നമ്മൾ ആവർത്തിച്ചു പറയാറുണ്ടല്ലോ. കുട്ടികളിൽ നടത്തിയ പഠനങ്ങൾ നൽകുന്ന സന്ദേശം നമ്മെ അതിശയിപ്പിക്കുന്നതാണ്. പരസ്പരധാരണ, അംഗീകാരം, മനസ്സിലാക്കൽ, മറ്റുള്ളവർക്ക് വേണ്ടി ഒതുങ്ങി കൊടുക്കൽ തുടങ്ങി ജീവിതത്തിന്റെ പ്രായോഗികപാഠങ്ങൾ കൃത്യമായി മനസ്സിലാക്കി വളർന്നു വരുന്നത്‌ കൂടുതൽ കുട്ടികളുള്ള കുടുംബത്തിൽ വളരുന്നവരാണത്രെ. ദുർവാശി, ദുശാഠ്യം തുടങ്ങിയ വ്യക്തിത്വ വൈകല്യങ്ങൾ കുറവായി കാണുന്നതും കൂടുതൽ കുട്ടികൾ ഒരുമിച്ചു വളരുന്ന സാഹചര്യങ്ങളിലാണ്.

കുടുംബത്തിൽ തന്നെ കൂട്ടായ്മയുടെ ഒരു പാഠശാല പ്രവർത്തന നിരതമാകേണ്ടതുണ്ട്. കുട്ടികളുടെ കൂട്ടായ്മയിലാണ് ഈ പാഠശാല പ്രവർത്തിക്കേണ്ടത്. അവിടെ മാതാപിതാക്കന്മാർക്ക് അനിമേറ്ററുടെ റോളാണ്. ജീവിതത്തിൽ പഠിച്ചിരിക്കേണ്ട എല്ലാ പാഠങ്ങളും കുട്ടികളെ പറഞ്ഞു കൊടുത്തു പഠിപ്പിക്കുകയല്ല .. അനുഭവങ്ങളിലൂടെ പഠിപ്പിക്കാൻ കൂടുതൽ കുട്ടികളുള്ള കുടുംബത്തിലെ മാതാപിതാക്കൾക്ക് സാധിക്കും. ഒരു കുട്ടിയുടെ ജീവിതത്തിൽ അവർക്കു നല്കാനാവുന്ന ഏറ്റവും വലിയ പാഠവും അത് തന്നെയാണ്.

കുട്ടികളെ വളർത്തിയാലും ഇല്ലെങ്കിലും അവർ വളരും. നന്നായി വളർത്തിയാൽ നല്ലവരായി വളരും. എത്രത്തോളം നല്ലതായി? അവരെ ദൈവരാജ്യത്തിലെത്തിക്കുവോളം നാം വളർത്തണം. എല്ലാ മൂല്യങ്ങളുടെയും ദാതാവായ ഈശ്വരോന്മുഖതയിലേക്ക് അവർ വളരണം. കുട്ടികളോടുള്ള മാതാപിതാക്കളുടെ ചുമതല എപ്പോൾ അവസാനിക്കും എന്ന് ചോദിച്ചാൽ അവർ സ്വന്തം കാലിൽ നിൽക്കുമ്പോൾ എന്നല്ല പേരെന്റ്സ് ന്റെ ജീവിതാവസാനത്തോളം എന്നാണുത്തരം.

മോശമായ വഴിയിലേക്ക് പോകുമ്പോൾ മാത്രമല്ല എല്ലാ ദിവസവും എല്ലാ സമയവും തങ്ങളുടെ ജീവിതത്തിന്റെ അവസാനശ്വാസം വരെയും മക്കൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടവരാണ് മാതാപിതാക്കൾ. നമ്മുടെ തലച്ചോറ് കൊണ്ട് അവരെ നിയന്ത്രിക്കാനും വിജയിപ്പിക്കാനും കഴിയും എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ദൈവത്തിന്റെ കരങ്ങളിൽ അവരെ നമുക്ക് ഭരമേല്പിക്കാം.

ഓരോ കുഞ്ഞിന് ജന്മം നൽകുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാവുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഭ്രൂണഹത്യ തുടങ്ങിയ മാരക പാപങ്ങൾക്ക് അടിപ്പെടുന്നവർ തങ്ങൾ ചെയ്യുന്ന തിന്മയുടെ വലുപ്പം ഈ അർത്ഥത്തിൽ മനസ്സിലാക്കണം.

പ്രിയ മാതാപിതാക്കളെ, മക്കൾ ദൈവത്തിന്റെ ദാനമാണ് . ആ ദാനത്തെ നിരാകരിക്കരുത്. അതിനോട് പുറംതിരിഞ്ഞു നിൽക്കുകയുമരുത്. ചില പ്രത്യേക അവസരങ്ങളിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ പിന്നീടൊരിക്കൽ തിരുത്തണം എന്ന് വിചാരിച്ചാൽ നടക്കണമെന്നില്ല.

PS: മക്കൾ വിശുദ്ധരാകാൻ എന്ന പുസ്തകത്തിൽ Fr.ജിമ്മി പൂച്ചക്കാട്ട് എഴുതി വച്ചതിൽ ചില കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. ഇനി എനിക്ക് പറയാനുള്ളത് ഒന്ന് പറയട്ടെ.

കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്‌ അനാവശ്യവും അധികച്ചിലവുമാണെന്ന രീതിയിൽ ഉയർന്നു കേട്ട അഭിപ്രായങ്ങൾ ആണ് ഇതെഴുതാൻ പ്രേരിപ്പിച്ചത്. ഡയപ്പറിന്റെ വിലയും അതിന്റെ ഡിസ്പോസലിന് സൗകര്യം കുറവാണെന്ന കാരണം പോലും കേട്ടു കൂടുതൽ കുട്ടികളെ വേണ്ടെന്നു വെക്കാനുള്ള കാരണങ്ങൾ .

ഇത്രയും കണക്കുകൂട്ടുന്ന മാതാപിതാക്കളുടെ മക്കൾ തങ്ങളുടെ പേരന്റ്സ് വൃദ്ധരാകുമ്പോൾ അവരെ നോക്കാനുള്ള ചെലവ് കൂട്ടിയും കിഴിച്ചും നോക്കുന്നതിനു അവരെ കുറ്റം പറയാൻ പറ്റുമൊ ?

തങ്ങളുടെ കരിയറിന് വേണ്ടി ഗർഭഛിദ്രം ചെയ്യുകയോ ഒന്നോ രണ്ടോ മക്കളിൽ നിർത്തുകയോ ചെയ്യുന്നവർക്ക്, അവരുടെ മക്കൾ കരിയറിന്റെ പിന്നാലെ നടക്കുമ്പോൾ എങ്ങനെ പരാതിപ്പെടാൻ കഴിയും ?

വരവുചെലവ് കണക്കുകൾ നോക്കാതെയുള്ള സ്നേഹമാണ് കുട്ടികൾക്ക് അനുഭവവേദ്യമാകുന്നത്.

അഞ്ചു പ്രാവശ്യം പ്രസവിച്ച ഒരമ്മ പറഞ്ഞതിങ്ങനെ, “എനിക്ക് ലോകത്തോട് പ്രഘോഷിക്കാനുള്ളതിതാണ്. കൂടുതൽ കുട്ടികൾ ഒരമ്മക്ക് കൂടുതൽ കരുത്തു നൽകുന്നു. ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള കൃപയും ദൈവാനുഗ്രഹവും അവർ കൊണ്ടുവരുന്നു. ഇതല്ലേ യഥാർത്ഥത്തിലുള്ള സ്ത്രീ ശാക്തീകരണം?”

കൂടുതൽ കുട്ടികൾ ഉള്ള കുടുംബത്തിൽ വളർന്നവർക്ക് സാധാരണഗതിയിൽ തങ്ങൾക്കും കൂടുതൽ കുട്ടികൾ വേണമെന്നാണ് തോന്നുക. എന്റെ പേരെന്റ്സ് നു ഞങ്ങൾ നാല് പേരായതു കൊണ്ട് എനിക്കും കൂടുതൽ കുട്ടികൾ ഉള്ള കുടുബമാണ് ഇഷ്ടം.കൂടുമ്പോഴുള്ള ഇമ്പം അനുഭവിച്ചറിയുന്ന എല്ലവർക്കും അങ്ങനെ തോന്നുമായിരിക്കണം. പക്ഷെ ആ ഇഷ്ടം നടത്താൻ പറ്റിയില്ല. (ഇനിയായാലും ഉണ്ടായാൽ സന്തോഷത്തോടെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിക്കും. നിർത്താൻ യാതൊന്നും ചെയ്തിരുന്നുമില്ല) അതുകൊണ്ട് കൂടുതൽ മക്കളുള്ള കുടുംബങ്ങളോട് ചെറിയ അസൂയയാണ്, അവരുടെ സന്തോഷം ഊഹിക്കാൻ പറ്റുന്നത് കൊണ്ട്.

ജിൽസ ജോയ് ✍️