ചങ്ങനാശേരി: അവസാന നിമിഷം വരെ പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സംസ്കാരചടങ്ങിൽ വിശുദ്ധ കുർബാന മധ്യേ വചനസന്ദേശം നൽകുകയായിരുന്ന കർദ്ദിനാൾ. വ്യക്തിപരമായ പ്രാർഥനയിലും ആരാധനക്രമപരമായ പ്രാർത്ഥനകളിലും അദ്ദേഹം പരിപൂർണ നിഷ്ഠവച്ചാണ് ജീവിച്ചിരുന്നത്. 1930ൽ പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിന്റെ തലേനാൾ ഓഗസ്റ്റ് 14നു ജനനം, 2023ൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിനു തലേന്നാൾ മരണം. പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും മാധ്യസ്ഥ്യത്തിൽ ആയിരുന്നു മാർ പവ്വത്തിന്റെ ജീവിതവും വിയോഗവുമെന്ന് കര്ദ്ദിനാള് സ്മരിച്ചു.
ദൈവരാധന, ദൈവികസന്ദേശത്തിന്റെ പ്രബോധനം, സഭാ നിയമങ്ങളുടെ അനുവർത്തനം, ജനസേവനത്തിനുള്ള പ്രതിബദ്ധത, സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടം, പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക സ്നേഹവും കരുണയും- ഇവയെല്ലാം മാർ പവ്വത്തിലിന്റെ ജീവിതനിഷ്ഠകളായിരുന്നു. വിസ്മയകരമായ പാണ്ഡിത്യവും അതിശയിപ്പിക്കുന്ന വാക്ചാതുരിയും കർമധീരതയും സഹാനുഭൂതിയും കാരുണ്യവും അദ്ദേഹത്തിന്റെ ജീവിതശൈലിയുടെ മുഖമുദ്രകൾ ആയിരുന്നു.മോശയുടെ മരണത്തോടെ പഴയനിയമ ജനതയുടെ ചരിത്രത്തിൽ ഒരു കാലഘട്ടം അവസാനിച്ചു. ഏകദേശം അതുപോലെ മാർ പവ്വത്തിലിന്റെ മരണത്തോടെ ഒരു കാലഘട്ടം കടന്നുപോകുന്നു.
കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളിലെ വൈദികവിദ്യാർഥികൾക്കും വൈദികർക്കും മാർ പവ്വത്തിലിനോടുള്ള ഹൃദയബന്ധം അന്യാദൃശ്യമാണ്. പിതാവിനോടൊപ്പം സെക്രട്ടറിയായും വികാരി ജനറാളായും പ്രവർത്തിച്ചതിന്റെ നല്ല ഓർമകൾ മനസിലുണ്ട്. തക്കല രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്തതും അദ്ദേഹമാണ്. കന്യാകുമാരി മിഷനെ ഒരു രൂപതയാക്കാനുള്ള പിതാവിന്റെ പരിശ്രമങ്ങൾ ബഹുമാനാദരവുകളോടെ ഓർക്കുന്നു. സഭൈക്യ ലക്ഷ്യത്തോടെ പവ്വത്തിൽ പിതാവു ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ കേരളത്തിലെ എല്ലാ സഭകളും ഏക്കാലവും സ്മരിക്കും. സഭയിലെയും സമൂഹത്തിലെയും പ്രശ്നസങ്കീർണമായ സാഹചര്യങ്ങളിൽ പിതാവി ന്റെ ശബ്ദത്തിനായി ജനവും ജനനേതാക്കളും കാതോർത്തിരുന്നുവെന്നും കർദ്ദിനാൾ അനുസ്മരിച്ചു.