പ്രേഷിത പ്രവർത്തനം കൂട്ടായ്മയുടെ പ്രകാശനമാകണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പ്രേഷിത പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ അത് കൂട്ടായ്മയോടെയായിരിക്കണമെന്നും കർത്താവിൻറെ രാജ്യം സൃഷ്ടിക്കാൻ ഒറ്റയ്ക്ക് പോകുന്നതല്ല കത്തോലിക്കാസഭയുടെ ശൈലിയെന്നും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലനശുശ്രൂഷയ്ക്കുമായുള്ള കമ്മീഷൻ, സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വിളിച്ചുചേർത്ത സീറോമലബാർസഭയിലെ അത്മായപ്രേഷിതർ നടത്തുന്ന പ്രേഷിതമുന്നേറ്റ പ്രതിനിധി സമ്മേളനം ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ട് ശിഷ്യന്മാരെ മാത്രമല്ല വേറെ എഴുപത്തിരണ്ട് പേരെയും സുവിശേഷം പ്രഘോഷിക്കാൻ അയച്ച നമ്മുടെ കർത്താവായ ഈശോമിശിഹായുടെ സുവിശേഷശൈലി ഏവരും പിന്തുടരണമെന്നും, കത്തോലിക്കാസഭയുടെ പ്രേഷിതശൈലി ഐക്യത്തിന്റെയും കൂട്ടായ്മയുടെയും കാരുണ്യത്തിന്റെയും പ്രകാശനമാണെന്നും അദ്ദേഹം ഏവരെയും ഉദ്‌ബോധിപ്പിച്ചു. സീറോമലബാർസഭയിലെ അത്മായപ്രേഷിതർ നടത്തുന്ന പ്രേഷിതമുന്നേറ്റങ്ങളെ സഭ ഏറെ വിലമതിക്കുന്നുവെന്നും അവർ നൽകുന്ന സംഭാവനകളിൽ സഭ വളരെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. അത്മായ പ്രേഷിത മുന്നേറ്റങ്ങൾ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് എന്നും ശക്തി നൽകുന്നതാണെന്നും ഇങ്ങനെയുള്ള പ്രത്യേക പ്രചോദനങ്ങൾ സഭയുടെ കൂട്ടായ്മയിൽ പരസ്പരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി.എസ്., ഓഫിസ് സെക്രട്ടറി സി. ജിഷ ജോബ് എം.എസ്.എം.ഐ., എന്നിവരും വിവിധ പ്രേഷിതമുന്നേറ്റങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിൽ സംസാരിച്ചു.

ഇത്തരത്തിലുള്ള സമ്മേളനങ്ങൾ അത്മായപ്രേഷിതമുന്നേറ്റങ്ങൾക്ക് സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽ കൂടുതൽ ഉൾച്ചേരാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ഉതകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സഭയുടെ കൂട്ടായ്മയോട് ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് പ്രേഷിതപ്രവർത്തനങ്ങൾ കൂടുതൽ ഫലദായകമാവുകയെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ വിലയിരുത്തി.

ഫോട്ടോ അടിക്കുറിപ്പ്: പ്രേഷിതമുന്നേറ്റ പ്രതിനിധി സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ, സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി.എസ്., സി. ജിഷ ജോബ് എം.എസ്.എം.ഐ., വിവിധ പ്രേഷിതമുന്നേറ്റങ്ങളുടെ പ്രതിനിധികൾ എന്നിവർ സമീപം.

ഫാ. ആന്റണി വടക്കേകര വി. സി.
പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

ജനുവരി 30, 2023

നിങ്ങൾ വിട്ടുപോയത്