ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഹൃദയത്തിൽ ഗ്രഹിക്കാൻ സാധിക്കാത്തതാണ് നമ്മുടെ എല്ലാ ഉത്കണ്ഠകളുടെയും അടിസ്ഥാനം.

ഉത്കണ്ഠ നമ്മിൽ കുടികൊള്ളുന്ന ഭയത്തിന്റെ പ്രകടമായ ഭാവങ്ങളിൽ ഒന്നാണ്. നമ്മെക്കുറിച്ചും നമുക്കുള്ളവരെക്കുറിച്ചും നമുക്കുള്ളവയെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും ലഭ്യതയെക്കുറിച്ചും നമ്മിലുള്ള അരക്ഷിതാവസ്ഥയാണ് ഭയം. ഈ ഭയമാണ് നമ്മെ കള്ളം പറയുന്നതിനും ഒളിച്ചുവയ്ക്കുന്നതിനും സ്വാർത്ഥരാകുന്നതിനും പിടിച്ചെടുക്കുന്നതിനും നിരാശരാകുന്നതിനും അവഗണിക്കുന്നതിനും എല്ലാം പ്രേരിപ്പിക്കുന്നത്.

സുവിശേഷത്തിൽ ഈശോ ആവർത്തിച്ചുപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ് “ഭയപ്പെടേണ്ട” എന്നത്. ഭയപ്പെടേണ്ട എന്ന് ഈശോ പറയുമ്പോൾ അതിനർത്ഥം നമ്മിലെ സന്തോഷത്തേയും സമാധാനത്തെയും ഹനിക്കുകയും, നമ്മെ അപകടപ്പെടുത്തുന്നവയുമായ യാതൊന്നും ഈ ലോകത്തിൽ ഇല്ല എന്നല്ല; തീർച്ചയായും നമ്മെ അപായപ്പെടുത്താൻ ശ്രമിക്കുന്ന നിരവധി ശക്തികളും, സാഹചര്യങ്ങളും ഈ ലോകത്തിൽ സദാ സന്നിഹിതമാണ്. എന്നാൽ, ഈശോ പറയുന്നത് അവയെ ഭയപ്പെടുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നാൽ ഭയപ്പെടാതെ കർത്താവിൽ പൂർണ്ണമായും ആശ്രയിക്കുക. വിശ്വാസത്തോടെ ദൈവസന്നിധിയിൽ അഭയം പ്രാപിക്കുന്ന ആരെയും ദൈവം നിരാശനാക്കി മടക്കി അയക്കുന്നില്ല.

ഏറെക്കാലമായി പരിഹാരം അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്നത്തിനുടമയാണോ? പിടിച്ചുവയ്പ്പുകളില്ലാതെ, ദൈവമേ അങ്ങേക്ക് മാത്രമേ എന്നെ സഹായിക്കാനാവൂ എന്ന് ഹൃദയംകൊണ്ട് ഏറ്റുപറയുക. എന്തൊക്കെ നഷ്ടപ്പെട്ടാലും, എന്തൊക്കെ സഹിക്കേണ്ടിവന്നാലും, ഈശോയുടെ കരം ജീവിതത്തിൽ ഇറങ്ങുന്നതുവരെ പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിക്കുക. ജീവിതത്തിൽ പ്രത്യാശയുടെ വചനങ്ങൾ എല്ലാം ദിവസവും വായിക്കുകയും, ഏറ്റു പറയുകയും ചെയ്യണം. ജീവിതത്തിൽ സുഹ്യത്ത്യക്കളോടും, വേദനിക്കുന്നവരോടും, പ്രത്യാശയുടെ വചനങ്ങളും, നല്ല വാക്കുകളും പറയണം. എല്ലാ വ്യാധികളിൽനിന്നും, വേദനകളിൽ നിന്നും മോചിപ്പിക്കുന്ന അചഞ്ചലമായ വിശ്വാസത്തിനുടമകളായി ദൈവീകസമാധാനം അനുഭവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

നിങ്ങൾ വിട്ടുപോയത്