ഇന്നലെ 27/06/2024 വ്യാഴാഴ്ച വൈകിട്ട് 6 മണിയോടുകൂടി ഞാനും ഭാര്യ ദീപയും ഒന്നിച്ച് കോതമംഗലം ഉടുപ്പി റെസ്റ്റോറൻ്റിൽ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങി കാർ പാർക്കിംഗിലേക്ക് നടക്കുമ്പോൾ ഒരു പതിനഞ്ചു – പതിനാറു വയസ്സ് പ്രായം തോന്നുന്ന ഒരു ചെരുപ്പക്കാരൻ സ്കൂൾ ബാഗുപോലുള്ള ഒരു ബാഗു തൂക്കി ഞങ്ങളോടൊപ്പം നടന്നുകൊണ്ടു ചോദിച്ചു. ചേട്ടാ ഒരു പായ്ക്കറ്റ് കുഴലപ്പം എൻ്റെ കൈയിൽ നിന്ന് വാങ്ങി സഹായിക്കാമോ? ഞാൻ ആ പയ്യനെ സൂക്ഷിച്ച് നോക്കി. അപ്പോൾ അവൻ വീണ്ടും പറഞ്ഞു ചേട്ടാ വീട്ടിലെ സാമ്പത്തികമുട്ടുകാരണം ആണ്. അപ്പോൾ ഞാൻ ചോദിച്ചു: വീട്ടിൽ ആരൊക്കെ ഉണ്ട്? അവൻ പറഞ്ഞു: അമ്മയും ഞങ്ങൾ ഏഴ് പേരും. ഞാൻ ചോദിച്ചു: അപ്പന് എന്ത് പറ്റി? എട്ട് മാസം മുൻപ് അപ്പച്ചൻ Heart attack വന്ന് മരിച്ചു. മൂത്ത ചേട്ടൻ ഒരു accident പറ്റി ഇരിക്കുകയാണ്. ചേച്ചി PG കോഴ്സിന് പഠിക്കുന്നു. ഞാൻ +2 Humanities-ന് പഠിക്കുന്നു.
അവനോടുള്ള സംഭാഷണത്തിൽ അവൻ ഒരു കത്തോലിക്കാ പയ്യനാണെന്ന് മനസ്സിലായപ്പോൾ ആ ഇടവകയിൽ എനിക്ക് പരിചയമുള്ള ഒരു സാറിനെ വിളിച്ച് ഞാൻ തിരക്കിയപ്പോൾ ഈ പയ്യൻ പറഞ്ഞത് എല്ലാം സത്യമാണെന്നും ഈ പയ്യനും അവൻ്റെ സഹോദരങ്ങളും നല്ല കുട്ടികളാണ് എന്നും മനസ്സിലായി.
എൻ്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഞാൻ ആ പയ്യൻ്റെ മുഖത്തേക്ക് നോക്കി. എൻ്റെ മക്കൾ ഉൾപ്പെടെ പൊതുവെ അധികം കുട്ടികൾ ചെയ്യാനിടയില്ലാത്ത ഒന്നാണ് ഈ മിടുമിടുക്കൻ ചെയ്യുന്നത്. അമ്മ വീട്ടിൽ ഉണ്ടാക്കി തരുന്ന കുഴലപ്പം ക്ളാസ്സില്ലാത്ത സമയങ്ങളിൽ സ്കൂൾ ബാഗിൽ നിറച്ച് കൊണ്ടു നടന്ന് വിൽക്കുന്നു.
നിറഞ്ഞ കണ്ണുകളാടെ ദീപ പറഞ്ഞു രണ്ട് പായ്ക്കറ്റ് കുഴലപ്പം താ മോനേ.
ഞാൻ പയ്യനെ ചേർത്ത് നിർത്തി അഭിനന്ദിച്ച് ഞങ്ങൾ തമ്മിൽ മൊബൈൽ നമ്പരുകൾ പരസ്പരം കൈമാറി.
തൊട്ടടുത്ത് മറ്റൊരു കാറിൽ കയറാനായി വന്ന 4 യുവാക്കളിൽ ഒരാളോട് ഞാൻ അടുത്തു പോയി ഈ പയ്യനെക്കുറിച്ച് പറഞ്ഞ് നിങ്ങളും ഒന്ന് സഹായിക്ക് എന്ന് പറഞ്ഞു. അയാൾ പറഞ്ഞു അതിനെന്താ ചേട്ടാ. ഞങ്ങൾ കാറിൽ കയറി തിരിഞ്ഞ് നോക്കുമ്പോൾ അവർ നാല് പായ്ക്കറ്റ് വാങ്ങുന്നതു കണ്ടു.
ദൈവമേ കർത്താവായ ഈശോയേ ഇവൻ്റെ നല്ല മനസ്സിനും അദ്ധ്വാനിക്കാനുള്ള സന്നദ്ധതക്കും അങ്ങ് പ്രതിഫലം നൽകേണമേ. ഞാനുൾപെടെയുള്ള മനുഷ്യർക്ക് പ്രത്യേകിച്ച് ഇന്നത്തെ യുവ തലമുറക്ക് ഇവൻ്റേതുപോലെ ഉത്തരവാദിത്ത ബോധവും അദ്ധ്വാന ശീലവും ശ്രേഷ്ഠമായ മനസ്സും നൽകേണമേ.
Raiju Varghese