വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ…

ജോസഫിന്റെ ജീവിത ഇടനാഴിയിൽ പ്രതിസന്ധികളുടെ കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോഴും അദ്ദേഹം സ്വന്തം ഹൃദയത്തെ ദൈവത്തോട് ചേർത്ത് നിർത്തുന്നു. വെറും സ്വപ്നം ആണെന്ന് കരുതി വീണ്ടും തിരിഞ്ഞു കിടന്നുറങ്ങാമായിരുന്നിട്ടും ദൈവം നൽകിയ നിർദ്ദേശങ്ങൾ പാലിക്കുവാനായി സ്വന്തം സ്വപ്നവും ഉറക്കവും അദ്ദേഹം വേണ്ടന്നുവയ്ക്കുന്നു…

ദൈവപുത്രനായ ക്രിസ്തുവിനെ ഏറ്റവും ആദ്യം കൈകളിൽ എടുത്ത് ഹൃദയത്തോട് ചേർത്ത വ്യക്തി, സുവിശേഷങ്ങളിൽ ക്രിസ്തുവിന്റെ ജീവിതത്തോട് ചേർന്ന് നിന്നവരെല്ലാം വാതോരാതെ സംസാരിക്കുമ്പോഴും ഒരു വാക്കുപോലും ഉരിയാടാതെ രാവും പകലും നിശബദ്മായി അധ്വാനിക്കുന്ന യഥാർത്ഥ കുടുംബനാഥൻ.

അതെ ആ തച്ചൻ എല്ലാ അപ്പൻമാരുടെയും മാതൃകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ എല്ലാ അപ്പൻമാരിൽ കൂടിയും വിശുദ്ധ യൗസേപ്പിതാവ് ഈ ലോകത്തിന്റെ ഓരോ മൂലയിലും ഇന്നും ജീവിച്ചിരിക്കുന്നു…

അനുതാപത്തിന്റെയും പരിത്യാഗത്തിന്റെയും പാതയിലൂടെ കാൽവരിയിലെ കുരിശിൻ ചുവട്ടിലേക്കുള്ള യാത്രയുടെ അഞ്ചാം ആഴ്ച്ച. വി. യൗസേപ്പിതാവിന്റെ മരണ തിരുനാളും ഇന്ന് ആഘോഷിക്കപ്പെടുന്നു.

നൊമ്പരങ്ങൾ ഉള്ളിലൊതുക്കി, കാർക്കശ്യക്കാരന്റെ മൂടുപടം അണിഞ്ഞു, കുടുംബത്തിന് വേണ്ടി ദഹിച്ചു തീരുന്ന കുടുംബനാഥന്മാരുടെ മദ്ധ്യസ്ഥന്റെ തിരുന്നാൾ അവരെ ക്രിസ്തുനാമത്തിൽ അംഗീകരിക്കാനും ആദരിക്കാനും അനുമോദിക്കാനുമുള്ള അവസരമായി മാറട്ടെ. കുടുംബത്തിന്റെ അപ്പമായി മാറുന്ന അപ്പന്മാർക്ക് ഈ തിരുനാളും തിരുനാളിന്റെ കാരണക്കാരനും ഒരു അഭിഷേകമാണ് , അനുഗ്രഹമാണ്.ഒപ്പം തന്നെ, എന്തെങ്കിലും കേട്ടുകഴിഞ്ഞാല് അതിനോട് പ്രതികരിച്ചില്ലെങ്കിൽ സ്വസ്ഥത നഷ്ടപ്പെടുന്ന നമ്മുടെ മുമ്പിൽ നിശ്ശബ്ദതയിലും തോൽവിയിലും ഒരു വിജയം അടങ്ങിയിരിപ്പുണ്ടെന്നു നിശ്ശബ്ദതയ്ക്കു പുതിയ മാനം കൊടുത്തവൻ നമ്മെ ഓർമിപ്പിക്കുന്നു.

പ്രത്യേകിച്ച് നോമ്പിന്റെ ചൈതന്യത്തിൽ ആത്‌മ അവബോധവും വിമർശനാത്മക തിരിഞ്ഞു നോട്ടവും ആവശ്യപ്പെടുന്നു സ്വപ്നത്തിലും ദൈവസ്വരം കേട്ടവൻ.ഏറ്റെടുക്കുന്ന ത്യാഗ പ്രവർത്തികളും കുടുംബത്തിനും സമൂഹത്തിനും വേണ്ടി ദൈവ നാമത്തിൽ ചെയ്യുന്ന പ്രവർത്തികളും അന്ത്യത്തിൽ ഫലരഹിതമായി മാറാതിരിക്കാനുള്ള മുൻകരുതലുകൾ ഉറപ്പുവരുത്താം; ചിന്തകളെ നിയന്ത്രിച്ചും വികാരത്തെ വിവേകത്തിന് വഴിമാറ്റികൊടുത്തും.

മൗനത്തിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥതലങ്ങളെ കണ്ടെത്താൻ സാധിച്ചാൽ, വാക്കുകളേക്കാൾ ശക്തി ഒരു പുഞ്ചിരിക്കുണ്ടെന്നു തിരിച്ചറിഞ്ഞാൽ, വീണുകിടക്കുന്നവനെ എഴുന്നേൽക്കാൻ സഹായിക്കുമ്പോൾ സ്വന്തമാക്കുകയായി നാം യൗസേപ്പിതാവിന്റെ ജീവിത മാർഗ്ഗവും നോമ്പിന്റെ പാതയും.

തിരിച്ചറിയാം മൗനം വാക്കുകളെ പരാജയപ്പെടുത്തുന്ന സാധ്യതളെ…ഉത്തരം കിട്ടാത്ത പ്രഹേളികയായി ജീവിതത്തിന്റെ നാളേകൾ മുമ്പിൽ നിൽക്കുമ്പോൾ കൂടിയാലോചന നടത്തേണ്ടത് ദൈവത്തോടാണെന്ന് കാട്ടിത്തന്ന ജോസഫ് നിശയിലെ ഇത്തിരി വെട്ടമായി കൂടെയുണ്ടാവട്ടെ.

പ്രിയമുള്ളവരെ,🌹

ഏല്ലാവര്‍ക്കും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മംഗളങ്ങൾ…

പ്രത്യേകിച്ച് എല്ലാ പപ്പമാർക്കും ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും… 🌷🙏🏽🎊

സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനകൾ ഏറെ സ്നേഹത്തോടെ ആശംസിക്കുന്നു.🙏🏼🌷

എല്ലാ ജോസഫ് നാമധാരികൾക്കും ആശംസകൾ..

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

✍🏽സ്നേഹപൂർവ്വം,

നിങ്ങൾ വിട്ടുപോയത്