സ്വാഗതാർഹമായ ചില രാഷ്ട്രീയ ഏറ്റു പറച്ചിലുകൾ!

നന്നാകാൻ തീരുമാനിച്ചിട്ടോ,

അതോ തീവ്രവാദത്തിനു കുടപിടിക്കുന്ന രാഷ്ട്രീയം ഉദ്ദേശിച്ച രീതിയിൽ ലാഭകരമാകുന്നില്ല എന്നു കണ്ടിട്ടോ എന്നു തീർത്തു പറയാറായിട്ടില്ലെങ്കിലും, കമ്യൂണിസ്റ്റു നേതാക്കളിൽ ചിലർ തീവ്ര ഇസ്ലാമിസ്റ്റു രാഷ്ട്രീയം കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ള വേരോട്ടത്തേപ്പറ്റിയും അതുണ്ടാക്കുന്ന അപകടങ്ങളെപ്പറ്റിയും സംസാരിച്ചു തുടങ്ങിയിരിക്കുന്നു!

കേരളത്തിലും ഇന്ത്യയിലും കോൺഗ്രസ്സിനു മുൻപേ തങ്ങളാണ് ഈ അപകടം ചൂണ്ടിക്കാട്ടിയത് എന്ന് അടുത്ത തെരഞ്ഞെടുപ്പിൽ അവകാശവാദം ഉന്നയിക്കാൻ കഴിയും എന്നതാണ് ഈ നിലപാടു മാറ്റത്തിന്റെ മുഖ്യ നേട്ടമെങ്കിലും, യഥാർത്ഥ ലക്ഷ്യം എന്ത് എന്നു വ്യക്തമാകാനിരിക്കുന്നതേയുള്ളു!

ഇക്കാര്യത്തിൽ, മുസ്ലീം ലീഗ് തങ്ങളുടെ നിലപാടു വ്യക്തമാക്കണം എന്ന ആവശ്യമാണ് ഇപ്പോൾ മാർക്സിസ്റ്റ് നേതാക്കൾ മുന്നോട്ടു വയ്ക്കുന്നത്. എസ് ഡി പി ഐ, വെൽഫെയർ പാർട്ടി, പി എഫ് ഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര നിലപാടുകരുടെ പിന്തുണയെക്കാൾ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ മുസ്ലീം ലീഗിന്റെ സമുദായ രാഷ്ട്രീയത്തിനാണ് കൂടുതൽ സ്വീകാര്യത ഉള്ളത് എന്ന തിരിച്ചറിവായിരിക്കാം മാറി ചിന്തിക്കാൻ മാർക്സിസ്റ്റു പാർട്ടിയെ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം. ഒപ്പം, ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇസ്ലാമിസ്റ്റു തീവ്രവാദ രാഷ്ട്രീയത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതിലുള്ള അപകടങ്ങൾകൂടി മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കണം പാർട്ടിയിലെ ചില നേതാക്കൾ ഇത്തരം ഒരു തിരുത്തലിനു തയ്യാറായിരിക്കുന്നത്!

കേരളത്തിലെ പാർട്ടിയിലും ഭരണത്തിലും തീവ്ര നിലപാടുകരായ ചിലർ ചെലുത്തുന്ന പരിധിവിട്ട സ്വാധീനവും, പാർട്ടിയിലെ ഒരു പറ്റം നേതാക്കളെ ഈ നിലപാടു മാറ്റത്തിലേക്കു കൊണ്ടുചെന്നെത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്നു കരുതുന്നവരും കുറവല്ല.

ഇസ്ലാമിസ്റ്റു രാഷ്ട്രീയം അഥവാ ജിഹാദിസം, സ്വാതന്ത്ര്യത്തിലേക്കും സാഹോദര്യത്തിലേക്കും മാനവികതയിലേക്കും ലോക ജനതയെ നയിക്കും എന്ന ആഗോള

ഇടത് – ലിബറൽ – ഇസ്ലാമിസ്റ്റു കാഴ്ചപ്പാടിനൊപ്പമായിരുന്നു നാളിതുവരെ കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടികളും നിലയുറപ്പിച്ചിരുന്നത്! മുജാഹിദ്ദീനു മൂർച്ച പോരെന്നും ഇസ്ലാമിസം കമ്യൂണിസ്റ്റു വിപ്ലവത്തിന്റെ പ്രതിരൂപവും മാർക്സിസ്റ്റ് മാനവികതയിലേക്കുള്ള ചവിട്ടുപടിയുമാണെന്നും പ്രസംഗിച്ചിരുന്ന മാർക്സിസ്റ്റ് നേതാക്കളിൽ മാറ്റം വന്നു തുടങ്ങിയിരിക്കുന്നു എന്നത് നിസ്സാര കാര്യമല്ല!

പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ പി. ജയരാജനാണ് ഇപ്പോൾ തിരുത്തൽ നിലപാടുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്നാണ് വാർത്ത. ഇതിനെ സാധൂകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിധമാണ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ പ്രകാശ് കാരാട്ടും തന്റെ നിലപാടു മുന്നോട്ടു വച്ചിരിക്കുന്നത്! ഹിന്ദുത്വ അജണ്ടയേയും ഇസ്ലാമിസ്റ്റു തീവ്രവാദത്തെയും ഒരുപോലെ ചെറുത്തു തോല്പ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞതായി വാർത്ത വന്നിരിക്കുന്നത്!

ഡോ. ശശി തരൂരിനെപോലുളള എണ്ണപ്പെട്ട കോൺഗ്രസ്സ് നേതാക്കൾ നേരത്തേതന്നെ ഈ നിലപാടു വ്യക്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും പാർട്ടിയിൽനിന്നുതന്നെ അദ്ദേഹത്തെ നിശ്ശബ്ദമാക്കാനുള്ള നീക്കമുണ്ടായി എന്നാണ് മനസ്സിലാകുന്നത്. കേരളത്തിലെങ്കിലും, മാർക്സിസ്റ്റ് പാർട്ടി വെട്ടുന്ന വഴിയിലൂടെ മാത്രം നടക്കുന്ന പാരമ്പര്യമാണ് കോൺഗ്രസ്സിനുള്ളത് എന്നതു പുതിയ കാര്യമല്ല. സി പി എം നയം മാറ്റിയാൽ നാളെകളിൽ കോൺഗ്രസ്സും അവരുടെ നയം തുറന്നു പറഞ്ഞേക്കാം!

കേരളത്തിലേയും ഇന്ത്യയിലെയും മുസ്ലീം സമൂഹം ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതാണ് രാഷ്ട്രീയ പാർട്ടികളെ കുഴക്കുന്ന പ്രധാന പ്രശ്നം എന്നുവേണം കരുതാൻ. ഇസ്ലാമിനുള്ളിലെ വിവിധ ചിന്താധാരകളും അവയുടെ വ്യത്യസ്തമായ പ്രത്യയശാസ്ത്ര നിലപാടുകളും മുസ്ലീം വിശ്വാസികൾക്കുപോലും മനസിലാക്കുക അത്ര എളുപ്പമല്ല! മതത്തോടും ദീനിനോടും സ്നേഹമുള്ള ഒരു വിശ്വാസിയെ അയാളുപോലുമറിയാതെ കടുത്ത മത രാഷ്ട്രീയ നിലപാടുകളിലേക്കു തള്ളിവിടാൻ തീവ്ര ഇസ്ലാമിസ്റ്റു നിലപാടുള്ള വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും കഴിയും എന്നിടത്താണ് ഇക്കാര്യത്തിൽ, ഇനിയും ഉണ്ടാകേണ്ട അക്കാദമികവും രാഷ്ട്രീയവുമായ പഠനങ്ങളുടേയും ചർച്ചകളുടേയും പ്രസക്തി കുടികൊള്ളുന്നത്!

സാധാരണയായി ഇത്തരം ചർച്ചകളെ ‘ഇസ്ലാമോഫോബിയ’ ഉണ്ടാക്കുന്നു എന്ന കോലാഹലം ഉയർത്തിയും മുസ്ലീം വിരോധം പ്രചരിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ചും തുടക്കത്തിൽത്തന്നെ തടയാൻ,

തീവ്ര നിലപാടുകാർക്കു കഴിയുന്നു എന്നതാണ് വസ്തുത! ഇതിനായി അവർ മതേതര സമൂഹത്തേയും ജനാധിപത്യ മൂല്യങ്ങളെയും സെക്കുലർ സമൂഹങ്ങളിൽ നിലനിൽക്കുന്ന നിയമ വ്യവസ്ഥയേയും തന്ത്രപൂർവ്വം ഉപയോഗിക്കുകയും, തങ്ങളുടെ ഇസ്ലാമിസ്റ്റു/ ജിഹാദിസ്റ്റ് താല്പര്യങ്ങളെ മറച്ചുപിടിക്കുകയും ചെയ്യും!

പശ്ചാത്യ രാജ്യങ്ങളിൽ മിക്കതിലും ഈ തന്ത്രം വളരെ ഫലപ്രദമായി പ്രയോഗിക്കാൻ ഇസ്ലാമിസ്റ്റു പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്! അതിനുള്ള പ്രധാന കാരണം, തീവ്ര ഇടതു-ലിബറൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവയെ,

അഗോള തലത്തിൽത്തന്നെ

ചേർത്തു പിടിച്ചിരിക്കുന്നു എന്നതാണ്! കേരളത്തിലെ ഇടതു രാഷ്ട്രീയ പാർട്ടികളും ഈ നിലപാടാണ് നാളിതുവരെ പിന്തുടർന്നു വന്നിരുന്നത്. എന്നാൽ, ആഗോള തലത്തിൽത്തന്നെ ഈ നിലപാടു ചോദ്യം ചെയ്യപ്പെടുകയും ഇതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉയർന്നു വരികയും ചെയ്തു കൊണ്ടിരിക്കുകയാണ്. സമീപസ്തമായ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും അതിന്റെ സ്വാധീനവും അനുരണനങ്ങളും വ്യക്തമായി കാണാം!

ലോക രാജ്യങ്ങളിൽ ഇന്ത്യയെ വ്യതിരിക്തമാക്കുന്നത്, അതിന്റെ സാമൂഹ്യവും മതപരവുമായ വൈവിധ്യവും സമൂഹങ്ങളുടെ താരതമ്യേന, സമാധാനപൂർണ്ണമായ സഹവർത്തിത്വവുമാണ്. ഇന്ത്യയുടെ ഐഡന്റിറ്റിക്കു ചേരാത്ത രാഷ്ട്രീയവും മതപരവുമായ നിലപാടുകൾ,

നമ്മുടെ ദേശീയതയ്ക്കും സഹിഷ്ണുതയുടേയും സഹാനുഭൂതിയുടെയും

സാഹോദര്യ ഭാവനയുടെയും

സംസ്കാരത്തിനും

നിരക്കുന്നതല്ല.

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മത നേതാക്കൾക്കും ഈ തിരിച്ചറിവുണ്ടാകും എന്നു പ്രത്യാശിക്കാം!

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ തള്ളിപ്പറയാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളും തയ്യാറാകണം. ഒപ്പം, എല്ലാ മത സമുദാങ്ങളുടേയും സഹാസ്തിത്വവും സഹവർത്തിത്വവും പുരോഗതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കാനും ഉറപ്പു വരുത്താനും എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും മുന്നോട്ടു വരികയും ചെയ്യണം.

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്