ഡോക്ടറുടെ കൈപ്പിഴയില്‍ ആഗ്നസിന് ഗര്‍ഭപാത്രം നഷ്ടമായി; ഭര്‍ത്താവ് കൈയ്യൊഴിഞ്ഞപ്പോള്‍ ജീവിതവും
കോട്ടയം സ്വദേശിനി നാല്‍പ്പതുകാരിയായ ആഗ്നസ് ഗര്‍ഭഛിദ്രത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിരുന്നു ആഗ്നസിന്റേത്. മൂന്ന് സഹോദരന്മാരുടെ ഏക പെങ്ങള്. ഇരുപത് വര്‍ഷം മുമ്പായിരുന്നു വിവാഹം. ബിരുദ പഠനം പൂര്‍ത്തിയായപ്പോള്‍ തന്നെ വിവാഹാലോചനകള്‍ തുടങ്ങി.
മകളെ എത്രയും പെട്ടന്ന് നല്ലൊരു ചെറുക്കന്റെ കൈ പിടിച്ചു കൊടുക്കുക എന്നത് അപ്പന്റെ നിര്‍ബന്ധമായിരുന്നു. ജോലിയില്ലെങ്കിലും പണവും പത്രാസും ആവശ്യത്തിനുള്ളതിനാല്‍ ആലോചനകള്‍ നിരവധി വന്നു. അവസാനം ഗള്‍ഫില്‍ ജോലിയുള്ള റാന്നി സ്വദേശിയായ ചെറുപ്പക്കാരനുമായി വിവാഹം നടത്തി.
ഒന്നര മാസത്തെ അവധിക്കു വന്ന യുവാവ് വിവാഹം കഴിഞ്ഞ് പത്താം ദിവസം ജോലി സ്ഥലത്തേക്ക് മടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും വന്ന് ആഗ്നസിനേയും ഗള്‍ഫിലേക്ക് കൊണ്ടു പോകാനായിരുന്നു തീരുമാനം. എല്ലാ ദിവസവും മുടങ്ങാതെ ഭര്‍ത്താവ് വിളിക്കും. വിശേഷങ്ങള്‍ പങ്കുവയ്ക്കും. ഒരു ദിവസം ആ സന്തോഷ വാര്‍ത്ത അവള് ഭര്‍ത്താവിനെ അറിയിച്ചു….‘താന്‍ അമ്മയാകാന്‍ പോകുന്നു’.
സന്തോഷം കൊണ്ട് ഭര്‍ത്താവ് തുള്ളിച്ചാടുമെന്ന് കരുതിയ ആഗ്നസിന് കിട്ടിയ മറുപടി അത്ര ആശാവഹമായിരുന്നില്ല. ‘ഇപ്പോള്‍ നമുക്കൊരു കുഞ്ഞു വേണ്ട. നീ ഗള്‍ഫിലേക്ക് വന്ന ശേഷം പിന്നീടു മതി നമുക്ക് കുഞ്ഞുങ്ങള്‍’. അവള് ശരിക്കും ഞെട്ടിപ്പോയി. ‘നടക്കില്ല, കുഞ്ഞിനെ ഞാന്‍ നശിപ്പിക്കില്ല’. അവള് തീര്‍ത്തു പറഞ്ഞു. പിറ്റേന്നും വിളിച്ച് ഭര്‍ത്താവ് ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ആഗ്നസ് സ്നേഹപൂര്‍വ്വം നിരസിച്ചു.
പിന്നീട് എല്ലാ ദിവസവുമുള്ള വിളി ആഴ്ചയില്‍ രണ്ടും മൂന്നും ദിവസമായി ചുരുങ്ങി. വിളിക്കുമ്പോഴെല്ലാം ഭര്‍ത്താവിന്റെ പ്രധാന ആവശ്യം അബോര്‍ഷനായിരുന്നു. അതേപ്പറ്റി ചിന്തിക്കാനോ ഭര്‍ത്താവിന്റെയോ സ്വന്തം വീട്ടിലോ ഇക്കാര്യം അവതരിപ്പിക്കാനോ ആഗ്നസിന് ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെ മൂന്ന് മാസം കഴിഞ്ഞു. ഇതിനിടെ ഭര്‍ത്താവിന്റെ വിളി വല്ലപ്പോഴുമായപ്പോള്‍ തന്നോടുള്ള ഇഷ്ടക്കുറവ് വിവാഹ ബന്ധത്തെ തന്നെ ബാധിക്കുമെന്ന് അവള് ഭയപ്പെട്ടു.
ഒരു ദിവസം അവള് കണ്ണീരോടെ ഭര്‍ത്താവിന്റെ ഇംഗിതത്തിനു വഴങ്ങി ഉദരത്തിലുള്ള ജീവന്റെ തുടിപ്പിനെ ഇല്ലാതാക്കാന്‍ സമ്മതം മൂളി… ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ തീരുമാനം. പക്ഷേ, ഈ കാര്യം ഇരു വീട്ടുകാരും അറിയാന്‍ പാടില്ല. അപ്പോഴും പ്രതിസന്ധി ബാക്കിയായി. വീട്ടുകാരോട് എന്തു പറയും? ഉടന്‍ ഭര്‍ത്താവിന്റെ മറുപടി വന്നു… ‘ഗര്‍ഭം അലസിപ്പോയെന്ന് പറയാം’. എല്ലാം കണ്ണീരോടെ അവള് തന്റെ പ്രീയതമന് വിട്ടു കൊടുത്തു.
അവസാനം ഭര്‍ത്താവിന്റെ പിതൃസഹോദര പുത്രന്റെ സഹായത്തോടെ ഗര്‍ഭഛിദ്രത്തിനായി പത്തനംതിട്ടയിലെ ഒരു സ്വകാര്യ ക്ലീനിക്കിലെത്തി. സ്കാനിംഗില്‍ കുഞ്ഞിന്റെ വളര്‍ച്ച നാലു മാസത്തോളമെത്തിയതിനാല് ഗുളിക കഴിക്കുന്നതു പോലുള്ള ഗര്‍ഭഛിദ്ര മുറകള്‍ നടക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഡി & സി എന്ന രീതിയാണ് സ്വീകരിച്ചത്. കത്തിയും കത്രികയും ഉപയോഗിച്ച് കുഞ്ഞിനെ വെട്ടി നുറുക്കി കഷണങ്ങളാക്കി പുറത്തെടുക്കുന്ന രീതി.
ആഗ്നസിന്റെ ജീവിതം കലങ്ങി മറിഞ്ഞ കറുത്ത ദിവസമായിരുന്നു അന്ന്. ഡി & സി ചെയ്ത് അത്ര പരിചയമില്ലാത്ത ഡോക്ടര്ക്കുണ്ടായ കൈപ്പിഴയില്‍ അവളുടെ ഗര്ഭപാത്രത്തിന് മാരകമായ മുറിവേറ്റു. രക്തസ്രാവം നിലയ്ക്കാതായതോടെ ജീവന് നിലനിര്‍ത്താന്‍ ഗര്‍ഭപാത്രം മുറിച്ചു മാറ്റേണ്ടി വന്നു. അപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. മാതാപിതാക്കള്‍ ആശുപത്രിയില്‍ പാഞ്ഞെത്തിയപ്പോള്‍ ബോധമറ്റു കിടക്കുന്ന മകളെയാണ് കണ്ടത്. ഒപ്പമുണ്ടായിരുന്ന യുവാവ് സംഭവങ്ങളെല്ലാം വിവരിച്ചപ്പോഴാണ് അവര്‍ കാര്യങ്ങളറിയുന്നത്.
ഇതോടെ നിയന്ത്രണം വിട്ട് ക്ഷുഭിതനായ ആഗ്നസിന്റെ പിതാവ് മകളുടെ ഭര്‍ത്താവിനെ വിളിച്ച് പൊട്ടിത്തെറിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി മാറി. അത് വൈകാതെ അവരുടെ ദാമ്പത്യ ജീവിതത്തെ ബാധിച്ചു. ഇരു കുടുംബങ്ങളുടെയും കലഹങ്ങള്‍ക്കു മുന്നില്‍ ആഗ്നസിന്റെ ജീവിതം ചോദ്യചിഹ്നമായി മാറി.
ഒരു ദിവസം കോട്ടയത്തെ ആഗ്നസിന്റെ സ്വന്തം വീട്ടിലേക്ക് ഒരു രജിസ്റ്റേര്‍ഡ് പോസ്റ്റു വന്നു. വിവാഹ മോചന നോട്ടീസായിരുന്നു അത്. മാനസികമായി തകര്‍ന്ന നിലയിലായിരുന്ന അവള് രണ്ടാം വട്ടവും ഭര്‍ത്താവിന്റെ ഇംഗിതത്തിന് വഴങ്ങിക്കൊടുത്തു. ഇരു കക്ഷികളും സമ്മതമറിയിച്ചതോടെ വിവാഹ മോചനം എളുപ്പമായി. അയാള്‍ വൈകാതെ മറ്റൊരു വിവാഹം കഴിച്ച് നഴ്സായ ഭാര്യയെ ഗഫിലേക്ക് കൊണ്ടു പോയി പുതിയ ജീവിതം തുടങ്ങി.
ആഗ്നസിനെ സംബന്ധിച്ചിടത്തോളം രണ്ടാമതൊരു വിവാഹം ചിന്തിക്കാന്‍ പോലും പറ്റാതായി. ഒരു കുഞ്ഞിന് ജന്മം നല്കാന് ശേഷിയില്ലാത്ത പെണ്ണിനെ ആര് വിവാഹം കഴിക്കും? നാലു ദിക്കില്‍ നിന്നും ചോദ്യങ്ങള്‍ വന്നു.
അങ്ങനെ ചക്രവാളങ്ങള്‍ക്കുമപ്പുറം കിനാവുകള്‍ നെയ്തുകൂട്ടി കുടുംബ ജീവിതത്തിലേക്ക് കടന്ന ആഗ്നസ് ഇന്ന് മോഹങ്ങള്‍ മരവിച്ച, മോതിരക്കൈ മുരടിച്ച പാഴ്ജന്മമായി ജീവിതം തള്ളി നീക്കുന്നു. പിതാവ് എഴു വര്‍ഷം മുമ്പ് മരിച്ചു. സഹോദരങ്ങളും പ്രായമായ അമ്മയും നല്കുന്ന സ്നേഹവും കരുതലുമാണ് ഇന്ന് ആഗ്നസിന്റെ ആകെയുള്ള ആശ്വാസം.
മുറി വൈദ്യന് ആളെക്കൊല്ലും എന്നു പറഞ്ഞതുപോലെ ഇത്തരത്തില്‍ ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ഗര്‍ഭപാത്രം നഷ്ടപ്പെട്ടവരും മറ്റ് അവയവങ്ങള്‍ക്ക് പരിക്ക് പറ്റിയവരുമായി നിരവധി സ്ത്രീകള്‍ ഇന്ന് സമൂഹത്തിലുണ്ട്. ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്ന സ്ത്രീകളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ പോലെ തന്നെ പല തരത്തിലുള്ള ശാരീരിക പ്രതിസന്ധികളും ഉണ്ടാകാറുണ്ടെന്നാണ് മെഡിക്കല്‍ ജേര്‍ണലുകള്‍ വ്യക്തമാക്കുന്നത്.
സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനപ്പുറം സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. വിളര്‍ച്ച, ഉദര സംബന്ധമായ രോഗങ്ങള്‍, പ്രത്യുല്പാദന ക്ഷമതക്കുറവ്, വന്ധ്യത, മരണം അങ്ങനെ നിരവധി പ്രതികൂല ഘടകങ്ങളുണ്ട്. ലോകമെമ്പാടുമുള്ള മാതൃ മരണങ്ങളില്‍ 13 ശതമാനവും ഗര്‍ഭഛിദ്രത്തില്‍ നിന്നുള്ള സങ്കീര്‍ണതകള്‍ കൊണ്ടാണെന്ന് കണക്കാക്കപ്പെടുന്നു.
സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രങ്ങള്‍ കാരണം ലോകത്ത് വര്‍ഷം തോറും ഏകദേശം 47,000 മാതൃ മരണങ്ങള് സംഭവിക്കുന്നുണ്ട്. അഞ്ച് മില്യണ്‍ സ്ത്രീകളെ വിവിധ ശാരീരിക, മാനസിക പ്രശ്നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായും വരുന്നു.
ഗര്‍ഭഛിദ്രം ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്ന ഒന്നാണ്. കാലക്രമേണ മാനസികാഘാതത്തില്‍ നിന്ന് വിമുക്തമായേക്കാമെങ്കിലും ശാരീരിക അസ്വസ്ഥകള്‍ വിട്ടുമാറാതെ പിന്തുടരും. ഗര്‍ഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇവയില്‍ ചിലതാകട്ടെ വളരെ അപകടം പിടിച്ചതുമാണ്.
ഗര്‍ഭഛിദ്രത്തിനു ശേഷം കണ്ടു വരുന്ന നാല് പ്രധാന ശാരീരിക പ്രശ്നങ്ങള്‍:
- ശക്തമായ രക്തസ്രാവം
എല്ലാവരിലും ഇത് സംഭവിക്കണമെന്നില്ല. എന്നാല്‍ ചിലരില്‍ ശക്തമായ രക്തസ്രാവം, രക്തം കട്ടയായി പോകുക, ബ്രൗണ്‍ കളറാകുക തുടങ്ങിയവ മൂന്ന് മുതല്‍ നാല് ആഴ്ച വരെ നീണ്ടു നില്‍ക്കാറുണ്ട്. ഒന്നു മുതല്‍ രണ്ടു മണിക്കൂറിനുള്ളില്‍ രണ്ടു പ്രാവശ്യം വരെ പാഡുകള്‍ മാറ്റേണ്ടതായി വരുന്നു. വലിയ ക്ലോട്ടുകളായി രക്തം പുറത്തേക്കു പോകുന്നതിനു കാരണം യൂട്രസിനുള്ളില്‍ ഉണ്ടായ മുറിവുകളാകാം.
- അസഹനീയമായ വേദന
ഗര്‍ഭം ധരിക്കുന്ന സമയത്ത് യൂട്രസ് വലുതാകുന്നു. എന്നാല്‍ അബോര്‍ഷനു ശേഷം ഇതു പതിയെ സാധാരണ അവസ്ഥയിലേക്കു മടങ്ങി വരുന്നു. ഈ സമയത്ത് ചെറിയ തരിപ്പും വേദനയും അനുഭവപ്പെടാം. ആര്‍ത്തവ സമയത്ത് അനുഭവപ്പെടുന്ന വേദനയെക്കാളും കഠിനമായ അവസ്ഥയാണിത്. വേദന സംഹാരികളിലാണ് പലരും ആശ്രയിക്കുന്നത്. ഇത് നിരന്തരം കഴിക്കേണ്ടി വരുന്നതിലൂടെ വൃക്ക സംബന്ധമായ രോഗങ്ങളടക്കം കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
- അണുബാധ
ഗര്‍ഭഛിദ്രം നടന്നു കഴിഞ്ഞ് കുറച്ചു ദിവസത്തേക്ക് ഗര്‍ഭാശയ മുഖം തുറന്നിരിക്കും. ഇത് അണുബാധയ്ക്ക് കാരണമാകുന്നു. പിന്നീട് െൈലഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് ഇടയാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ കുടുംബ ബന്ധങ്ങളെ പോലും പ്രതികൂലമായി ബാധിക്കും.
- ഗര്‍ഭധാരണ ലക്ഷണങ്ങള്‍ പോലെ
അബോര്‍ഷനു ശേഷം ചിലര്‍ക്ക് ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഓക്കാനം, ഛര്‍ദ്ദി പോലുള്ളവ ചിലപ്പോള്‍ മാസങ്ങളോളം തുടരും. ചിലരില്‍ വിട്ടുമാറാത്ത പനിയാണ് മറ്റൊരു പ്രതിസന്ധി. ശരീരം തടിയ്ക്കുകയും തലകറക്കം അനുഭപ്പെടുകയും ചെയ്യാറുണ്ട്.
പരിചയക്കുറവുള്ള ഡോക്ടര്‍മാര്‍ നടത്തുന്ന ഗര്‍ഭഛിദ്രങ്ങളാണ് പലപ്പോഴും ഗര്‍ഭപാത്രം അടക്കമുള്ള അവയവങ്ങള്‍ക്ക് മാരക മുറിവേല്‍പ്പിക്കുന്നത്. ചിലപ്പോള്‍ അത് അമ്മയുടെ ജീവനു തന്നെ ഭീഷണിയായി മാറുന്നു. മെഡിക്കല്‍ കോളജുകളില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കുട്ടി ഡോക്ടര്‍മാര്‍ വരെ ഭ്രൂണഹത്യ നടത്തിക്കൊടുക്കാറുണ്ട്. അവിഹിത ബന്ധങ്ങളിലൂടെ സംഭവിക്കുന്ന ഗര്‍ഭധാരണം എങ്ങിനെയെങ്കിലും ഒഴിവാക്കണം എന്ന ആവശ്യവുമായി എത്തുന്നവരാണ് കുട്ടി ഡോക്ടര്‍മാരുടെ പ്രധാന ഇരകള്‍. നല്ല തുകയും ഇവര്‍ വാങ്ങാറുണ്ട്.
ഗര്‍ഭപാത്രം നഷ്ടമായതോടെ ഭര്‍ത്താവും കൈയ്യൊഴിഞ്ഞ് ജീവിതത്തില്‍ അനാഥയായവളാണ് ആഗ്നസ്. എന്നാല്‍ ഇരുപതാം വയസില്‍ ജീവിതത്തില്‍ നിന്നു തന്നെ റ്റാറ്റാ പറഞ്ഞു പോയ മലപ്പുറംകാരി ഫാത്തിമ ‘ക്യാമ്പസിലെ അമ്മ’മാരുടെ പ്രതിനിധിയാണ്… അതേപ്പറ്റി
തെറ്റു മറയ്ക്കാന്‍ ചെന്നു പെട്ടത് ചതിക്കുഴിയില്‍; അവസാനം ജീവിതത്തോട് ‘ബൈ’ പറഞ്ഞ് ഫാത്തിമ
ഇത് ഫാത്തിമ എന്ന ഒരു പെണ്‍കുട്ടിയുടെ മാത്രം അനുഭവമല്ല. ഇത്തരത്തില്‍ ഇളം പ്രായത്തില്‍ തന്നെ നഷ്ട സ്വപ്നങ്ങളുടെ ദുഖ ഭാണ്ഡങ്ങള്‍ പേറി ജീവിക്കുന്നവരും ജീവിതം അവസാനിപ്പിച്ചവരുമായ ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയാണിവള്‍. ഇപ്രകാരം കലാലയങ്ങളിലെ പ്രണയാഭിനിവേശങ്ങളില്‍ പെട്ട് ‘ക്യാമ്പസിലെ അമ്മ’മാരായി മാറിയ നിരവധി പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്.
മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന തറവാടാണ് ഫാത്തിമയുടേത്. പിതാവിന് നാട്ടിലും ഗള്‍ഫിലും ബിസിനസുണ്ട്. നല്ല സാമ്പത്തിക ശേഷിയുള്ള, സമൂഹത്തില്‍ നിലയും വിലയുമുള്ള കുടുംബം. ആറ് മക്കളില്‍ നാലാമത്തവളാണ് ഫാത്തിമ. മൂത്ത സഹോദരിയെ വിവാഹം ചെയ്തയച്ചു. രണ്ട് ജ്യേഷ്ഠന്മാര് നാട്ടിലും വിദേശത്തുമായി പിതാവിനെ ബിസിനസില്‍ സഹായിക്കുന്നു. ഒരാളുടെ വിവാഹം കഴിഞ്ഞു. ഫാത്തിമയുടെ ഇളയവരായി ഒരു സഹോദരനും സഹോദരിയുമുണ്ട്.
വീട്ടില്‍ നിന്ന് പോയി വരാവുന്ന ദൂരത്തില്‍ റഗുലര്‍ കോളജുണ്ടെങ്കിലും ഫാത്തിമ ഡിഗ്രി പഠിക്കാന്‍ പോയത് ബംഗളുരുവിലാണ്. അവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠനം. കോളജിലെത്തി അധികം വൈകാതെ സീനിയര്‍ വിദ്യാര്‍ഥിയും കണ്ണൂരുകാരനുമായ യുവാവിനെ ഫാത്തിമ പരിചയപ്പെട്ടു. പിന്നീട് ഇടവേളകളില്‍ അവര്‍ തമ്മില്‍ കാണുന്നത് പതിവായി.
കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍ അവിടെ അനുരാഗം മൊട്ടിട്ടു. ക്ലാസ് മുറികളിലെ വിരസതകളില്‍ നിന്ന് ഒഴിഞ്ഞു മാറിയ അവര്‍ ക്യാമ്പസിലെ തിരക്കൊഴിഞ്ഞ കോണുകളില്‍ പ്രണയത്തിന്റെ പുതുവസന്തം തീര്‍ത്തു.
അങ്ങനെ ക്യാമ്പസില്‍ തുടങ്ങിയ പ്രണയം സാധാരണ സംഭവിക്കുന്നതു പോലെ ഐസ്ക്രീം പാര്‍ലറുകളിലും ഹോട്ടലുകളിലുമെത്തി. ആവശ്യത്തിനു പണം മുടക്കം കൂടാതെ അക്കൗണ്ടില്‍ എത്തിക്കൊണ്ടിരുന്നു. അന്യസംസ്ഥാനമായതിനാല്‍ കാണാനും ചോദിക്കാനും ആരുമില്ല. പോരാത്തതിന് എടിഎമ്മും(അറ്റ് എനി ടൈം മണി). പിന്നെന്തു വേണം.
വൈകാതെ ക്യാമ്പസിനു വെളിയിലേക്ക് പടര്‍ന്ന പ്രണയം സദാചാരത്തിന്റെ സകലസീമകളും ലംഘിച്ചു. ഇരുവര്‍ക്കും യാതൊരു കുറ്റബോധവും തോന്നിയില്ല. തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. അതിലൊന്ന് അവളുടെ ഉദരത്തില്‍ പുതിയൊരു ജീവന്റെ തുടിപ്പായി മാറി.
സംഭവം കാമുകനോട് പറഞ്ഞപ്പോള്‍ ഇരുവരും ആശയക്കുഴപ്പത്തിലായി. അധികമാരുമറിയാതെ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. രണ്ട് ആത്മസുഹൃത്തുക്കളുടെ സഹായത്തോടെ ഫാത്തിമ ബംഗളുരുവിലെ ഒരു സ്വകാര്യ ക്ലീനിക്കിലെത്തി. അവിടെ അവളെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു.
കാഴ്ചയ്ക്ക് അതിസുന്ദരിയായിരുന്ന അവളില്‍ ഡോക്ടര്‍ നോട്ടമിട്ടു. രഹസ്യമായി ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കണമെങ്കില്‍ തനിക്കും വഴങ്ങിത്തരണമെന്ന് ഡിമാന്റു വച്ചു. അല്ലെങ്കില്‍ സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചെകുത്താനും കടലിനും നടുവിലായിപ്പോയ ഫാത്തിമ മറ്റു മാര്‍ഗമില്ലാതെ ഡോക്ടറുടെ ആഗ്രഹത്തിന് വഴങ്ങിയാണെങ്കിലും കാര്യം സാധിച്ചു. ഇതോടെ മാനസികമായി തകര്‍ന്നു പോയ അവള് കോളജിലും ഹോസ്റ്റലിലും ഏകാന്തതയില്‍ അഭയം പ്രാപിച്ചു. അവളില്‍ പെട്ടന്നുണ്ടായ മാറ്റം സഹപാഠികള്‍ ശ്രദ്ധിച്ചെങ്കിലും അവര്‍ക്ക് കാര്യം പിടികിട്ടിയില്ല.
വാര്‍ഷിക പരീക്ഷയ്ക്ക് മുന്നോടിയായി കോളജ് അടച്ചപ്പോള്‍ മറ്റു കുട്ടികള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാതെ അവള് ഹോസ്റ്റല്‍ മുറിയില്‍ ഒതുങ്ങിക്കൂടി. തികട്ടി വരുന്ന ദുരന്ത സ്മരണകള്‍ ഉറക്കം പോലും ഇല്ലാതാക്കി. ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയ നിമിഷത്തില്‍ ഒരു ദിവസം അവള് വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. പിറ്റേന്നു തന്നെ വീട്ടിലെത്തിയ ഫാത്തിമ ആരോടും അധികം വിശേഷങ്ങള്‍ പറയാതെ മാറി നടന്നു.
മകളുടെ പ്രകൃതത്തില്‍ വന്ന മാറ്റം അമ്മ ശ്രദ്ധിച്ചു. വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന, പ്രസരിപ്പോടെ ഓടി നടന്നിരുന്ന മകള്‍ ഏകാന്തതയുടെയും മൗനത്തിന്റെയും ചിറകിലൊളിക്കുന്നത് അമ്മയെ അസ്വസ്ഥയാക്കി. എന്തു പറ്റിയെന്ന തുടരെയുള്ള ചോദ്യങ്ങളില്‍ നിന്ന് ആദ്യമൊക്കെ ഒഴിഞ്ഞു മാറിയ അവള് പിന്നീട് ക്ഷുഭിതയായി പ്രതികരിച്ചു. ഇതോടെ മാതാവ് അന്വേഷണം നിര്‍ത്തി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ നിന്ന് പിതാവ് അവധിക്കെത്തി.
തന്റെ ഉപ്പയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഫാത്തിമ ആദ്യമൊക്കെ അദ്ദേഹത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയെങ്കിലും ഇടനെഞ്ച് പൊട്ടുമെന്ന് തോന്നിയപ്പോള്‍ പിന്നിട് അവള്‍ക്കെല്ലാം തുറന്നു പറയേണ്ടതായി വന്നു. മകള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ മനസു മരവിച്ച മാതാപിതാക്കള്‍ അതൊന്നും പുറത്തു കാണിക്കാതെ അവളെ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ മാനക്കേട് പുറത്താരും അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
പഠനം പാടേ പാളിപ്പോയതോടെ ഫാത്തിമയുടെ ഭാവി ഇരുളടയുന്നതായി തോന്നിയ മാതാപിതാക്കള്‍ മകളുടെ കാമുകനെക്കൊണ്ടു തന്നെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ഫാത്തിമയ്ക്കും സമ്മതമായിരുന്നെങ്കിലും കാമുകന് കാലുമാറി. ഇതോടെ അവള്‍ക്ക് വേറെ വിവാഹാലോചനകള്‍ തുടങ്ങി.
മറ്റൊരു വിവാഹം തുടക്കം മുതല്‍ ഫാത്തിമ എതിര്‍ത്തെങ്കിലും സമൂഹത്തില്‍ കുടുംബത്തിന്റെ അന്തസ് നഷ്ടപ്പെടരുതെന്ന മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു മുന്നില്‍ അവള്‍ക്ക് ഉത്തരം മുട്ടി. വിവാഹം കഴിഞ്ഞ് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ മകളുടെ മാനസികാവസ്ഥ മാറുമെന്ന് അവര്‍ കരുതി.
ഫാത്തിമയുടെ സൗന്ദര്യത്തിലും ആവശ്യത്തിലധികമുള്ള സമ്പത്തിന്റെ പിന്‍ബലത്തിലും വിവാഹാലോചനകള്‍ നിരവധി വന്നു. അവസാനം കോഴിക്കോടുള്ള നല്ലൊരു ബിസിനസ് കുടുംബത്തിലെ ചെറുപ്പക്കാരനുമായി ആര്‍ഭാടപൂര്‍വ്വം വിവാഹം നടത്തി.
പുതിയൊരു വിവാഹ ജീവിതത്തിലേക്ക് കടന്നതോടെ കുറ്റബോധം അവളെ വല്ലാതെ വേട്ടയാടാന്‍ തുടങ്ങി. സ്നേഹസമ്പന്നനായ ഭര്‍ത്താവിനെ താന്‍ അറിഞ്ഞുകൊണ്ട് വഞ്ചിക്കുകയാണല്ലോ എന്ന ചിന്ത ശാപം പോലെ അവളെ പിന്തുടര്ന്നു.
ദാമ്പത്യത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമൊക്കെ ഭര്‍ത്താവ് പറയുമ്പോള്‍ കോളജിലെ അവിഹിത ഗര്‍ഭവും ഗര്‍ഭഛിദ്രവും ഡോക്ടറുടെ ചതിയില്‍പ്പെട്ടതും ഒക്കെയായിരുന്നു ഫാത്തിമയുടെ മനസില്‍. നടുക്കുന്ന കലാലയ ഒര്‍മ്മകളും വര്‍ത്തമാന ജീവിത യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ മനസില്‍ നിരന്തരമുണ്ടായ ഏറ്റുമുട്ടല്‍ ഓരോ ദിവസം കഴിയും തോറും അവളെ ഉലച്ചുകൊണ്ടിരുന്നു.
അങ്ങനെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഇരുപതുകാരിയായ ഫാത്തിമ മോചനം നേടി… ഭര്‍ത്താവ് ബിസിനസ് ആവശ്യത്തിനായി പുറത്തു പോയ സമയം സ്വന്തം മുറിയില്‍ ഫാനില്‍ തൂങ്ങി അവള് ജീവിതം അവസാനിപ്പിച്ചു.
ഇത് ഫാത്തിമ എന്ന ഒരു പെണ്‍കുട്ടിയുടെ മാത്രം അനുഭവമല്ല. ഇത്തരത്തില്‍ ഇളം പ്രായത്തില്‍ തന്നെ നഷ്ട സ്വപ്നങ്ങളുടെ ദുഖ ഭാണ്ഡങ്ങള്‍ പേറി ജീവിക്കുന്നവരും ജീവിതം അവസാനിപ്പിച്ചവരുമായ ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയാണിവള്‍. ഇപ്രകാരം കലാലയങ്ങളിലെ പ്രണയാഭിനിവേശങ്ങളില്‍ പെട്ട് ‘ക്യാമ്പസിലെ അമ്മ’മാരായി മാറിയ നിരവധി പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്.
ഫാത്തിമ ഗര്‍ഭഛിദ്രത്തിനായി ചെന്നത് അബോര്ഷന് നടത്താന്‍ അംഗീകാരമില്ലാത്ത ഒരു സ്വകാര്യ ക്ലീനിക്കിലായിരുന്നു. ചില വിരുതന്മാരായ ഡോക്ടര്‍മാരാണ് ഇത്തരം സംരംഭങ്ങള്‍ക്കു പിന്നില്‍. അവിഹിതമായി ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികളാണ് ഇവരുടെ മുഖ്യ ഇരകള്‍. ലക്ഷ്യം രണ്ടാണ്… അബദ്ധത്തില്‍ പെട്ട് നിസഹായതയോടെ മുന്നില്‍ വന്നു നില്ക്കുന്ന ഇരയെ ശാരീരികമായി ഉപയോഗിക്കുക. അതിനു ശേഷം ഗര്‍ഭഛിദ്രം നടത്തി കിട്ടുന്ന തുക വാങ്ങി പോക്കറ്റിലിടുക.
ഫാത്തിമയെപ്പോലെ ക്യാമ്പസില്‍ നിന്നെത്തുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ വളരെ പെട്ടന്ന് വരുതിയിലാക്കുന്നത്. എങ്ങനെയെങ്കിലും മാനം രക്ഷിക്കണമെന്ന അപേക്ഷയുമായെത്തുന്ന പെണ്‍കുട്ടികളോട് വളരെ വലിയ തുക ആവശ്യപ്പെടും. വിദ്യാര്‍ഥിനികളായ പലരുടെയും കൈയ്യില്‍ അത്രയും തുക കൊടുക്കാനുണ്ടാവില്ല. അപ്പോള്‍ തങ്ങളുടെ ‘ഹിഡന്‍ അജണ്ട’ പ്രഖ്യാപിക്കും. അങ്ങനെ വഴങ്ങിയാല്‍ ചെറിയ തുകയ്ക്ക് കാര്യം നടത്തി തരാമെന്ന ഒത്തു തീര്‍പ്പ് നിര്‍ദേശത്തില്‍ ഒരുമാതിരിപ്പെട്ട പെണ്‍കുട്ടികളെല്ലാം വീണു പോവുകയാണ് പതിവ്.
ഇതുവരെ നാം കണ്ടത് ഗര്‍ഭഛിദ്രമെന്ന സാമൂഹ്യ തിന്മയും അതിലേക്ക് നയിച്ച വിവിധങ്ങളായ കാരണങ്ങളും അതേ തുടര്‍ന്നുണ്ടായ ദുരന്തങ്ങളുമാണ്.
എന്നാല്‍ എത്ര പ്രതിസന്ധികളുണ്ടായാലും ഉദരത്തില്‍ ഉരുവായ ജീവന്റെ പുതു നാമ്പിനെ നശിപ്പിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കുന്ന സ്ത്രീകളും സമൂഹത്തിലുണ്ട്. അവര്‍ നമുക്ക് പകര്‍ന്നു നല്‍കുന്നത് ജീവന്റെ മഹത്തരമായ സന്ദേശമാണ്…. അവരെപ്പറ്റി നാളെ.
ജയ്മോൻ ജോസഫ്
എക്സിക്യൂട്ടീവ് എഡിറ്റർ ,CNEWS LIVE
കടപ്പാട്
ജീവൻ ദൈവത്തിൻെറ ദാനം .ജീവൻ ആദരിക്കുക ,സംരക്ഷിക്കുക .ജീവൻെറ ശുശ്രുഷകൾക്കായി പ്രാർത്ഥിക്കുക ,പ്രവർത്തിക്കുക .
മംഗളവാർത്ത 9446329343
.