സ്വാതന്ത്ര്യം നമുക്ക് ജീവനാണ്. സ്വതന്ത്ര ഭാരതത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്തതുകൊണ്ടാകാം നമ്മിൽ പലർക്കും സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ചിന്തപോലുമില്ല. എന്നാൽ, വല്ലാത്ത ഫാസിസ്റ്റു ഭരണരീതികൾ നാടിനെ വരിഞ്ഞുമുറുക്കുമ്പോൾ നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യം തന്നെയാണ് എന്ന് തിരിച്ചറിയണം. രാഷ്ട്രീയമായ എതിർപ്പിന്റെ പേരിൽ ഫാദർ സ്റ്റാൻസ്വാമിയെ തുറുങ്കിലടക്കുകയും അദ്ദേഹത്തെ മരണത്തിലേക്ക് നയിക്കുകയും ചെയ്തിട്ട് രണ്ടു വർഷമായി.
ഭരണകൂടത്തെ എതിർത്തതിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പത്രപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ജാമ്യം പോലും കിട്ടാതെ ജയിലുകളിൽ അടക്കപ്പെടുന്നുണ്ട്. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കിൽ നമ്മുടെ നാട് സ്വതന്ത്രമാണെന്നു പറയാൻ പറ്റുമോ?
മറുനാടൻ ഷാജൻ കേരളത്തിലെ പോപ്പുലർ ആയ സാമൂഹ്യമാധ്യമ പ്രവർത്തകനാണ്. ചിലപ്പോഴെങ്കിലും സെൻസേഷനലിസത്തിന്റെ പിന്നാലെ പോകുന്ന അദ്ദേഹത്തിന്റെ പത്രപ്രവർത്തന രീതിയോട് വിയോജിപ്പുള്ളവർ ധാരാളമുണ്ട്. അദ്ദേഹത്തിന്റെ റിപ്പോർട്ടിങ്ങിലൂടെ അനേകർ ഏറെ വേദനിച്ചിട്ടുമുണ്ട്.
പക്ഷെ, അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു വീഡിയോയുടെ പേരിൽ അദ്ദേഹത്തിന്റെ പത്രസ്ഥാപനത്തോട് ചെയ്തുകൊണ്ടിരിക്കുന്നത് സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും വിലമതിക്കുന്ന ആർക്കും അംഗീകരിക്കാൻ ആവില്ല.
ആരെയും നിശബ്ദമാക്കിക്കൊണ്ടു ആത്യന്തികമായി ഒന്നും നേടാനാവില്ല എന്നതാണ് വാസ്തവം.–ഫേസ്ബുക്കിൽ
Bishop Thomas Tharayil