പ്രിയപ്പെട്ട അലക്സ് സാറിൻ്റെ വിയോഗം അവിശ്വസനീയമായ വാർത്തയാണ്. അഡ്വ. അലക്സ് എം.സ്കറിയ എന്ന അദ്ദേഹത്തെ പരിചയപ്പെടുന്നത് 2020 ൽ ആണ്. സംസ്ഥാന സർക്കാർ ആരംഭിച്ച EWS സംവരണം നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അനുവദിക്കാതിരുന്നപ്പോൾ ചങ്ങനാശേരി അതിരൂപത അതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.

അലക്സ് സാറായിരുന്നു വക്കീൽ. തികഞ്ഞ പ്രതിബദ്ധതയോടെ കേസ് നടത്തിയ അദ്ദേഹം ഒരുമാസത്തിനകം തന്നെ അനുകൂല വിധി നേടിയെടുത്തു. തുടർന്ന് അദ്ദേഹം EWS നെ ക്കുറിച്ച് കൂടുതൽ പഠിക്കുകയും അതിൻ്റെ പ്രയോജനം മനസിലാക്കി ധാരാളം പാവപ്പെട്ട കുട്ടികൾക്ക് കേന്ദ്രസർക്കാരിൻ്റെ EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി സൗജന്യമായി കേസുകൾ നടത്തി വിജയിപ്പിച്ചു.

മലയോര കർഷകരുടെ വിഷയങ്ങൾ ആഴത്തിൽ പഠിച്ചിരുന്ന അദ്ദേഹം അവർക്കുവേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും നിയമയുദ്ധം നടത്തുകയും ചെയ്തിരുന്നു.

നിയമമേഖലയിലും പൊതു വിജ്ഞാനത്തിലും അദ്ദേഹത്തിന് ആഴമായ അറിവും ഏതൊരു പ്രശ്‌നത്തിനും വ്യക്തമായ ഉത്തരവുമുണ്ടായിരുന്നു. തൻ്റെ അഭിപ്രായങ്ങൾ അദ്ദേഹം എവിടെയും തുറന്നു പറഞ്ഞിരുന്നു. അദേഹത്തിൻ്റെ നിര്യാണം ഒരു ലൈബ്രറി കത്തിയമർന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്.

സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനുമായി അദ്ദേഹം വളരെ അടുത്തു സഹകരിച്ചിരുന്നു. ജെ.ബി.കോശി കമ്മീഷന് സഭ സമർപ്പിച്ച നിവേദനത്തിൽ മലയോര കർഷകരുടെ പ്രശ്നങ്ങൾ വ്യക്തതയോടുകൂടി ഉൾച്ചേർക്കാൻ അദ്ദേഹത്തിൻ്റെ വലിയ സഹായം ലഭിച്ചിരുന്നു.

വളരെ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. നീതിയുടെ പക്ഷത്തായിരുന്നു അദ്ദേഹം നിലയുറപ്പിച്ചത്. ധാരാളം ദരിദ്രർക്ക് ഹൈക്കോടതിയുടെ പടി കയറാൻ പ്രാപ്തിയുണ്ടായത് അദ്ദേഹം മൂലമാണ്.

കുടുംബ മുല്യങ്ങൾക്ക് അദ്ദേഹം വലിയ വില കൽപിച്ചിരുന്നു. തൻ്റെ പ്രിയ പത്നിയെയും കുട്ടികളെയും ധാരാളമായി സ്നേഹിച്ചിരുന്നു. തൻ്റെ അഞ്ചാമത്തെ കുഞ്ഞിനെ ഓമനിച്ചു കൊതിതീരും മുമ്പേയാണ് ഈ മടക്കം.

തികഞ്ഞ സഭാ – സമുദായ സ്നേഹിയായിരുന്ന അദ്ദേഹം ക്രൈസ്തവ സ്വത്വം ഉയർത്തിപ്പിടിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു.

എങ്കിലും അലക്സ് സാറെ ഇതു വളരെ മോശമായിപോയി നമ്മൾ ഒരുമിച്ച് എന്തെല്ലാം കാര്യങ്ങൾ ചെയ്തു, എന്നിട്ടും ഒരുവാക്കു പറയാതെ പൊയ്ക്കളഞ്ഞല്ലോ

എട്ടുദിവസം മുമ്പ് രാത്രി പന്ത്രണ്ടുമണിക്ക് വിളിച്ചെഴുന്നേൽപ്പിച്ച് ന്യൂ ഇയർ ആശംസിച്ചത് ഇതിനുവേണ്ടിയായിരുന്നോ

സഭയും സമുദായവും ഇത്രയും പ്രശ്നങ്ങൾ നേരിടുമ്പോൾ നിങ്ങളെപ്പോലെയുള്ള അച്ചൻമാർ കിടന്നുറങ്ങുന്നോ എന്ന് അന്നു ചോദിച്ചത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു..

ഫാ. ജയിംസ് കൊക്കാവയലിൽ

നിങ്ങൾ വിട്ടുപോയത്