ചില ആത്മകഥകളെക്കുറിച്ച്

സാഹിത്യലോകത്ത് കന്യാസ്ത്രീമാരുടെ ആത്മകഥകൾ ഒത്തിരിയുണ്ട്. ചിലതൊക്കെ ക്ലാസിക്കുകളുടെ ഗണത്തിൽ പെട്ടതുമാണ്. ഉദാഹരണത്തിന്; വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അമ്മത്രേസ്യയുടെയും ആത്മകഥകൾ. ആദ്യത്തേത് ഫ്രഞ്ചും രണ്ടാമത്തേത് സ്പാനിഷും ആണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നും എടുത്തു പറയാവുന്നത് എക്സ് കന്യാസ്ത്രീയായ കാരൻ ആംസ്ട്രോങ്ങിന്റെ The Spiral Staircase ആണ്. ഒരു നെഗറ്റീവ് എനർജിയും പകർന്നു തരാത്ത പുസ്തകമാണത്.

ഇനി മലയാളത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആത്മകഥകൾ എന്ന പേരിൽ രണ്ടു എക്സ് കന്യാസ്ത്രീമാരുടെ പുസ്തകങ്ങൾ ഇവിടെയുണ്ട്. ഡി.സിയാണ് രണ്ടും പബ്ലിഷ് ചെയ്തത്. രണ്ടും വായിച്ചിട്ടുണ്ട്. ജെസ്മിയുടെ ആമേൻ എന്ന പുസ്തകം, ഭാഷ നല്ലതാണ്. പക്ഷേ എഴുതിയിരിക്കുന്നത് പൂർണ്ണമായി വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടാമത്തേത് ലൂസി കളപ്പുരയുടെ പുസ്തകമാണ് – കർത്താവിന്റെ നാമത്തിൽ. ആത്മകഥ എന്ന് അതിനെ വിളിക്കാൻ സാധിക്കില്ല. കാരണം അനുഭവങ്ങളെ ഭാവനകൊണ്ട് കൂട്ടിക്കുഴച്ചിരിക്കുകയാണ് ആ പുസ്തകം. ആ ഭാവനകളോ പൈങ്കിളിയുടെ നിലവാരമേയുള്ളൂ. അതൊരു propaganda പുസ്തകമാണ്. പൗരോഹിത്യത്തെയും സമർപ്പിത ജീവിതത്തെയും തകർക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.

ടി. പത്മനാഭൻ പറഞ്ഞതുപോലെ ലൂസി കളപ്പുരയുടെ പുസ്തകം ഒരു ഉത്തമസാഹിത്യകൃതി അല്ല. വിറ്റഴിക്കുന്നതിന് വേണ്ടി മാത്രം ഒബ്സീനും വള്‍ഗറുമായ സംഗതികൾ ചേർത്തുവച്ച് തട്ടിക്കൂട്ടി ഉണ്ടാക്കിയ, നിലവാരം ഒട്ടും തന്നെ ഇല്ലാത്ത ഒരു പുസ്തകമാണത്. ഈ രണ്ട് എക്സ് കന്യാസ്ത്രീകളുടെ പുസ്തകങ്ങൾക്കൊരു പ്രത്യേകതയുണ്ട്; ഇവരുടെ ആത്മകഥകളിൽ ഇവർ രണ്ടുപേരും ഒരു കുറവുകളും ഇല്ലാത്തവരാണ്. പക്ഷെ, ഇവരുടെ കൂടെയുള്ളവർ എല്ലാവരും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരും കൊടുംപാപികളും. ആ പുസ്തകങ്ങളിൽ അവരുടെ ആത്മരതികളെയാണ് അവർ ആത്മകഥകളായിട്ട് ചിത്രീകരിച്ചിരിക്കുന്നത്.

ടി.പി പറഞ്ഞ ഒരു കാര്യം വളരെ സത്യമാണ്. അസഭ്യവും അശ്ലീലവും ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും എന്ന കാര്യം. അപ്പോഴും ശുദ്ധ സാഹിത്യമുള്ള പെണ്ണെഴുത്തുകളും മലയാളത്തിലുണ്ട് എന്ന സത്യം വിസ്മരിക്കരുത്. അവരുടെ എഴുത്തുകളും മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ചിട്ടുണ്ട്. എങ്കിലും ചില ഞരമ്പുരോഗികൾ അവരിൽ നിന്നും പ്രതീക്ഷിക്കുന്നത് പൈങ്കിളികൾ മാത്രമാണ്. അങ്ങനെയുള്ളവരെ പ്രീതിപ്പെടുത്തുന്ന എഴുത്തുകാരികളും നമ്മുടെ ഇടയിലുണ്ട്.

കഴിഞ്ഞ ദിവസം റോസി തമ്പി ടീച്ചറുമായിട്ട് റബ്ബോനി എന്ന ടീച്ചറുടെ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഒരു അശ്ലീലവും ഇല്ലാത്ത മനോഹര ഗ്രന്ഥമാണത്. ടീച്ചർ പറയുകയായിരുന്നു ആ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിന് അത്യാവശ്യം പ്രശസ്തനായ ഒരു വിവർത്തകനുമായിട്ട് ടീച്ചർ സംസാരിച്ചു. അപ്പോൾ അയാൾ ഒരു വ്യവസ്ഥ വച്ചു, പുസ്തകം കുറച്ചു മാറ്റി എഴുതണം. അതിൽ യേശുവും മഗ്ദലേന മറിയവും തമ്മിലുള്ള ഒരു ഇന്റിമേറ്റ് സീൻ എഴുതി ഉണ്ടാക്കണം. അങ്ങനെയാണെങ്കിൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും. പക്ഷേ ടീച്ചർ അയാളോട് പറഞ്ഞു, ഇല്ല പുസ്തകത്തിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. റബ്ബോനി എന്ന പുസ്തകം യേശുവും മഗ്ദലേന മറിയവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്. ശാരീരിക ബന്ധത്തിന്റെതല്ല.

എല്ലാവർക്കും വേണ്ടത് വിശുദ്ധമെന്ന് കരുതുന്ന ഇടങ്ങളിൽ നിന്നുള്ള ഇടർച്ചയുടെ കഥകളാണ്. അങ്ങനെയുള്ള കഥകൾ എഴുതിയവർ കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. അവർ വിചാരിക്കുന്നത് അവർ നടത്തുന്നത് ഒരു വിപ്ലവമാണ് എന്നാണ്. പക്ഷേ അവരുടെ കൃതികൾ പലതും ആത്മാവില്ലാത്ത ശരീരമായിട്ടാണ് തോന്നിയിട്ടുള്ളത്.

എത്ര സുന്ദരമായി മേക്കപ്പ് ചെയ്താലും അതിൽ നിന്നും വമിക്കുന്നത് ദുർഗന്ധം മാത്രമായിരിക്കും. അങ്ങനെയുള്ള പുസ്തകങ്ങളെ സാഹിത്യകൃതികൾ എന്ന് പറയാൻ സാധിക്കില്ല. അവയെ ഏതെങ്കിലും ഒരു ഗണത്തിൽ പെടുത്താനും സാധിക്കില്ല. അതുകൊണ്ട് ചില എക്സ് കന്യാസ്ത്രീകളുടെ പുസ്തകങ്ങളെക്കുറിച്ച് ടി. പത്മനാഭൻ അതൊരു ഉത്തമസാഹിത്യകൃതി അല്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് 100% സത്യം തന്നെയാണ്. കാരണം, അവ വായിച്ചിട്ടുള്ള ആർക്കും മനസ്സിലാകും അതൊരു വ്യാജ ആത്മകഥയാണെന്ന കാര്യം.

/// ഫാ മാർട്ടിൻ N ആന്റണി ///

നിങ്ങൾ വിട്ടുപോയത്