സമത്വത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് . ഓരോരുത്തരും അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ്.ജീവനും ധാർമ്മികതയും നീതിയും സത്യവുമൊക്കെ കൂടിക്കുഴഞ്ഞ് വേർതിരിച്ചെടുക്കാനാവാത്ത അവസ്ഥയിൽ സ്വന്തം ഇഷ്ടങ്ങൾ പ്രത്യേകിച്ച് സ്വാർത്ഥത കൂടി കൂട്ടിക്കലർത്തുമ്പോൾ നവകാല ബോധ്യങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ തെളിയുകയായി. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം വരുത്തി വെക്കുന്ന വിനകളും കാഴ്ചപ്പാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒഴുക്കിനൊത്ത് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

കാലത്തിന്റെ കടന്നുപോക്കിൽ തകർന്നു കിടന്ന സ്ത്രീയെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിനിടയിൽ അവകാശങ്ങൾ നഷ്ടപ്പെട്ടുപോയ കുറേപ്പേർ നമ്മുടെ കണ്ണുകളിൽപ്പെടാതെ വേദനിച്ചു വസിക്കുന്നുണ്ടെന്നു എത്ര പേർക്കറിയാം. ഒരു ചരിത്ര പുസ്തകവും ഇവർ കൊല്ലപ്പെട്ടതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ മരണത്തോട് ചേർത്ത് ഒരു സ്ഥലപ്പേരും അറിയപ്പെട്ടിട്ടുമില്ല. ഇവർക്ക് നഷ്ടമായ അവകാശങ്ങൾ സമൂഹത്തിലെ ഭൂരിഭാഗം വരുന്ന മനുഷ്യരുടെ കണ്ണുകൾ തുറപ്പിച്ചിട്ടുമില്ല.ഇവർക്ക് പല പേരുണ്ടായിരുന്നു. സൈഗോട്ട്, എംബ്രിയോ, ഫീറ്റസ്. മലയാളത്തിൽ ഇവരെ നാം ഗർഭസ്ഥ ശിശുക്കൾ എന്ന് വിളിച്ചു. ഇവരെ സംരക്ഷിക്കേണ്ട മാതാപിതാക്കൾക്ക് ഇവരെ ആവശ്യമില്ലാതായപ്പോഴൊക്കെ ഇവർ കൊല്ലപ്പെട്ടു. പക്ഷെ ആരുമറിയാതെ വിഷം മുറ്റിയ മനസാക്ഷികൾക്കടിമപ്പെട്ട വരും തമുറകളുടെ നിശബ്ദ രൂപാന്തരീകരണത്തിന് ഇവരുടെ മരണങ്ങൾ കാരണമായെന്ന് തിരിച്ചറിഞ്ഞവർ വളരെ കുറവായിരുന്നു. അങ്ങനെ തിരിച്ചറിഞ്ഞവരെ വിളിച്ച പേരാണ് പ്രോലൈഫേഴ്‌സ്.

ഏതാനും നാളുകളെ ആയിട്ടുള്ളു സ്ത്രീകൾക്ക് ആരുടേയും അനുവാദമില്ലാതെ ഗർഭചിദ്രം നടത്താമെന്ന കോടതി വിധി ഉണ്ടായിട്ട്.സ്ത്രീകളുടെ അവകാശങ്ങൾ വർധിപ്പിക്കുന്ന വിധിയെന്നു പറഞ്ഞു തിരുത്തൽവാദികൾ ആർത്തുല്ലസിക്കുമ്പോൾ നമ്മുടെ സമൂഹം പാശ്ചാത്യ സ്വാധീനത്തിന്റെ മൂല്യച്ചുതികളിൽ വീണ്ടും വീണു പോയോ എന്ന് പരിതപിക്കാൻ പോലും അധികമാരുമില്ലെന്നത് സഹതാപം തോന്നിപ്പിക്കുന്ന ഒരു സാമൂഹ്യമനസാക്ഷിയെ നമ്മുടെ മുന്നിലെ പ്രതിക്കൂട്ടിൽ തലകുനിപ്പിക്കുന്നു.

1971ന് മുൻപ് ഇന്ത്യൻ പീനൽകോഡ് 312 പ്രകാരം അമ്മക്ക് മരണകാരണമായേക്കാവുന്ന അവസ്ഥയിലല്ലാത്ത എല്ലാ അബോർഷനും കുറ്റകരമായിരുന്നു.3 വർഷം കഠിനതടവും 500 രൂപ പിഴയുമുണ്ടായിരുന്ന കൊലപാതകം.
1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (MTP) ആക്ട് വഴിയാണ് അബോർഷന് മെഡിക്കലായും ലീഗലായും ചില വ്യവസ്ഥകൾ നിലവിൽ വന്നത്. ഈ ആക്ട് അനുസരിച്ച് ഒരു റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ അഥവാ ഡോക്ടർക്ക് താഴെ പറയുന്ന ഘട്ടങ്ങളിൽ ഒരു ഗർഭിണിയായ സ്ത്രീയുടെ അബോർഷൻ ചെയ്യാം.

a ) പ്രഗ്നൻസി തുടരുന്നത് ആ സ്ത്രീയുടെ ജീവൻ തന്നെ അപകടത്തിലാക്കാനൊ അവരുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തെ ബാധിക്കാനൊ സാധ്യതയുണ്ടെങ്കിൽ

b) ജനിക്കാൻ സാധ്യതയുള്ള കുട്ടിക്ക് ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടങ്കിൽ

ഒരു സ്ത്രീ ഗർഭം ധരിച്ച് 12 ആഴ്ചകളെ ആകുന്നുള്ളുവെങ്കിൽ ഒരു ഡോക്ടറിന് മുമ്പ് പറഞ്ഞ കാരണങ്ങളാൽ അബോർഷൻ നടത്താം.
ഗർഭം തുടങ്ങി 12 മുതൽ 20 ആഴ്ചകൾ വരെ ആയെങ്കിൽ മറ്റൊരു ഡോക്ടറുടെ കൂടി അഭിപ്രായമെടുത്തിട്ടെ അബോർഷൻ നടത്താനാവൂ.

എന്നാൽ പെട്ടെന്ന് അബോർഷൻ നടത്തിയില്ലെങ്കിൽ ഗർഭിണിയായ സ്ത്രീയുടെ ജീവൻ നഷ്ടപ്പെടും എന്ന സ്ഥിതി ആണെങ്കിൽ ഏത് ഘട്ടത്തിലും ഒരു ഡോക്ടർക്ക് അത് ചെയ്യാം.

1971 ന് മുൻപുള്ള ഇന്ത്യ 71 ന് ശേഷമുള്ള ഇന്ത്യ ഇങ്ങനെ രണ്ടു ഭാഗമായി നമുക്ക് ഭാരതത്തെ കാണാം.71 ന് മുൻപ് വിരലിലെണ്ണാവുന്ന നിയമപരമല്ലാത്ത അബോർഷന്റെ പേര് പറഞ്ഞു എം റ്റി പി ആക്ട് കൊണ്ട് വന്നെങ്കിൽ നിയമപരമായി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടുവെന്ന് മാത്രമല്ല, നിയമപരമല്ലാത്ത അബോർഷന്റെ എണ്ണവും കൂടി. അബോർഷൻ മൂലം മരിക്കുന്ന അമ്മമാരുടെ എണ്ണം വർധിച്ചു.1997 ൽ മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിൽ ലേഖകൻ എഴുതി 71 ന് മുൻപ് കൂട്ട ആത്മഹത്യയെന്നോ കൂട്ട ബലാൽസംഗമെന്നോ നിങ്ങൾ കേട്ടിട്ടുണ്ടോ. കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ രക്തം വീണ ഈ ഭൂമി ശാപഗ്രസ്ഥമായി. അന്നുവരെ സമാധാനമുണ്ടായിരുന്ന കുടുംബങ്ങളിൽ തിന്മ കുടിയേറി. നാട് ആരാജകത്വത്തിലേക്ക് പോയി, ആര് ശ്രദ്ധിക്കാൻ?

സമൂഹത്തെ ബാധിച്ച പ്രധാന പ്രശ്നം ഇതൊന്നുമായിരുന്നില്ല.അന്ന് വരെ ഭ്രൂണഹത്യയെ കൊലപാതകമായി കണ്ടിരുന്ന അന്നത്തെ പുതുതലമുറയുടെ മനസിൽ ഇതൊരു തിന്മയല്ലാതായി മാറി. രാഷ്ട്ര നിയമങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഭാരതീയർ അവർ പോലുമറിയാതെ തിന്മയെ നന്മയായി സ്വീകരിക്കാൻ തുടങ്ങി.

ആദ്യത്തെ പാരഗ്രാഫിൽ ഞാൻ പറഞ്ഞതുപോലെ ഇത്രയും കിരാതമായ ഒരു നിയമമീ നാട്ടിൽ നിലവിൽ വന്നിട്ടും പ്രതികരിക്കാതിരുന്ന ഒരു സമൂഹം വരുത്തി വെച്ച വിന ഇന്നും നാം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.

ഈയടുത്ത സമയം അപകടകാരിയായ പട്ടിയെക്കൊല്ലുന്നതിനു അനുവാദത്തിന് വേണ്ടിയുള്ള ഒരു കേസും കുഞ്ഞിനെക്കൊല്ലുന്നതിനുള്ള അനുവാദത്തിനായി മറ്റൊരു കേസും വന്നപ്പോൾ കുഞ്ഞിനെക്കൊല്ലാൻ അനുവാദം കിട്ടിയിട്ടും പട്ടിയെക്കൊല്ലുവാൻ അനുവാദം കിട്ടിയില്ല എന്നത് നമുക്കെല്ലാം വായിച്ചറിവുള്ളതാണ് .
സത്യത്തിൽ ആ പട്ടി മൂലം ഒത്തിരിപ്പേർക്ക് മരണം സംഭവിക്കാമെന്നിരുന്നിട്ടും അതിന് തുനിയാതെ ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്ക ശിശുവിനെ വധിക്കുവാൻ എന്തിനായിരുന്നു ഇത്ര തിടുക്കം.
ഇവിടെയും കുഞ്ഞിനെ മരണത്തിലേക്ക് തള്ളി വിട്ടത് സ്ത്രീയുടെ അവകാശം സംരക്ഷിക്കുക എന്ന കാഴ്ചപ്പാട് തന്നെ.

മാറി മാറി വരുന്ന ഭരണകർത്താക്കളും സാമൂഹ്യ നായകരെന്നു നമ്മൾ കരുതുന്നവരും ഗർഭപാത്രത്തിലെ ശിശുവിനു ഒരു വിലയും നൽകാതെ വോട്ടുള്ള സ്ത്രീകളുടെ ഉന്നമനത്തിനെന്നുള്ള പേരിൽ ഗർഭസ്ഥ ശിശുഹത്യയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തു വരുന്നത്.
അതിന്റെ തുടർച്ചയായിരുന്നു 2008ൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. അൻപുമണി രാംദാസ് ഗർഭച്ചിദ്രം 6 മാസം വരെ നടത്തുവാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടത്. ഇതിനു ശേഷം മുംബയിലുള്ള ഒരു ഭാര്യയും ഭർത്താവും ഹൈക്കോടതിയിൽ 24 ആഴ്ച പ്രായമായ കുഞ്ഞിനെ ഗർഭചിദ്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കേസ് നൽകി.നിയമം അനുവദിക്കുന്നില്ലെന്നു പറഞ്ഞു കോടതി കേസ് തള്ളി. അടുത്ത ദിവസങ്ങളിൽ അവരാ കുഞ്ഞിനെ കൊന്നുവെന്നാണ് ഞാൻ കരുതുന്നത്.കാരണം ആ കുഞ്ഞു മരിച്ചതായി വാർത്ത വന്നു.ഒരു പോലീസും അതന്വേഷിക്കാൻ പോയില്ല. സ്വാഭാവിക ഗർഭചിദ്രമെന്നുള്ള രീതിയിൽ തള്ളിക്കളഞ്ഞു. കുഞ്ഞിന്റെ ജീവന് വിലയില്ലല്ലോ. ഞാൻ പോലീസിനെ മാത്രം കുറ്റം പറയുന്നില്ല, വിദേശത്ത് നിന്നു ഗർഭചിദ്രം പ്രോത്സാഹിപ്പിക്കുന്നവരുടെ പണം പറ്റുന്ന നമ്മുടെ നാട്ടിലെ എൻ ജി ഓ കളും ഗൈനക്കോളജിസ്റ്റുകളുടെ സംഘടനയുടെ ചില വിഭാഗങ്ങളും ഇതിന് പിന്നിൽ പ്രവർത്തിച്ചതിന്റെ ഫലം ഇങ്ങനെയായി എന്ന് മാത്രം.

2008 ൽ കേന്ദ്ര നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്‌ എ ആർ ലക്ഷ്മണന്റെ നേതൃത്വത്തിൽ ഗർഭസ്ഥ ശിശുഹത്യക്കായി നിയമ നിർദേശങ്ങൾ കൊണ്ട് വരുവാൻ ശ്രമിച്ചിരുന്നു. ഇതറിഞ്ഞാവം കേരളത്തിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ചെയർമാനായ കേരള നിയമ പരിഷ്കരണ കമ്മീഷൻ കേന്ദ്രത്തിൽ നിർദേശങ്ങൾ വരുന്നതിനുമുൻപേ ഫാമിലി വെൽബിയീങ് ബിൽ എന്ന പേരിൽ നിയമ നിർദേശം കൊണ്ട് വന്നു. അതിൽ പ്രസവത്തിനു തൊട്ടു മുൻപ് വരെ ചില കാരണങ്ങളുടെ പേരിൽ ഗർഭചിദ്രം ചെയ്യാമെന്നും, ഡോക്ടർമാർ നിർബന്ധിത ഗർഭചിദ്രം നടത്തണമെന്നും, രണ്ടിലധികം കുഞ്ഞുങ്ങൾ ജനിക്കുന്ന മാതാപിതാക്കൾക്ക് ആറു മാസം ജയിലും പതിനായിരം രൂപ പിഴയും നൽകണമെന്നും നിർദേശിച്ചിരുന്നു.ഈ നിയമമറിഞ്ഞു ഭയന്ന് തങ്ങളുടെ മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞുങ്ങളെ ഗർഭപാത്രത്തിൽ വെച്ചേ അനേക മാതാപിതാക്കൾ വധിച്ചു എന്നുള്ളത് അധാർമ്മിക നിയമങ്ങൾ എത്ര മാത്രം മനുഷ്യരെ സ്വാധീനിക്കുന്നു എന്നതിന് തെളിവാണ്.

പ്രതികരിക്കുന്ന പ്രോലൈഫ് പ്രവർത്തകർ അന്ന് കേരളത്തിലുണ്ടായിരുന്നതുകൊണ്ട് ഈ നിർദേശങ്ങളൊന്നും നിയമമായില്ല. പിന്നീട് വന്ന സർക്കാരിന്റെ കാലത്തും ഇതേ നിർദേശങ്ങൾ മറ്റൊരു പേരിൽ നിയമ പരിഷ്കരണ സമിതി കൊണ്ട് വന്നെങ്കിലും പ്രോലൈഫ് പ്രവർത്തകർ അതിനെ എതിർത്തു പരാജയപ്പെടുത്തി.

ആദ്യത്തെ ബിൽ കൊണ്ട് വരുമ്പോൾ ഞാൻ കെ സി ബി സി പ്രോലൈഫ് സമിതി വൈസ് പ്രസിഡന്റ്‌ ആയിരുന്നു . രണ്ടാമത് ഇതെത്തുമ്പോൾ ജനറൽ സെക്രട്ടറിയും, പിന്നീട് ആദ്യ അൽമായ പ്രസിഡന്റുമായി. അതോടൊപ്പം എല്ലാ ഭക്തസംഘടനകളെയും സമുദായ സംഘടനകളെയും കോർത്തിണക്കി കൊല്ലത്ത് ജീവൻ സംരക്ഷണ സമിതി രൂപപ്പെടുത്തിയിരുന്നു. ഞാൻ അതിന്റെ കോർഡിനേറ്ററായി പോരാട്ടങ്ങൾ കോർഡിനേറ്റ് ചെയ്തു. ഈ സമരങ്ങൾക്കെല്ലാം ആ കാലഘട്ടത്തിൽ നേതൃത്വം കൊടുത്തതുകൊണ്ട് എനിക്ക് നിസ്സംശയം പറയാൻ കഴിയും വിദേശ സഹായത്തോടെ പ്രത്യേകിച്ച് ഗർഭചിദ്ര മാഫിയയുടെ സഹായത്തോടെ ( ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തിൽ കാണുന്ന ഫീറ്റൽ എംബ്രയോണിക് ടിഷ്യു ( Foetal Embrayonic Tissue ) അഥവാ ഫീറ്റൽ കോളാജിൻ സൗന്ദര്യസംവർദ്ധക വസ്തുക്കളിലെ ഒരു പ്രധാന ഘടകമാണ്.ഇതിനായി എടുക്കുന്ന ഗർഭസ്ഥ ശിശുക്കൾ വഴി ഇവർ കോടികൾ സമ്പാദിക്കുന്നു. അതോടൊപ്പം ശിശു പരീക്ഷണം നടത്തുന്നവർ, അവയവ കച്ചവടം നടത്തുന്നവർ, സാത്താനെ ആരാധിക്കുന്ന ഫ്രീ മെയ്‌സനുകൾ ഉൾപ്പെടുന്ന വലിയൊരു മാഫിയ ഇതിന് പിറകിലുണ്ട് ) ഗർഭസ്ഥ ശിശുഹത്യക്കായി നിയമത്തിന്റെ നൂലാമാലകളിൽ കൂടി കടന്നുകയറാനുള്ള ശ്രമം ഭാരതത്തിൽ തുടങ്ങിക്കഴിഞ്ഞിരുന്നു. അതിനായവർ സ്ത്രീയുടെ അവകാശങ്ങളെ ഉയർത്തിക്കാണിച്ചു. ഇവരുടെ ഉദ്ദേശശുദ്ധിയറിയാതെ അനേകർ അവരുടെ പിറകെ പോയി. പണം ആധിപത്യം ഉറപ്പിച്ചു.

പാർലമെന്റിൽ നൽകാൻ പുതിയ നിർദ്ദേശങ്ങൾ വന്നു. ഭ്രൂണഹത്യ 24 ആഴ്ച്ച ആക്കുക, പ്രസവത്തിനു തൊട്ട് മുൻപ് വരെ ചില കാരണങ്ങളുടെ പേരിൽ ഗർഭച്ചിദ്രം അനുവദിക്കുക, ആയുർവേദ, ഹോമിയോപ്പതി, യുനാനി ഡോക്ടർമാർക്കും മിഡ്‌വൈഫുമാർക്കും ഗർഭചിദ്രം ചെയ്യാൻ അനുവാദം നൽകുക ഇവയൊക്കെ അതിൽ ചിലതായിരുന്നു.

ഈ നിർദേശങ്ങൾ എതിർക്കപ്പെടുന്നതിനിടയിൽ ഗർഭചിദ്ര മാഫിയ ഗർഭിണികളെക്കൊണ്ട് പല വിധ കേസുകൾ നൽകി, ഒറ്റപ്പെട്ട ചില കേസുകളുടെ വിധിയിലൂടെ പല നിർദേശങ്ങളും നടപ്പിലാക്കിക്കഴിഞ്ഞു. പണത്തിനു മീതെ പരുന്തും പറക്കില്ലെന്നുള്ള പ്രയോഗം നമ്മുടെ മുന്നിൽ അന്വർത്ഥമായിരിക്കുന്നു.

ഫീറ്റോളജി എന്ന ശാസ്ത്രശാഖ വികസിച്ച ഈ കാലഘട്ടത്തിൽ കുഞ്ഞുമൂലം അമ്മ മരിക്കുമെന്ന് പറയുന്നതൊക്കെ ഇപ്പോൾ കള്ളപ്രചരണമാണ്. എം റ്റി പി ആക്ട് എടുത്തു മാറ്റപ്പെടണം എന്നാവശ്യപ്പെടുന്ന ഈ കാലഘട്ടത്തിലാണ് സ്ത്രീക്ക് ഭ്രൂണഹത്യക്ക് ആരുടേയും അനുവാദം വേണ്ടെന്നുള്ള ഈ വിധി വഴി ഭ്രൂണഹത്യ ഉദാരമാക്കിയത് എന്നുള്ളകാര്യം നാം തിരിച്ചറിയേണ്ടത്.

1971 ലെ നിയമം അനുസരിച്ച് 18 വയസ്സ് തികഞ്ഞ മാനസികാസ്ഥ്യമില്ലാത്ത ഒരു സ്ത്രീ അബോർഷന് വേണ്ടി സ്വയം സമ്മതിക്കേണ്ട ആവശ്യമെ ഉള്ളൂ. ഈ ആക്ടിലെ ഫോറം സി ഇതിനായി ഗർഭിണിയായ സ്ത്രീയാണ് ഫിൽ ചെയ്യേണ്ടത്.

എന്നാൽ ഗർഭിണിയായ സ്ത്രീക്ക് പ്രായപൂർത്തിയാകാതിരിക്കുകയോ മാനസികാസാസ്ഥ്യമുണ്ടാവുകയൊ ചെയ്താൽ അവരുടെ ഗാർഡിയൻ്റെ സമ്മതം ആവശ്യമുണ്ട്.

പുതിയ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ബിൽ കഴിഞ്ഞ മാർച്ച് 17 നാണ് ലോക്സഭ പാസ്സാക്കിയത്. പുതിയ നിയമമനുസരിച്ച് ഭ്രൂണഹത്യ ചെയ്യാനുള്ള പരിധി 24 ആഴ്ചയായി മാറും. മാത്രമല്ല, 20 ആഴ്ച വരെ ഒരു റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ അനുമതി മതി.20 മുതൽ 24 ആഴ്ച വരെ രണ്ട് ഡോക്ടർമാരുടെ അനുമതി വേണം.

ബില്ലനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ബോർഡിൽ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യൻ, റേഡിയോളജിസ്റ്റ് എന്നിവർ അംഗങ്ങളായുണ്ടാകണം. 24 ആഴ്ചകൾ കഴിഞ്ഞുള്ള പ്രഗ്നൻസി അബോർട്ട് ചെയ്യുന്നതിൻ്റെ തീരുമാനം ഈ ബോർഡാണ് എടുക്കുക.

നിലവിലുള്ള നിയമത്തിൽ ഭാര്യ – ഭർത്താക്കന്മാർ സെക്സ് ചെയ്യുമ്പോൾ ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കുകയും അത് പരാജയപ്പെടുകയും ചെയ്താൽ അബോർഷൻ ചെയ്യാൻ വ്യവസ്ഥയുണ്ട്. ഒരു സ്ത്രീയും അവരുടെ പങ്കാളിയും കോൺട്രാസെപ്റ്റീവ് ഉപയോഗിച്ച് സെക്സ് ചെയ്യുകയും അത് പരാജയപ്പെടുകയും ചെയ്താൽ, സംഭവിക്കുന്ന പ്രഗ്നൻസിയും അബോർട്ട് ചെയ്യാം. നിലവിലുള്ള നിയമത്തിൽ ഭർത്താവ് എന്ന വാക്ക് പുതിയ ഭേദഗതിയിൽ പങ്കാളി എന്ന് മാറ്റിയിരിക്കുന്നു . ഇത് മൂലം ഔദ്യോഗികമായി വിവാഹം ചെയ്യാത്ത പ്രണയിതാക്കളിൽ സംഭവിക്കുന്ന പ്രഗ്നൻസിയിലും അന്തിമ തീരുമാനം സ്ത്രീക്കെടുക്കാം.
കോടതി വിധികളുടെ അടിസ്ഥാനത്തിലും അല്ലാതെയും ഇതെല്ലാം നമ്മുടെ ഭാരതത്തിൽ നടപ്പിലായിക്കഴിഞ്ഞു.

ഗർഭ പാത്രത്തിലെ കുഞ്ഞിനെപ്പറ്റി ചെറുതായൊന്നു പറഞ്ഞോട്ടെ, സ്ത്രീ ഗർഭിണിയാണോ എന്ന് സ്വയം സംശയിക്കുന്ന സമയം പതിനെട്ടാം ദിവസം കുഞ്ഞിന്റെ ഈ.സി.ജി. കിട്ടും. ആദ്യ മാസത്തിലെ കുഞ്ഞിന്റെ കയ്യും കാലും വളരാൻ തുടങ്ങും. എട്ട് ആഴ്ച പ്രായമാകുമ്പോൾ എല്ലാ അവയവങ്ങളും രൂപപ്പെടും.40 ദിവസം പ്രായമാകുമ്പോൾ ഈ.ഈ.ജി. ( തലച്ചോറിന്റെ പ്രവർത്തനം ) കിട്ടും.5 മാസം പ്രായമായ കുഞ്ഞിന് ചെവി കേൾക്കാം. കുഞ്ഞിനെ പഠിപ്പിക്കുക വരെ ചെയ്യാം. ഈ കുഞ്ഞെങ്ങനെ അമ്മയുടെ ശരീരത്തിന്റെ ഭാഗമാകും. മറ്റൊരു മനുഷ്യ വ്യക്തിയായ കുഞ്ഞിനെ വധിക്കുവാൻ അമ്മക്കെന്തധികാരമാണുള്ളത്. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ വധ ശിക്ഷക്ക് വിധിക്കാൻ കോടതിക്ക് അധികാരമെവിടെനിന്ന് ലഭിച്ചു.
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അവശേഷിപ്പുകളുമായി കോടതി വിധികളും നിയമങ്ങളും നമ്മുടെ മുന്നിലുണ്ട്, ഡെമോക്ലീസിന്റെ വാൾ പോലെ.

കേരള സഭയിലെ റീത്തുകളോട് എനിക്ക് ചിലത് പറയാനുണ്ട്. വത്തിക്കാനിൽ നടത്തിയ മാതൃകയിൽ ഫാമിലി, ലേറ്റി & ലൈഫ് കമ്മീഷനുകൾ സീറോ മലബാർ സഭയിൽ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രോലൈഫ് അപ്പോസ്റ്റലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഞാൻ കെ സി ബി സി പ്രോലൈഫ് പ്രസിഡന്റ്‌ ആയിരുന്ന കാലങ്ങളിൽ ജനറൽ സെക്രട്ടറിയായിരുന്ന പിന്നീട് പ്രസിഡന്റ്‌ ആയ ശ്രീസാബു ജോസിനെയാണ് നിയമിച്ചത്.ഇതുപോലെ ലത്തീൻ, മലങ്കര കത്തോലിക്കാ സഭയിലും രൂപീകരിക്കുന്നത് പ്രോലൈഫ് മുന്നേറ്റങ്ങൾക്ക് അഭികാമ്യമായിരിക്കും.

ഞാൻ ആദ്യമേ സൂചിപ്പിച്ചു. നിയമങ്ങളും കോടതി വിധികളും നമ്മുടെ സമൂഹത്തെ സ്വാധീനിക്കുക തന്നെ ചെയ്യും. ഗർഭചിദ്രത്തിന് സ്ത്രീയുടെ അനുവാദം മാത്രം മതിയെന്ന വിധി ഗർഭചിദ്രം ഒരു തിന്മയല്ലെന്നും ഇഷ്ടമുള്ളപ്പോൾ തങ്ങളുടെ ഗർഭത്തിലെ ശിശുവിനെ വദിക്കാമെന്നുമുള്ള ചിന്ത സമൂഹത്തിൽ കൂടുതലാക്കും. വരുന്ന തലമുറയുടെ മനസാക്ഷിയിൽ ഗർഭചിദ്രം ഒരു തെറ്റേ അല്ലാതാകും. ഇപ്പോൾ തന്നെ നാം കേൾക്കുന്ന കണക്കുകൾക്കെല്ലാം മുകളിലായി ഈ കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നുണ്ട്.

മൂല്യമില്ലാത്ത തലമുറ, പരസ്പര സ്നേഹമില്ലാത്ത തലമുറ, ജീവന് വില നൽകാത്ത തലമുറ അതാണ് ഇനി വരാൻ പോകുന്നത്.

കായേനോട് ദൈവം പറഞ്ഞതുപോലെ, നിന്റെ സഹോദരന്റെ രക്തം മണ്ണിൽ നിന്നെന്നെ നോക്കി നിലവിളിക്കുന്നു. അവന്റെ രക്തം കുടിക്കാൻ വാ പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും. കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ രക്തം വീണ ഈ ഭൂമിയിൽ എന്റെയും നിന്റെയും അവസ്ഥ എന്തായിരിക്കും?.

ജോർജ് എഫ് സേവ്യർ വലിയവീട്
സംസ്ഥാന ആനിമേറ്റർ
കെ സി ബി സി പ്രോലൈഫ് സമിതി


നിങ്ങൾ വിട്ടുപോയത്