കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ് ഫെബ്രുവരി രണ്ട് വരെയുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് പ്രദര്‍ശനം.

നാളെ (ജനുവി 31) രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഡോ. പി. ടി. ബാബുരാജന്‍ മുഖ്യാതിഥിയാകും. വായ കൊണ്ട് ചിത്രം വരച്ച് ശ്രദ്ധനേടിയ സുനിത ത്രിപ്പണിക്കര, കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിന്‍ എന്നിവര്‍ ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഒന്നിന് വൈകിട്ട് ആറ് മണിക്ക് വൈക്കം വിജയലക്ഷ്മിയുടെ സംഗീത പരിപാടി അരങ്ങേറും. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മൂന്ന് ദിവസങ്ങളിലായി പ്രദര്‍ശനം സന്ദര്‍ശിക്കും. രണ്ടിന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

അംഗപരിമിതര്‍ക്കും വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായകമാകുന്ന ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനം, വിപണനം, അംഗപരിമിതരായ സംരംഭകരുടെ വിവിധതരം ഉല്‍പ്പന്നങ്ങളുടെ വിപണനം എന്നിവയുള്‍പ്പെടുന്നതാണ് പ്രദര്‍ശനം. ഇത്തരമൊരു പ്രദര്‍ശനം രാജ്യത്ത് ആദ്യമായാണെന്ന് വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്നോളജീസ് ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു. അംഗപരിമിത സൗഹാര്‍ദമായിട്ടാകും സ്റ്റാളുകള്‍ സജ്ജീകരിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ അംഗപരിമിതരും അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നവരും പൊതുജനങ്ങളും പ്രദര്‍ശനം സന്ദര്‍ശിക്കുമെന്നാണ് കണക്കാക്കുന്നത്. സമ്മേളനങ്ങള്‍, സെമിനാറുകള്‍, ബിസിനസ് അവാര്‍ഡ്, പ്രഗത്ഭര്‍ക്ക് ആദരവുകള്‍ എന്നിവയും തൊഴില്‍ അന്വേഷകര്‍ക്കായി മിനി ജോബ് ഫെയര്‍, ജീവിതപങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മാട്രിമോണിയല്‍ മീറ്റ്, കലാമേളകള്‍, സാംസ്‌കാരിക സംഗമങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എംഎസ്എംഇ വകുപ്പിന്റെ അംഗീകാരത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇതിനു പുറമെ അംഗപരിമിതര്‍ക്ക് സ്റ്റാളുകള്‍ സംഘടിപ്പിക്കുന്നതിനും കൊച്ചിയില്‍ മൂന്നു ദിവസം താമസ സൗകര്യം ലഭ്യമാക്കാനുമുള്ള പിന്തുണയുമായി വിവിധ സന്നദ്ധ സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്. www.abilitiesindiaexpo.com
94955 49450, 94467 12721,98467 26866



