നന്മയുള്ള നാടകങ്ങളുമായി ഒരു വിദ്യാലയം
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ കുട്ടികൾ ഈ അധ്യയനവർഷം അവതരിപ്പിക്കുന്ന അഞ്ചാമത് നാടകം, *മക്കൾ മാഹാത്മ്യം പതിമൂന്നാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആനിവേഴ്സറിയോടനുബന്ധിച്ച് സ്കൂളിൽ അരങ്ങേറും.
ഈ അധ്യായനവർഷം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ കുട്ടികൾ അവതരിപ്പിച്ച എല്ലാ നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച സ്കൂളിലെ കലാധ്യാപകനായ സാബുആരക്കുഴ തന്നെയാണ് ഇരുപതോളം കുട്ടികൾ പങ്കെടുക്കുന്ന മക്കൾ മാഹാത്മ്യം എന്ന റെക്കോർഡിങ് ഹാസ്യ നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
സമൂഹത്തിന് നന്മയുടെ സന്ദേശം പകരുന്ന ഇങ്ങനെ വ്യത്യസ്ത രീതിയിലുള്ള നാടകങ്ങൾ ഒരു സ്കൂളിലെ കുട്ടികൾ ഈ അധ്യായന വർഷം തന്നെ അവതരിപ്പിക്കുന്നത് ഇതാദ്യമായിരിക്കാം..
അഭിനയം എന്ന കലയോട് പ്രത്യേക താൽപര്യവും അസാധ്യമായി അഭിനയിക്കാൻ കഴിവും ഉള്ള നിരവധി കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട് ,
എല്ലാവരും എട്ടാം ക്ലാസുകാരാണ് .
ഒമ്പതാം ക്ലാസുകാരിയായി ഈ ടീമിൽ അഖില മോൾ മാത്രം,
അതുകൊണ്ടുതന്നെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് എട്ടാം ക്ലാസുകാർ അഖിലയെ കാണുന്നത്.
അഭിനയിക്കാനും, ഡാൻസ് ചെയ്യാനും കഴിവുള്ള അഖില പഠനത്തിലും മിടുക്കിയാണ്,
നാടകം അവതരിപ്പിക്കുന്ന ഓരോ വേദികളും കുട്ടികൾക്ക് ഓരോ അനുഭവങ്ങളാണ്.
സബ് ജില്ലാ കലോത്സവത്തിൽ വീടകം എന്ന നാടകം അവതരിപ്പിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നങ്ങേലിയമ്മ എന്ന 70 കാരിയായ കഥാപാത്രത്തെ അവതരിപ്പിച്ച ശിവപ്രിയ ആണ് .
എന്നാൽ ഈ നാടകം ജില്ലാതലത്തിൽ കളിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അമ്മുക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനഹ അനിൽ ആയിരുന്നു.
അതുപോലെ ഈ നാടകത്തിലെ മാണിക്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീഹരിസുരേഷ് പല വേദികളിലും മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു..
ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ, ഭരതനാട്യം,കുച്ചുപ്പുടി, മൃദംഗം എന്നീ മൂന്നിനങ്ങളിൽ പങ്കെടുത്ത കലാപ്രതിഭ കൂടിയാണ് ശ്രീഹരി സുരേഷ്.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിനയ ക്യാമ്പിൽ പങ്കെടുത്തപ്പോൾ ,
ഈ കുട്ടികളിൽ നിന്നും ആൻ മരിയ അനൂപ് ആയിരുന്നു മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ..
ഓരോ പ്രോഗ്രാമിനും ഓരോരോ നാടകം ചെയ്യാൻ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു സാറും ജോമോൻ സാറും, ജിബിൻ സാറും, സർബി സാറും,മാത്യു സാറും ഓഫീസ് സ്റ്റാഫ് ഷാനോ ഇവർ എല്ലാവരും എല്ലാവിധ പ്രോത്സാഹനവുമായി കൂടെയുണ്ട് .
സെപ്റ്റംബർ 5 ലോക പരിസ്ഥിതി ദിനത്തിലാണ് ഈ അധ്യായന വർഷത്തെ ആദ്യ നാടകം അരങ്ങേറിയത്,
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ഒരു പൊറാട്ട് നാടകം ആയിരുന്നു അത്.
സാബു സാർ തയ്യാറാക്കി സ്കൂൾ മുറ്റത്ത് അവതരിപ്പിച്ച ഈ നാടകം ആസ്വദിക്കാൻ സ്കൂൾ മാനേജർ, റവ, *ഫാ.സ്റ്റാൻലി കുന്നേലും എത്തിയിട്ടുണ്ടായിരുന്നുനാടകം ഇഷ്ടപ്പെട്ട സ്റ്റാൻലി അച്ഛൻ നാടകം കഴിഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെ കുട്ടികളുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു..
ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചവതരിപ്പിച്ച തെരുവ് നാടകം പിന്നീട് തൊടുപുഴ സബ് ജില്ലയിലെ ഒരുപാട് സ്കൂളുകളിൽ അവതരിപ്പിക്കുകയുണ്ടായി.
മദ്യം എന്ന മഹാവിപത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന ഈ തെരുവ് നാടകം, അവതരപ്പിക്കാൻ കടന്നുചെന്ന എല്ലാ സ്കൂളുകളിലും അവിടുത്തെ ടീച്ചേഴ്സ് നാടകം അവതരിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി തരുകയും കുട്ടികളോടൊപ്പം നാടകം കണ്ട് ആസ്വദിച്ച് നാടകസന്ദേശത്തെക്കുറിച്ച് തങ്ങളുടെ വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു ..
സ്കൂൾ കലോത്സവത്തിന് അവതരിപ്പിച്ച വീടകം നാടകത്തിന് , ഇടുക്കി ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
തന്റെ വിദ്യാലയത്തിൽ നിന്നും ലഭിച്ച അറിവ് പ്രയോജനപ്പെടുത്തി ജീവിതത്തിലെ വലിയ ഒരു പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യുന്ന അമ്മുക്കുട്ടി എന്ന് എട്ടാം ക്ലാസുകാരിയുടെ അതിജീവനത്തിന്റെ കഥയായിരുന്നു ഈ നാടകം.
സ്കൂളിലെ ക്രിസ്മസ് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രോഗ്രാമിൽ വിശ്വ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയുടെ ചെറുകഥയെ ആസ്പദമാക്കി എഴുതി തയ്യാറാക്കിയ റെക്കോർഡിങ് നാടകത്തിൽ കുട്ടികളോടൊപ്പം കലാധ്യാപകനായ സാബു ആരക്കുഴ യും പ്രധാന വേഷത്തിൽ അഭിനയിച്ചു.
ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും തോന്നാം ഈ കുട്ടികൾക്ക് പഠിക്കാൻ സമയമുണ്ടോ എന്ന്..
കുട്ടികളുടെ പഠന സമയം നഷ്ടമാകാതെ തന്നെയാണ് ഈ നാടകങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തിയത് .
കുട്ടികളെല്ലാവരും തന്നെ പഠനത്തിലും ഏറെ മികവ് പുലർത്തുന്നവരാണ് .
ഹിസ്റ്ററിക്ക് മുഴുവൻ മാർക്കും വാങ്ങിയ അഖിലമോളുടെ സന്തോഷം നാടകം റിഹേഴ്സൽ ക്യാമ്പിൽ ജിലേബി വിതരണം ചെയ്തു കൊണ്ടാണ് ആഘോഷിച്ചത് ..
കലാപരിപാടികൾ ഒന്നും വേണ്ട പഠനം മാത്രം മതി എന്നു പറഞ്ഞു കുട്ടികളുടെ മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന മാതാപിതാക്കൾ തിരിച്ചറിയുക .
വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നാൽ
വിദ്യാഭ്യാസം എന്ന മഹാ ദൗത്യം പൂർത്തീകരിക്കപ്പെടുന്നത് കുട്ടികളിലെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുമ്പോൾ മാത്രമാണ്..
സാബു ആരക്കുഴ