ഇന്നലെ എന്റെ പ്രിപ്പെട്ട ഭാര്യ ശുഭയുടെ ജന്മദിനം ഒട്ടും ബഹളങ്ങളില്ലാതെ ആഘോഷിച്ചു.
അല്ലെങ്കിലും ഈ കോവിഡ് കാലത്തു എന്ത് ആഘോഷം. ഭയവും പരിഭ്രാന്തിയും നിസ്സഹായതയും നിഴൽ വിരിക്കുന്ന ഈ സമയം ആഘോഷങ്ങളുടേതല്ല. എന്നാലും ശുഭയുടെ ജന്മദിനം ചെറുതായെങ്കിലും ആഘോഷിക്കാതിരിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.
തലേദിവസം ഒരു ചെറിയ കേക്ക് ഞാൻ വാങ്ങി ശുഭ കാണാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചു. സർപ്രൈസ് ആകട്ടെ എന്ന് കരുതി. ജന്മദിനത്തിൽ ആ കേക്ക് ഒട്ടും പ്രതീക്ഷിക്കാതെ കണ്ടപ്പോൾ ശുഭയുടെ മുഖം പ്രകാശിക്കുന്നത് ഞാൻ കണ്ടു, ആ നിമിഷം ഉള്ളിൽ എന്നോടുള്ള സ്നേഹം അല്പംകൂടി കൂടിയിട്ടുണ്ടാകുമെന്നു ഞാൻ കരുതി.
നാല്പതിലേറെ വർഷങ്ങളായിട്ടു കൂടെ ജീവിക്കുകയല്ലേ. എന്റെ സുഖവും സ്നേഹവും മാത്രം കാംഷിച്ചു, എന്നെ മാത്രം ഓർത്തു ഒപ്പം ജീവിക്കുന്ന ഒരാൾ. പലപ്പോഴും ഭാര്യാഭർതൃ ബന്ധത്തെപ്പറ്റി എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്, ദൈവം എത്ര വിദഗ്ധമായിട്ടാണ് ഈയൊരു ബന്ധത്തെ മെനഞ്ഞെടുത്തിരിക്കുന്നത്.
ഉടഞ്ഞുതകർന്നു പോകാവുന്ന ജീവിതത്തിന്റെ കഷണങ്ങൾ അതിസൂക്ഷ്മമായി പെറുക്കിയെടുത്തു അത്യാകർഷകമായ ഒരു പവിത്രചഷകം സൃഷ്ടിക്കുന്നതുപോലെ.
പ്രായമേറുന്തോറും ശുഭയോടുള്ള സ്നേഹം കൂടിക്കൂടി വരുന്നു. അപരിമേയമായ ഒരു ആശ്രിതത്വമെന്നോ പാരതന്ത്ര്യമെന്നോ അതിനെ വിളിക്കാം. ഇന്ന് ഈ നിമിഷത്തിൽ ശുഭ കൂടാതെയുള്ള ഒരു ജീവിതം അസാധ്യമായിവരുന്നു.
നീന്തിനീന്തി വരുന്ന തീക്കടലിൽ നിന്ന് എന്നെ രക്ഷിക്കാൻ ശുഭക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല എന്ന ചിന്ത എന്നിൽ ഉത്ക്കടമാകുന്നു.
ഈ അവസ്ഥയെ എന്താണ് വിളിക്കുക?
പ്രേമം സുന്ദരമാണ്, അത് സ്വന്തം ഭാര്യയോടാകുമ്പോൾ അതിസുന്ദരമാകുന്നു. നിലത്തുവീണാൽ പൊട്ടിത്തകരുന്ന വിശിഷ്ടമായ ഒരു സ്ഫടികപാത്രത്തെപ്പോലെ അത്ര സൂക്ഷ്മതയോടെയാണ് ഞാൻ ശുഭയെ ചേർത്തുപിടിച്ചു കൊണ്ടുപോകുന്നത്.
2012 ൽ പ്രസിദ്ധീകരിച്ച, കെസിബിസി അവാർഡ് ലഭിച്ച “സ്ത്രീകളും ഹൃദ്രോഗവും” എന്ന എന്റെ ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത് ശുഭക്കാണ്. അതിന്റെ ആദ്യതാളിൽ ഞാൻ ഇങ്ങനെ എഴുതി : “മുപ്പത്തൊന്നു വർഷങ്ങൾക്കുമുൻപ് , പ്രേമവും അത്ഭുതവും നിറഞ്ഞ പുഞ്ചിരിയോടെ കയറിവന്ന് സ്നേഹം, സന്തോഷം, പ്രാർഥന, ഭക്തി എന്നീ വാക്കുകളുടെ അർഥം പറഞ്ഞുതന്ന്, അപക്വം ഉം അപൂർണ്ണവുമായ എന്റെ ജീവിതത്തെ സ്നേഹമധുരമായി മാറ്റിയ എന്റെ പ്രിയപ്പെട്ട ശുഭക്ക് “
അതെ ശുഭയോടോപ്പമുള്ള ഈ ജീവിതം ധന്യമാണ്.
ഡോ .ജോർജ് തയ്യിൽ