യുപിയിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീമാരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുയും ചെയ്ത സംഭവത്തിൽ പോലീസ് നടപടി വൈകുന്നു. സംഭവത്തെക്കുറിച്ച് യുപി സർക്കാരിന്റെ കീഴിലുള്ള പ്രത്യേക റെയിൽവേ പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഐജിക്ക് കൈമാറിയതായി പോലീസ് സൂപ്രണ്ട് സൗമിത്ര യാദവ് അറിയിച്ചു.
ഹോളിയുടെ അവധി കഴിഞ്ഞ് ഐജി ഇന്നലെ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടില്ലെന്നും അതിനാലാണു റിപ്പോർട്ടിന്റെ പരിശോധന വൈകുന്നതെന്നും എസ്പി പറഞ്ഞു.ഇതിനിടെ, സുപ്രീംകോടതിയിലെ വനിതാ അഭിഭാഷക അടക്കം രേഖാമൂലം പരാതി നൽകിയിട്ടും ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും നടപടികളെടുക്കാത്തതിനെതിരേയും പ്രതിഷേധം ശക്തമാണ്. സിസ്റ്റർ ജെസി കുര്യൻ നൽകിയ പരാതി കിട്ടിയതായും തുടർച്ചയായ അവധി പ്രശ്നമായെന്നുമാണു മനുഷ്യവാകാശ കമ്മീഷൻ പറയുന്നത്.
ഝാൻസിയിൽ കന്യാസ്ത്രീകൾക്കു നേരേഅതിക്രമം ഉണ്ടായിട്ടില്ലെന്ന കേന്ദ്ര റെയിൽമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന വലിയ പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണു സംഘപരിവാറുകാരായ അക്രമികളെ സംരക്ഷിക്കാൻ അണിയറ നീക്കം.