“മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം” എന്ന് അനുഗൃഹീത നടൻ മമ്മൂട്ടി. അതിസുന്ദരമായ ഒരു ക്രിസ്മസ്സ് സന്ദേശമാണത്. സത്രത്തിൽ ഇടമൊരുക്കാനുള്ള ശക്തമായ ആഹ്വാനം ആ വാക്കുകളിലുണ്ട്. ഏവരും ദൈവപിതാവിൻ്റെ മക്കളാണെന്നും അതിനാൽ, പരസ്പരം സാഹോദരരാണെന്നുമുള്ള ക്രിസ്തുസന്ദേശത്തിൻ്റെ ആധുനിക ഭാഷ്യമായി അതിനെ കരുതാവുന്നതാണ്. അന്യരോ വർഗശത്രുക്കളോ ജാതി-മതശത്രുക്കളോ ആയി ആരുമില്ല എന്ന പരസ്യപ്രഖ്യാപനം കൂടിയാണത്.

ജാതി-മത ഭേദമന്യേ ഏവരും ഒന്നെന്ന ചിന്തയിൽ സഹകരണ സംരംഭങ്ങളും ഭവനനിർമാണ ശ്രമങ്ങളും പരസഹായ പ്രവൃത്തികളും വൃദ്ധസദനങ്ങളും ചികിത്സാധന സമാഹരണ യജ്ഞങ്ങളുമൊക്കെ പെരുകുന്ന ഈ കാലഘട്ടത്തിൽ “സത്രത്തിൽ ഇടമുണ്ട്” എന്ന സുവിശേഷം ഏറെ പ്രചരിക്കുന്നുണ്ട്, സംശയമില്ല. എന്നാൽ, “സത്രത്തിൽ ഇടമില്ല” എന്ന ദുർവിശേഷമാണോ പ്രബലപ്പെടുന്നത് എന്നു സംശയിക്കാവുന്ന വാർത്തകളാണ് കൂടുതൽ പുറത്തുവരുന്നത്!

കേരളത്തിലെ വാളയാറിൽ ജോലി തേടി എത്തിയ രാം നാരായൺ എന്ന അതിഥി തൊഴിലാളിയെ പതിനഞ്ചോളം ‘ദേശീയവാദികൾ’ ചേർന്ന് കാലപുരിക്കയച്ചു… ബംഗ്ലാദേശിൽ ദീപു ചന്ദ്രദാസ് എന്ന കാഫിറിനെ ‘ജമാ അത്തെ ഇസ്ലാമികൾ’ പരലോകപ്രാപ്തനാക്കി… ബോൻഡി ബീച്ചിൽ ഇൻ്റിഫാദക്കാർ പതിനാറു പേരുടെ ഇഹലോകവാസമാണ് അവസാനിപ്പിച്ചത്… നൈജീരിയയിൽ ഭൂമുഖത്തു നിന്ന് ജിഹാദികളാൽ ഇല്ലാതാക്കപ്പെടുന്നവരുടെ കണക്ക് എണ്ണി തിട്ടപ്പെടുത്താനാവാത്ത വിധം ഉയരുന്നു… ഉക്രയിനിലെയും ഗാസയിലെയും കണക്കുകൾ ഇപ്പോൾ ആരും എടുക്കാതായി… സഹവർത്തിത്വത്തിൻ്റെയും സഹകരണത്തിൻ്റെയും കൈപ്പത്തികൾ അറ്റുപോകാൻ ഇടയാക്കുന്ന ‘പടക്കങ്ങൾ’ പോലും ഇവിടെ പെരുകുന്നു…

വടക്കേ ഇന്ത്യയിൽ അന്ധർക്കു പോലും മതാന്ധരിൽ നിന്ന് രക്ഷപ്പെടാനാകാതെ വന്നിരിക്കുന്നു… ഒറീസയിൽ ക്രിസ്മസ്സ് അനുബന്ധ വസ്തുക്കൾ വിൽക്കുന്ന തെരുവുകച്ചവടക്കാർക്കും രക്ഷയില്ലെന്നായിട്ടുണ്ട്! സ്നേഹക്കൂട്ടിലെ വൃദ്ധർക്ക് ഹിൽപാലസിൽ ഇടമില്ലത്രേ! പാലക്കാട് ചിലർക്ക് ക്രിസ്മസ്സ് കരോൾ പോലും അരോചകമാണെന്നും തലസ്ഥാനത്ത് ക്രിസ്മസ്സ് ആഘോഷങ്ങൾക്ക് ചിലയിടങ്ങളിൽ വിലക്കുണ്ടെന്നും കേൾക്കുന്നു…

തൊഴിലുറപ്പിൻ്റെ പേരിൽ ഗാന്ധിക്കു പോലും ഇടമില്ലാതാകുന്ന ഒരു രാഷ്ട്രീയ-സാമൂഹിക പരിസരത്ത് “സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല” എന്ന തിരുവചനത്തിൻ്റെ അർത്ഥതലങ്ങൾ എത്രയോ വിശാലമാണ്…! വികലമായ ദൈവ-മത-ദേശീയതാ-രാഷ്ട്രീയ സങ്കല്പങ്ങൾ മനസ്സുകളെ സങ്കുചിതമാക്കുമ്പോൾ അത്തരം മനുഷ്യരുടെ ഹൃദയങ്ങളിൽ അപരർക്ക് ഇടമില്ലാതാകുന്നത് സ്വാഭാവികം!

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്