കത്തോലിക്കാ സഭ
കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്.
24 സഭകൾ ഇവയാണ് :
ഓറിയന്റൽ കത്തോലിക്കാ സഭകൾ (23)
അലക്സാണ്ട്രിയൻ പാരമ്പര്യം:
1. കോപ്റ്റിക് കത്തോലിക്കാ സഭ
2. എറിട്രിയൻ കത്തോലിക്കാ സഭ
3. എത്യോപ്യൻ കത്തോലിക്കാ സഭ
അന്ത്യോക്യൻ പാരമ്പര്യം:
1. മരോണൈറ്റ് സഭ
2. സിറിയക് കത്തോലിക്കാ സഭ
3. സിറോ-മലങ്കര കത്തോലിക്കാ സഭ
അർമേനിയൻ പാരമ്പര്യം:
1. അർമേനിയൻ കത്തോലിക്കാ സഭ
ബൈസന്റൈൻ പാരമ്പര്യം:
1. അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ
2. ബെലാറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
3. ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
4. ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ
5. ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
6. ഇറ്റാലോ-അൽബേനിയൻ കത്തോലിക്കാ സഭ
7. മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
8. മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ
9. റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
10. റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
11. റുഥേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
12. സ്ലോവാക് ഗ്രീക്ക് കത്തോലിക്കാ സഭ
13. ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
കാൽഡിയൻ പാരമ്പര്യം:
1. കാൽഡിയൻ കത്തോലിക്കാ സഭ
2. സീറോ-മലബാർ കത്തോലിക്കാ സഭ
പാശ്ചാത്യ കത്തോലിക്കാ സഭ
ലാറ്റിൻ പാരമ്പര്യം:
1. ലാറ്റിൻ സഭ (റോമൻ കത്തോലിക്കാ സഭ എന്നും അറിയപ്പെടുന്നു)
ഈ സഭകൾ മാർപ്പാപ്പയുടെ പരമാധികാരത്തെ അംഗീകരിക്കുകയും, പരിശുദ്ധ സിംഹാസനവുമായി പൂർണ്ണമായ കൂട്ടായ്മയിൽ ക്രിസ്തീയ വിശ്വാസം ജീവിക്കുകയും ചെയ്യുന്നു.
വിശ്വാസത്തിന്റെ ആഘോഷമായ ലിറ്റർജി അഥവാ ആരാധനാ ക്രമത്തിൽ അധിഷ്ഠിതമായ ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളാണ് മേല്പറഞ്ഞ ഒരോ സഭകൾക്കും വ്യതിരിക്തമായ വ്യക്തിത്വവും തനിമയും നൽകുന്നത്.
ഒരോ വ്യക്തി സഭയും അവയുടെ വ്യക്തിത്വത്തിന്റെ തനിമയിൽ അഭിമാനിക്കുന്നതോടൊപ്പം, ഭരണപരമായി മാർപ്പാപ്പയെന്ന ഒരു പരമാധികാര ഇടയനു കീഴിൽ കൂട്ടായ്മയിലുമാണ്.
മാർപാപ്പയുടെ പരമാധികാരവും മെത്രാൻമാരുടെ കൂട്ടുത്തരവാദിത്വവും വൈദികരുടെ ശുശ്രൂഷാ പൗരോഹിത്യവും സമർപ്പിതരുടെ സാക്ഷ്യ ജീവിതവും, സുവിശേഷ പ്രാഘോഷണമെന്ന ദൈവ ജനത്തിന്റെ പരമമായ ദൗത്യത്തിലുള്ള കൂട്ടുത്തരവാദിത്വവും
വിശ്വാസ സമൂഹത്തെ ആകെ യേശു ക്രിസ്തുവിൽ പരിശുദ്ധാത്മാവിലുള്ള ഐക്യത്തിൽ ഒരു സമൂഹമാക്കുന്നു.
ഈ കൂട്ടായ്മയിൽ മാത്രമാണ് കത്തോലിക്കാ സഭയിൽ വൈദികരുടെ ശുശ്രൂഷാ പൗരോഹിത്യം ദൈവ ജനത്തിന്റെ രാജകീയ പൗരോഹിത്യത്തിന് ശുശ്രൂഷ ചെയ്യുന്നതും സഭയുടെ കൂട്ടായ്മയിലും കൂട്ടുത്തരവാദിത്വത്തിലും പങ്കുകാരാകുന്നതും.
ഇതിനു വെളിയിൽ, സ്വന്ത നിലപാടുകളുമായി സഭയിൽ പുരോഹിത ശുശ്രൂഷ ചെയ്യാൻ സഭയുടെ നിയമവും പാരമ്പര്യവും ആരെയും അനുവദിക്കുന്നില്ല.
ഫാ. വർഗീസ് വള്ളിക്കാട്ട്