സിയോള്‍: സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുവാനുള്ള പരോക്ഷ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലെ സിയോളിൽ 1.1 ദശലക്ഷം ക്രൈസ്തവര്‍ ഒരുമിച്ച് കൂടി. സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നതിലേക്ക് നയിക്കുന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ക്വാങ് സിയോങ് ചർച്ചും സാരംഗ് ചർച്ചും ചേർന്ന് ഒക്ടോബർ 27ന് നടത്തിയ പരേഡിലാണ് ലക്ഷങ്ങള്‍ അണിനിരന്നത്. വിവാഹിതയായ ഇണയ്ക്കു ലഭിക്കുന്ന അതേ സഹായം ദേശീയ ആരോഗ്യ സേവന സംഭാവനകൾ സ്വവർഗ പങ്കാളിയ്ക്കു ലഭ്യമാക്കുന്ന വിധിയ്ക്കെതിരെയാണ് ക്രൈസ്തവര്‍ ഒരുമിച്ച് രംഗത്തിറങ്ങിയത്.
ദക്ഷിണ കൊറിയയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കാത്തതിനാൽ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ‘10.27 ഹാപ്പി ഫാമിലീസ്, ഹോളി നേഷൻ’ സംഘാടക സമിതിയുടെ വക്താവ് കിം ജിയോങ്-ഹീ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇത് സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന നയത്തിന്റെ ആരംഭമാണെന്ന് കരുതുന്നു. ഇത് കേവലം ക്രൈസ്തവരുടെ ഒരു പ്രശ്നമായിട്ടല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന ഒരു വലിയ പ്രതിസന്ധിയായാണ് കാണുന്നതെന്ന് കിം ജിയോങ് വ്യക്തമാക്കി.
ദക്ഷിണ കൊറിയൻ ക്രൈസ്തവരില്‍ നിന്ന് പാശ്ചാത്യ സഭയ്ക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് താൻ കരുതുന്നതായി പരിപാടിയില്‍ മുഖ്യ പ്രഭാഷകയായ ക്രിസ്ത്യൻ കൺസേൺ യുകെയുടെ സിഇഒ ആൻഡ്രിയ വില്യംസ് പറഞ്ഞു. പ്രതിഷേധ പരിപാടിയ്യ്ക്ക് പിന്നാലേ ക്രൈസ്തവര്‍ പ്രാര്‍ത്ഥനയും നടത്തിയിരിന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 28 ശതമാനമാണ് ക്രൈസ്തവ വിശ്വാസികള്‍. മൊത്തം ജനസംഖ്യയുടെ 11% കത്തോലിക്കാ വിശ്വാസികളാണ്.