കത്തോലിക്കാ സഭയുടെ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയെ പരിഹസിക്കുന്നവര്‍ അനേകമാണ്. മാതാവിനെ വണങ്ങുന്ന കത്തോലിക്കാ പാരമ്പര്യം വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റാണെന്ന് പെന്തക്കോസ്തു വിഭാഗങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ വി. ഗ്രന്ഥവും, ദൈവശാസ്ത്രവും കന്യകാമറിയത്തെ ബഹുമാനിക്കുന്നത് ശരിയാണെന്ന് വെളിപ്പെടുത്തുന്നു.


വി. മത്തായി അറിയിക്കുന്ന സുവിശേഷത്തില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു ”അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു ( മത്തായി 2:11). ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കണ്ട് ശിശുവിനെ ആരാധിച്ചു എന്ന വചന ഭാഗമാണ് കത്തോലിക്കാ സഭയുടെ മരിയന്‍ ഭക്തിയുടെ അടിത്തറ. വി. ജോസഫിനോട് സ്വപ്നത്തില്‍ ദൈവദൂതന്‍ വെളിപ്പെടുത്തുന്ന വചന ഭാഗം ശ്രദ്ധിക്കാം. ”എഴുന്നേറ്റ് അമ്മയേയും ശിശുവിനേയും കൂട്ടി ഈജിപ്തിലേക്ക് പാലായനം ചെയ്യുക” ( മത്തായി 2:13). അവന്‍ ഉണര്‍ന്ന് ശിശുവിനേയും അമ്മയേയും കൂട്ടി ഈജിപ്തിലേക്ക് പലായനം ചെയ്തു” (മത്താ. 2:15) വീണ്ടും ദൂതന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു. ”എഴുന്നേറ്റ് ശിശുവിനേയും അമ്മയേയും കൂട്ടി” (മത്തായി 2:21). വി. ലൂക്കായും യേശുവിനെ അവന്റെ മാതാപിതാക്കളോടൊപ്പം കാണുന്നതിനെ വിശദീകരിക്കുന്നു. ”അവര്‍ അതിവേഗം പോയി മറിയത്തേയും ജോസഫിനേയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനേയും കണ്ടു. (ലൂക്ക 2:16).
അതുകൊണ്ട് ”ശിശുവിനെ മറിയത്തോടൊപ്പം കണ്ട് ആരാധിച്ചു” ശിശുവിനെ മാതാപിതാക്കളോടൊ പ്പം കണ്ടു” എന്നീ പ്രസ്താവനകള്‍ യേശുവിനെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തി കാണരുതെന്ന് വി. ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു.


അമ്മയോടൊപ്പം ശിശുവിനെ ആരാധിക്കുന്ന പ്രക്രിയയാണ് ജപമാല. ഇക്കാര്യം മനസ്സിലാകാന്‍ ജപമാലയിലെ പ്രധാനഭാഗം വ്യത്യസ്ഥ വചനഭാഗങ്ങളെ ധ്യാനിക്കുന്നതാണെന്ന് നാം അംഗീകരിക്കണം. ജപമാലയില്‍ ധ്യാനിക്കുന്ന വചനഭാഗങ്ങള്‍ രക്ഷാകര രഹസ്യവുമായി (Salvation Mystery) ബന്ധപ്പെട്ടതാണ്. എന്താണ് രക്ഷാകര ചരിത്രം (Salvation History).


ദൈവം മനുഷ്യനെ മൃഗത്തേക്കാള്‍ മേന്മ യുള്ളവനായിട്ടാണ് സൃഷ്ടിക്കുന്നത്. ഈ മേന്മ അവന് പ്രയോഗിക്കാന്‍ കഴിയുന്നത് പരിശുദ്ധാത്മാവിന്റെ സഹവാസം കൊണ്ടാണ്. പരിശുദ്ധാത്മാവ് നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ മാനവിക ഗുണങ്ങള്‍ നഷ്ടപ്പെടുകയും, അവന്‍ മൃഗത്തേക്കാള്‍ മോശമാകുകയും ചെയ്യും. മൃഗത്തേക്കാള്‍ മേന്മ യായി മനുഷ്യനില്‍ കാണുന്ന സ്വഭാവങ്ങളാണ് ദൈവീക ജീവന്‍. സ്വാതന്ത്ര്യം, സമ്പൂര്‍ണ്ണ സ്‌നേഹം, യുക്തി, സൃഷ്ടികര്‍മ്മം (തൊഴില്‍, കുടുംബം) നടത്താനുള്ള കഴിവ് മുതലായവയെല്ലാം ദൈവീക സ്വഭാവങ്ങളാണ്. ദൈവം മനുഷ്യനെ ദൈവീക ജീവനില്‍ പങ്കാളിയാക്കി എന്ന് സഭ പഠിപ്പിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് മനുഷ്യന്റെ ആത്മാവില്‍ വസിക്കുമ്പോഴആണ് ദൈവീക ജീവന്‍ നമ്മില്‍ പൂര്‍ണ്ണമായും പ്രകാശിതമാകുക. എന്നാല്‍ പരിശുദ്ധാത്മാവിന്റെ നഷ്ടം മനുഷ്യനിലെ ദൈവീക സ്വഭാവത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള ശക്തി ഇല്ലാതാക്കുന്നു.


മനുഷ്യന്‍ ആദിപാപം ചെയ്തതു വഴിയായി, അവനിലെ പരിശുദ്ധാത്മാവിന്റെ സഹവാസം നഷ്ടപ്പെടുത്തി. ഇതുമൂലം തൊഴില്‍ ചെയ്യുക എന്നത് സന്തോഷപ്രദമല്ലാതായി (ഉല്പത്തി 3:17) കുടുംബജീവിതവും പ്രസവവും വേദനാജനകമായി (ഉല്പത്തി 3:16). പ്രകൃതി ദുരന്തങ്ങള്‍ ആരംഭിച്ചു. പ്രകൃതി കല്ലും മുള്ളും ഉദ്പാദിപ്പിച്ചു തുടങ്ങി (ഉല്പത്തി 3:18). ഇതിന്റെയെല്ലാം ഉത്തരവാദി മനുഷ്യന്റെ പാപമാണെന്ന് (ഉല്പത്തി 3:17) വി. ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു.

ROME, ITALY – MAY 04: Pope Francis attends the recitation of the Rosary at Basilica di Santa Maria Maggiore on May 4, 2013 in Rome, Italy. This is Pope FrancisÕ second visit to the Basilica of Saint Mary Major, the first being the day after his election to the papacy. (Photo by Franco Origlia/Getty Images)


മനുഷ്യന്റെ പാപം ഇല്ലാതാക്കി, അവന് പരിശുദ്ധാത്മാവിനെ നല്‍കി, പാപം ചെയ്യുന്നതിനു മുന്‍പുള്ള അവസ്ഥയിലേക്ക് പുനര്‍ ക്രമീകരിക്കുക എന്നതാണ് രക്ഷാകര ദൗത്യം. രക്ഷാകര ദൗത്യം പൂര്‍ണ്ണമാക്കാന്‍ ദൈവം നടപ്പിലാക്കുന്ന ചരിത്ര സംഭവങ്ങളാണ് രക്ഷാകര ചരിത്രം. രക്ഷാകര ചരിത്രത്തിന്റെ പ്രത്യേക ഘട്ടത്തില്‍ ദൈവത്തിലെ രണ്ടാമത്തെ വ്യക്തിയായ യേശു മനുഷ്യനായി അവതരിച്ച്, പീഢകള്‍ സഹിച്ച് കുരിശില്‍ മരിച്ച് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് മനുഷ്യന്റെ പാപം മോചിപ്പിച്ച് പരിശുദ്ധാത്മാവിനെ നല്‍കുന്നു. ഇതിലൂടെ രക്ഷാകര ചരിത്രം പൂര്‍ണ്ണമാകുന്നു. യേശുവിന്റെ, പീഢാനുഭവം, മരണം, ഉത്ഥാനം, പരിശുദ്ധാത്മാവിനെ നല്‍കല്‍ എന്നിവയാണ് രക്ഷാകരചരിത്രത്തിന്റെ കേന്ദ്രബിന്ദു. രക്ഷാകരചരിത്രത്തിന്റെ സം ഗ്രഹം ഓര്‍മ്മിച്ച് ഏറ്റുപറഞ്ഞ്, ത്രിയേകദൈവത്തിന് നന്ദിപറയുന്നതാണ് വി. കുര്‍ബ്ബാന. വി. കുര്‍ബ്ബാനയില്‍ ഒരുവന്‍ പങ്കുചേരുമ്പോള്‍ അവന് യേശുവിനെയും, പരിശുദ്ധാത്മാവിനെയും ലഭിക്കുന്നു. സീറോ മലബാര്‍ സഭയിലെ വി. കുര്‍ബ്ബാന സ്വീകരണത്തിന് മുന്‍പുള്ള കാറോസൂസ പ്രാര്‍ത്ഥനയില്‍ ശുശ്രൂഷി ഇപ്രകാരം പറയുന്നു. ”വി. കുര്‍ബ്ബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാല്‍ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.”


രക്ഷാകരചരിത്രത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ ഒരു മണിക്കൂര്‍ നേരം മാത്രമാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുക മാത്രം ചെയ്തുകൊണ്ട് വി. കുര്‍ബ്ബാനയുടെ പൂര്‍ണ്ണ അര്‍ത്ഥം മനസ്സിലാകുകയില്ല. പൂര്‍ണ്ണ അര്‍ത്ഥം മനസ്സിലാകാത്തതിനാല്‍ നാം രക്ഷാകര ചരിത്രത്തെ രക്ഷാകര രഹസ്യം (Salvation Mystery) എന്ന് വിളിക്കുന്നു.

നാം വിശുദ്ധ കുര്‍ബ്ബാനയെ കുറിച്ച് നിരന്തരം ധ്യാനിക്കുകയും, യോഗ്യതയോടെ വി. കുര്‍ബ്ബാന സ്വീകരിക്കുകയും, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ സുവിശേഷം ജീവിക്കുകയും, സുവിശേഷം പങ്കുവെയ്ക്കുകയും ചെയ്യുമ്പോള്‍ രക്ഷാകര രഹസ്യം ക്രമേണ ഓരോ വ്യക്തിയുടേയും അറിവായി വളരുന്നു. ഇന്ന് നാം വിശ്വാസത്താല്‍ ആരാധിക്കുന്നത് അന്തിമദിനത്തില്‍ യേശുവിനെ മുഖാമുഖം കാണുന്നതോടെ രഹസ്യം പൂര്‍ണ്ണമായും നമുക്ക് മനസ്സിലാക്കാം.

View from back of a religious sister holding rosary and praying at altar in church chapel.


ജപമാലയില്‍ നാം രക്ഷാരഹസ്യത്തെ മറിയത്തോടൊപ്പം കണ്ട് ആരാധിക്കുന്നു. തിങ്കളാഴ്ച ദിവസം യേശുവിന്റെ ജനനവും ബാല്യവും ധ്യാനിക്കുന്നു. ചൊവ്വാഴ്ച ദിവസം യേശുവിന്റെ പീഢാനുഭവവും കുരിശുമരണവും മറിയത്തോടൊപ്പം കണ്ട് ആരാധിക്കുന്നു. ബുധനാഴ്ച ദിവസം യേശുവിന്റെ ഉത്ഥാനവും, പരിശുദ്ധാത്മാവിനെ നല്‍കലും മറിയത്തോടൊപ്പം ധ്യാനിക്കുന്നു. വ്യാഴാഴ്ച ദിവസം യേശുവിന്റെ മാമോദീസായും, പരസ്യജീവിതവും, മലയിലെ പ്രസംഗവും, രൂപാന്തരീകരണവും, പെസഹാ ആചരണവും ധ്യാനിക്കുന്നു. 20 രഹസ്യനാളില്‍ 18 രഹസ്യവും വി. ഗ്രന്ഥത്തിലെ വചന ഭാഗങ്ങളുടെ ധ്യാനമാണ്. മാത്രമല്ല ഇവയെല്ലാം രക്ഷാചരിത്രം ക്രമാനുഗതമായി ചരിത്രത്തില്‍ സംഭവിച്ചതിന്റെ ഓര്‍മ്മകളാണ്.

മറിയം ഇക്കാര്യങ്ങള്‍ക്കെല്ലാം സാക്ഷിയാണ്. അതിനാല്‍ ജപമാല ചൊല്ലുന്നവന്‍ രക്ഷാചരിത്രത്തെ ധ്യാനിക്കുക മാത്രമല്ല, വി. കുര്‍ബ്ബാനയിലെ വിവിധ ഘട്ടങ്ങളെ ഓര്‍മ്മിച്ച് നന്ദി പറയുക കൂടിയാണ്. മറ്റൊരു വിധത്തില്‍ ജപമാല ചൊല്ലുന്നവര്‍ വി. കുര്‍ബ്ബാനയുടെ ഉള്ളടക്കത്തെ മറിയത്തോടൊപ്പം ധ്യാനിക്കുകയാണ്.

ഡോ. കെ. എം. ഫ്രാന്‍സിസ്

(Pope Francis)

നിങ്ങൾ വിട്ടുപോയത്