മനുഷ്യജീവന്റെ മൂല്യം
ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു (ഉല്പത്തി 1, 27). ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് മനുഷ്യജീവനു വിലനൽകുന്നത്. അതുകൊണ്ടുതന്നെയാണ് സഭ മനുഷ്യജീവനെ അതിന്റെ ആരംഭം മുതൽതന്നെ വിലമതിക്കുന്നതും ബഹുമാനിക്കുന്നതും. എന്നാൽ, മനുഷ്യസമൂഹത്തിന്റെ നിലനില്പിനുതന്നെ അത്യന്താപേക്ഷിതമായ ഈ മൂല്യം ഇന്നു നാം ജീവിക്കുന്ന സമൂഹത്തിൽ നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.
അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞുങ്ങളെ വധിക്കാനുള്ള അവകാശം സ്ത്രീസ്വാതന്ത്ര്യമാണ് എന്ന ചിന്ത സമൂഹത്തിന്റെ പുരോഗതിയായി പലരും കണക്കാക്കുന്നു.
1971ൽ ഇന്ത്യയിൽ നിലവിൽ വന്ന ഗർഭഛിദ്രത്തെ സംബന്ധിക്കുന്ന എംടിപി ആക്ട് 2021ൽ കൂടുതൽ ഉദാരമാക്കപ്പെട്ടു. ഗർഭാവസ്ഥയിൽ ആറുമാസമായ കുഞ്ഞിനെപ്പോലും അമ്മയുടെ ഉദരത്തിൽവച്ച് വധിക്കാൻ ഇന്ന് ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്. അതായത്, 2021 മുതൽ ഇന്ത്യയിൽ, ഗർഭാവസ്ഥയിൽ ആറുമാസത്തിനു ശേഷമേ ജീവിക്കാനുള്ള മൗലികാവകാശം ഒരുവനു നൽകുന്നുള്ളൂ.
താൻ പ്രസവിച്ച കുഞ്ഞിനെ കൊന്ന് കവറിലാക്കി ഫ്ലാറ്റിനു പുറത്തേക്കെറിഞ്ഞ അമ്മയുടെ വാർത്ത നമ്മെ ഞെട്ടിക്കുന്പോഴും, അമ്മയുടെ ഉദരത്തിൽവച്ച് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾക്കു നേരേ സമൂഹം കണ്ണടയ്ക്കുന്നതു മനുഷ്യജീവന്റെ മൂല്യത്തെക്കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതുകൊണ്ടാണ്.
പിറന്നുവീണയുടനെ കുഞ്ഞിനെ നശിപ്പിക്കുന്നതു കൊലപാതകവും ആറാം മാസം വരെ അങ്ങനെ ചെയ്യുന്നത് ഗർഭഛിദ്രവും ആകുന്നു എന്ന വൈരുധ്യം സമൂഹം തിരിച്ചറിയുന്നില്ല. അമ്മയുടെ ഉദരത്തിൽ അക്ഷരാർഥത്തിൽ കശാപ്പുചെയ്യപ്പെടുന്ന കുഞ്ഞുങ്ങൾ സംഘടിതരല്ല. അവർക്ക് ഉച്ചത്തിൽ നിലവിളിക്കാൻപോലും ആകുന്നില്ല. ഈ ശബ്ദമില്ലാത്തവരുടെ ശബ്ദമാകുവാൻ നമുക്കു ബാധ്യതയുണ്ട്.
നിഷ്കളങ്ക രക്തം ചൊരിയുന്ന കേരളം
ആരോഗ്യരംഗത്ത് ഒന്നാംസ്ഥാനത്തു നിൽക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്നു നിഷ്കളങ്ക രക്തം ചൊരിയുന്ന നാടായി മാറിയിരിക്കുന്നു. ഉദരത്തിൽ ഉരുവാക്കപ്പെട്ട കുരുന്നുജീവനുകളെ നിഷ്കരുണം കൊലചെയ്യുവാൻ സ്വന്തം അമ്മയ്ക്കുപോലും മടിയില്ല.
വന്യജീവികൾക്കും വളർത്തുമൃഗങ്ങൾക്കും മനുഷ്യജീവനേക്കാൾ വിലയുള്ളതായി കണക്കാക്കപ്പെടുന്ന സംസ്കാരം രൂപപ്പെടുന്നു. തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ മൂലം മനുഷ്യർ കൊല്ലപ്പെടുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിൽ നിലവിലുള്ളത്. ഇന്ത്യൻ ഭരണഘടന പൗരനു മൗലികാവകാശമായി നൽകിയിട്ടുള്ള സ്വത്തിനും ജീവനുമുള്ള സംരക്ഷണം തുടർച്ചയായി ലംഘിക്കപ്പെടുന്ന വാർത്തകളാണ് ചുറ്റും.
മനുഷ്യനു സംരക്ഷണം നൽകേണ്ടവർ മൃഗങ്ങളുടെ പക്ഷത്തു ചേർന്നുനിൽക്കുന്നു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണംനൽകാൻ ബാധ്യതയുള്ള സർക്കാർ സംവിധാനങ്ങൾക്ക് അതിനു സാധിക്കാതെവരുന്പോൾ, ജീവൻ മുറുകെപ്പിടിച്ച് പ്രാണരക്ഷാർഥം, ജീവിക്കുന്ന മണ്ണ് ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയിലാണ് മലയോരജനത.
മനുഷ്യജീവനേക്കാൾ മൃഗങ്ങളുടെ ജീവനു വില കൽപ്പിക്കുന്നവർതന്നെ മറുവശത്തു ഭ്രൂണഹത്യയിലൂടെ മനുഷ്യജീവൻ ഇല്ലാതാക്കാൻ നിയമനിർമാണം നടത്തുന്നു.
ഭാരതത്തിൽ 2015-19 കാലഘട്ടത്തിൽ 1,66,00,000 ഭ്രൂണഹത്യകൾ നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതായത്, വർഷംതോറും 33,20,000 കുഞ്ഞുങ്ങൾ വധിക്കപ്പെട്ടു (India/Guttmacher Institute). ലോകത്താകമാനം വർഷംതോറും ഏതാണ്ട് ഏഴുകോടി 30 ലക്ഷം ഗർഭസ്ഥശിശുക്കൾ ഗർഭഛിദ്രത്തിലൂടെ വധിക്കപ്പെടുന്നു.
ഇന്നു ജനനശേഷം വധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ വാർത്തകൾ നാം കേൾക്കുന്നു. ഭാരതത്തിൽ പല ഇടങ്ങളിലും ഉള്ള പെണ്ശിശുഹത്യപോലെയുള്ള അതിക്രമങ്ങൾ ഇന്നു കേരളത്തിലും നടക്കുന്നു. ഗർഭഛിദ്രം എന്ന ഓമനപ്പേരിൽ ഭ്രൂണഹത്യയിലൂടെ കോടിക്കണക്കിനു മനുഷ്യജീവനുകളാണ് കൊലചെയ്യപ്പെട്ടത്.
ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം
ഈ സാഹചര്യത്തിൽ ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്ന ആശയം മുൻനിർത്തി, 1971ലെ എംടിപി ആക്ട് ഭ്രൂണഹത്യാനിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിൽ സംഘടിപ്പിക്കപ്പെടുന്ന മൂന്നാമത്തെ ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് എന്ന ദേശീയ ജീവസംരക്ഷണറാലിയാണ് നാളെ തൃശൂർ സെന്റ് തോമസ് കോളജിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നത്.
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽനിന്നും രൂപതകളിൽനിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പരിപാടി വൻവിജയമാകട്ടെ എന്ന് ആശംസിക്കുന്നു. ദൈവം ദാനമായി തന്ന മനുഷ്യജീവൻ ഇല്ലാതാക്കാൻ മനുഷ്യന് അവകാശവും അധികാരവുമില്ല എന്ന അവബോധം സമൂഹത്തിൽ സൃഷ്ടിക്കാനും മനുഷ്യജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കാനും നമുക്കു കൈകോർക്കാം.
മാർ ആൻഡ്രൂസ് താഴത്ത്
(പ്രസിഡന്റ്, ഭാരത കത്തോലിക്ക മെത്രാൻ സമിതി)