അന്നു രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നു. അതറിഞ്ഞ് ഉണർന്നുപ്രവർത്തിച്ച വടകര, കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർ മരണത്തിന്റെ പടിവാതിൽക്കൽനിന്ന് തിരികെപ്പിടിച്ചത് മൂന്നുജീവനുകൾ.
വടകര പോലീസ് സ്റ്റേഷനിൽ ജി.ഡി. ചാർജിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഗണേശൻ, കൊയിലാണ്ടി സ്റ്റേഷനിലെ നൈറ്റ് ഓഫീസർ എ.എസ്.ഐ. രമേശൻ എന്നിവരുടെ സമയോചിതമായ ഇടപെടലാണ് ഒരച്ഛനെയും പറക്കമുറ്റാത്ത രണ്ടുമക്കളെയും മരണത്തിൽനിന്ന് രക്ഷിച്ചത്. കൃത്യസമയത്ത് വിവരം അറിയിച്ച വടകരയിലെ വീട്ടമ്മ ഷൈലജയും.
ഭാര്യ ഉപേക്ഷിച്ചുപോയ കൊയിലാണ്ടി സ്വദേശിയായ യുവാവ് മൂന്നും രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളെ പരിചയമുള്ള രണ്ടുവീടുകളിലായി വളർത്താൻ ഏൽപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 30ന് വൈകീട്ട് വടകരയിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് കൂട്ടിക്കൊണ്ടുപോയി. രാത്രിയായിട്ടും കുട്ടിയെ തിരിച്ചെത്തിക്കാതായതോടെ വടകരയി കണ്ണങ്കുഴിയിലെ വളർത്തമ്മയായ ഷൈലജ കുട്ടികളുടെ പിതാവിനെ ഫോണിൽ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ്. രണ്ടാമത്തെ കുട്ടിയെ വളർത്തിയിരുന്ന കൊയിലാണ്ടിയിലെ വീട്ടിൽ വിളിച്ചപ്പോൾ ആ കുട്ടിയെയും പിതാവ് കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചു.
സംശയം തോന്നിയ ഷൈലജ രാത്രി 11.30ഓടെ വടകര പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. ഇവർ കൃത്യസമയത്ത് നൽകിയ വിവരമാണ് നിർണ്ണായകമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ഗണേശൻ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വിവരം സൈബർസെല്ലിന് കൈമാറി. കൊയിലാണ്ടിയിലെ പിതാവിന്റെ വീട്ടിൽ കുട്ടികളുണ്ടോ എന്നുനോക്കാൻ സമീപത്തെ വീട്ടുകാരെ വിളിച്ച് ആവശ്യപ്പെട്ടു. ആരെയും കാണാനില്ലായിരുന്നു. ഇതിനിടെ കുട്ടികളുടെ അച്ഛന്റെ ഫോൺ ലൊക്കേഷൻ കൊയിലാണ്ടിയിലാണെന്ന് വിവരം കിട്ടി.
അപ്പോഴേയ്ക്കും ഗണേശൻ വിവരം കൊയിലാണ്ടി സ്റ്റേഷനിലെ നൈറ്റ് ഓഫീസർ രമേശനെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങുകയും ചെയ്തു.
വീട്ടിൽത്തന്നെയാണ് ലൊക്കേഷനെന്ന് മനസ്സിലായതോടെ സമീപത്തെ വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ പോലീസ് ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് രണ്ടു കുട്ടികൾക്ക് വിഷം നൽകിയതായി മനസ്സിലായത്. ഇവരുടെ മരണം ഉറപ്പാക്കിയശേഷം മരിക്കാനായിരുന്നു പിതാവിന്റെ തീരുമാനം. വിഷം ഉള്ളിൽ ചെന്ന കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങിയതോടെ പിതാവിന്റെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. പോലീസും നാട്ടുകാരും കൃത്യസമയത്ത് സ്ഥലത്തെത്തി കണ്ടെത്തിയതിനാൽ മൂന്നുപേരും രക്ഷപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന കുട്ടികൾ അപകടനില തരണംചെയ്തു.
10.30-ന് സ്റ്റേഷനിൽ . പരാതികിട്ടി ഏതാണ്ട് അരമണിക്കൂറിനുള്ളിൽത്തന്നെ പൊലീസിന് പിതാവിന്റെയും കുട്ടികളുടെയും ലൊക്കേഷൻ മനസ്സിലാക്കാൻ കഴിഞ്ഞു. അരമണിക്കൂർ കൂടെ വൈകിയിരുന്നെങ്കിൽ ആരെയും രക്ഷിക്കാനാകില്ലായിരുന്നു.
Kerala Police