പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള മുന്നേറ്റങ്ങളിൽ അണിനിരന്നു മാത്രമേ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂ.
പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ. കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. എല്ലാവർക്കും നവവത്സരാശംസകൾ.