കൊരട്ടി: ആഗോളവത്കരണത്തിന്റെ കാലത്ത് കൊരട്ടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പാഥേയം പദ്ധതി സമൂഹത്തിൽ മനുഷ്യത്വം മരിച്ചിട്ടില്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ.
അറുപതിന്റെ നിറവിൽ വിശക്കുന്നവർക്ക് അന്നമൂട്ടാൻ പൊതിച്ചോറുകളുമായി പാഥേയം കേന്ദ്രത്തിലെത്തിയതായിരുന്നു അദ്ദേഹം.ദൈവത്തോടുള്ള ആഴമേറിയ വിശ്വാസത്തിന്റെ പ്രതിഫലനമാണു സഹോദര സ്നേഹത്തിലധിഷ്ഠിതമായ ഇത്തരം സത്കർമത്തിലൂടെ വെളിവാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ബിഷപിനു സിഐ ബി.കെ. അരുണ്‍ പൊന്നാട അണിയിച്ചു മധുരം നൽകി സ്വീകരിച്ചു. പാഥേയം കോ-ഒാർഡിനേറ്റർമാരായ കെ.സി. ഷൈജു, സുന്ദരൻ പനങ്കൂട്ടത്തിൽ എന്നിവർ മൊമന്റോ നൽകി ആദരിച്ചു. കൊരട്ടി പള്ളി വികാരി ഫാ. ജോസ് ഇടശേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവീസ്, പാഥേയം കോ-ഒാർഡിനേറ്റർമാരായ കെ.എൻ. വേണു, ഇ.എ. സത്യദാസ്, ജയേഷ് കേളംപറന്പിൽ, സ്റ്റെല്ല വർഗീസ് എന്നിവർ പ്രസംഗിച്ചു.